മമ്മൂട്ടി : മലയാളത്തിന്റെ അഭിമാനത്തിന് പിറന്നാൾ ആശംസകൾ
ആർത്തുവിളിക്കാനും ആരാധിക്കാനും ഹൃദയത്തോട് ചേർത്തുവെക്കാനും ഈ പേരില്ലാതെ മലയാള സിനിമക്കു മലയാളിക്ക് പൂർണതയാകില്ല.
സ്വപ്നതുല്യമായ അഭിനയ ജീവിതത്തിൽ മലയാള സിനിമയിലെ താരസൂര്യനായി മാറിയ മലയാളികളുടെ സ്വകാര്യ അഹങ്കാരം .
അഞ്ച് പതിറ്റാണ്ടുകാലമായി മലയാളി ജീവിതത്തിന്റെ പരിച്ഛേദം പോലൊരാൾ..!
കാലദേശ വ്യത്യാസങ്ങളില്ലാതെ ശരാശരി മലയാളി ജീവിച്ച ജീവിതങ്ങളെല്ലാം കഥാപാത്രങ്ങളായി ഇക്കാലയളവിൽ അഭ്രപാളിയിലേക്ക് ആവാഹിച്ചെടുത്ത നടനവിസ്മയം..! ദേശീയ, അന്തർദേശീയ തലങ്ങളിൽ അന്നും, ഇന്നും ഒരുപോലെ മലയാളസിനിമയുടെ അന്തസ്സും, ആഭിജാത്യവും ഉയർത്തിപ്പിടിക്കുന്ന, മലയാളത്തിന്റെ മുഖശ്രീ.. ഓരോ മലയാളിയുടെയും അഭിമാനം.! ഇതിഹാസതുല്യമായ മഹാനടന വിസ്മയം.
1971 ഓഗസ്റ്റ് ആറാം തീയതിയാണ് മുഹമ്മദ് കുട്ടി എന്ന ചെറുപ്പക്കാരൻ ആദ്യമായി ക്യാമറയ്ക്ക് മുന്നിലെത്തിയത്. തോപ്പിൽഭാസി തിരക്കഥയൊരുക്കി കെ എസ് സേതുമാധവൻ സംവിധാനം ചെയ്ത അനുഭവങ്ങൾ പാളിച്ചകൾ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു അത്. സത്യനും പ്രേം നസീറും ഷീലയുമെല്ലാം പ്രധാനവേഷങ്ങളെ അവതരിപ്പിച്ചപ്പോൾ ജൂനിയർ ആർട്ടിസ്റ്റിന്റെ വേഷമായിരുന്നു ഈ പയ്യൻ കൈകാര്യം ചെയ്തത്. പിന്നീടിങ്ങോട്ട് ആ ചെറുപ്പക്കാരന്റെ വളർച്ചയായിരുന്നു. മുഹമ്മദ് കുട്ടി എന്ന പേര് മാറി മമ്മൂട്ടി എന്നായി, ഓടുവിൽ മലയാളികളുടെ പ്രിയ മമ്മൂക്കയുമായി.
ചലനങ്ങളെയും ശബ്ദത്തെയും അഭിനയത്തെയും വേണ്ട അളവില് മെരുക്കിയെടുക്കാനുള്ള മമ്മൂട്ടി എന്ന നടന്റെ വൈഭവം ഇന്നും തുടരുന്നു.
മലയാള സിനിമയിൽ പകരക്കാരില്ലാത്ത ഈ അമരക്കാരന്റെ അഭിനയ മുഹൂർത്തങ്ങൾക്കായി മലയാളികൾ എത്ര കാത്തിരിക്കുന്നുവോ അതിന്റെ നൂറിരട്ടി, വേറിട്ട കഥാപാത്രങ്ങൾക്കായി ആവേശത്തോടെ ആർത്തിയോടെ കാത്തിരിക്കുകയാണ് ഈ അതുല്യ പ്രതിഭ.
മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നട, ഹിന്ദി, ഇംഗ്ലീഷ് എന്നിങ്ങനെ നാനൂറിലധികമാണ് താര രാജാവിന്റെ സിനിമകളുടെ എണ്ണം. ആറ് ഭാഷകളിൽ കരിയർ വ്യാപിപ്പിച്ച മറ്റേതു നടനുണ്ട് ഇന്ന് ഇന്ത്യയിൽ തന്നെ എന്ന് സംശയം.
മമ്മൂട്ടി 70-കളിൽ അഭ്രപാളികളിൽ തുടക്കം കുറിച്ചു…
80-കളിൽ കാലുറപ്പിച്ചു…
90-കളുടെ ഐതിഹാസിക രൂപം…
2000-ങ്ങളിലെ വിസ്മയം…
2010 കളിലെ ഇതിഹാസം…
2020 ലും തുടരുന്നു ആ നടനവിസ്മയം…
കാലങ്ങളും ഋതുക്കളും മാറി മാറിവന്നു….
2020 കളിൽ നിന്നും നമ്മൾ ആ മനുഷ്യനെ നോക്കുമ്പോൾ…. അയാൾ വന്നിടത്തു നിന്നും ഒരുപാട് ഉയരത്തിൽ നിന്നുകൊണ്ട് മലയാള സിനിമയുടെ ചരിത്രത്തിലേക്ക് നോക്കുകയാണ് ….
അയാൾ കെട്ടിപ്പടുത്ത സിംഹാസനം വളരെ വലുതാണ്… മലയാള സിനിമയോളം വലുത്…
ഏറ്റവും കൂടുതൽ ദേശീയ പുരസ്കാരങ്ങൾ നേടിയ മലയാളി നടനാണ് മമ്മൂട്ടി. മൂന്ന് നാഷണൽ അവാർഡുകൾ നേടി കമൽ ഹാസനൊപ്പം പുരസ്കാര നേട്ടത്തിൽ രണ്ടാമതാണ് മമ്മൂട്ടിയുള്ളത്. നാല് ദേശീയ പുരസ്കാരത്തോടെ അമിതാഭ് ബച്ചനാണ് ഒന്നാമൻ. രണ്ട് ഭാഷകളിൽ നിന്നായി ദേശീയ പുരസ്കാരം നേടുന്ന ഒരേയൊരു ഇന്ത്യൻ നടനും മമ്മൂട്ടിയാണ്. 1989ൽ മതിലുകൾ, ഒരു വടക്കൻ വീരഗാഥ, 1993ൽ പൊന്തൻ മാട, വിധേയൻ, 1998ൽ ഡോ. ബാബസാഹേബ് അംബേദ്കർ എന്നീ സിനിമകളിലെ പ്രകടനമാണ് മമ്മൂട്ടിയിലെ നടന് ദേശീയ തലത്തിൽ അംഗീകാരം നേടിക്കൊടുത്തത്. എട്ട് സംസ്ഥാന പുരസ്കാരങ്ങൾ, 13 ഫിലിം ഫെയർ അവാർഡുകൾ.
ബാല്യത്തിൽ ഞങ്ങളെ വിസ്മയിപ്പിച്ച കൗമാരത്തിൽ ഞങ്ങളെ ഭ്രമിപ്പിച്ച യൗവനത്തിൽ ഞങ്ങളെ ത്രസിപ്പിച്ച
വേഷ പകർച്ചകളുടെ രാജാവിന്,എക്കാലത്തെയും മികച്ച നടന്,
മലയാളിയുടെ സ്വന്തം മമ്മൂക്കക്കു
ഇനിയുമിനിയും ഒരുപാട് ഒരുപാട് കാലം അഭിനയകലയുടെയും സഹജീവി സ്നേഹത്തിന്റെയും സഹാനുഭൂതിയുടെയും കാരുണ്യത്തിന്റെയുമൊക്കെ ഉത്തുംഗശൃംഗത്തിന്റെ ഉയരങ്ങളിലേക്ക് ഉയർന്ന് ഉയർന്നു ഉയരാൻ ആയുസ്സും ആരോഗ്യവും സർവശക്തൻ കനിവോടെ നൽകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിച്ചുകൊണ്ട്…
ജന്മദിനാശംസകൾ നേരുന്നു.
ഏറെ ആദരവോടെ…
നിറഞ്ഞ സ്നേഹത്തോടെ…
ഹൃദയപൂർവം ….
സുരേഷ് ശങ്കർ
ജിസിസി ടൈംസ്.
![]()
