ഇന്ത്യയും ഇന്തോനേഷ്യയും തമ്മിലുള്ള സുഹൃദ് ബന്ധം മഹത്തായ ഒരു ഭൂതകാലത്തിൽ വേരൂന്നിയതും പ്രതീക്ഷാനിർഭരമായ ഒരു ഭാവിയിലേക്ക് വിരൽ ചൂണ്ടുന്നതുമായി പലപ്പോഴും വിശേഷിപ്പിക്കപ്പെടുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ട് ജനാധിപത്യ രാജ്യങ്ങൾ, സമുദ്രമേഖലയിലെ ഏറ്റവും നല്ല അയൽക്കാർ, ഏഷ്യൻ സാമ്പത്തിക വളർച്ചയുടെ പ്രധാന ചാലകശക്തികൾ എന്നീ നിലകളിൽ, ഇരു രാജ്യങ്ങളും തമ്മിലുള്ള ഉഭയകക്ഷി ബന്ധം സഹസ്രാബ്ദങ്ങൾ നീളുന്ന പങ്കാളിത്ത സംസ്കാരത്തെയും ആധുനിക ഭൗമരാഷ്ട്രീയ ഐക്യത്തെയും പ്രതിഫലിപ്പിക്കുന്നു.
ഈ ബന്ധം സുദൃഢമാക്കുന്ന നിരവധി വസ്തുതകളുണ്ട്. അവ പ്രത്യേകമായി എടുത്തുകാണിക്കുന്ന പ്രധാന വസ്തുതകളുടെയും വിവരങ്ങളുടെയും ഒരു നഖചിത്രം താഴെ നൽകുന്നു:
മഹത്തായ ഭൂതകാലം: പങ്കിട്ട പാരമ്പര്യവും ചരിത്രവും:
പ്രാചീന സമുദ്ര-സാംസ്കാരിക പാതകൾ
ഭൂമിശാസ്ത്രപരമായ അടുപ്പം: ഇന്ത്യയുടെ ഗ്രേറ്റ് നിക്കോബാർ ദ്വീപ് ഇന്തോനേഷ്യയിലെ ആച്ചെ പ്രവിശ്യയിൽ നിന്ന് വെറും 150 കിലോമീറ്റർ മാത്രം അകലെയാണ് — ഇന്ത്യയിലെ പല സംസ്ഥാനങ്ങളെക്കാളും ഇത് ഇന്തോനേഷ്യയോട് അടുത്ത് സ്ഥിതിചെയ്യുന്നു.
ഒന്നാം സഹസ്രാബ്ദത്തിന്റെ തുടക്കത്തിൽ തന്നെ ബംഗാൾ ഉൾക്കടലിലൂടെയുള്ള സമുദ്രവ്യാപാരം ഇന്തോനേഷ്യൻ ദ്വീപസമൂഹങ്ങളിലേക്ക് ഹിന്ദു, ബുദ്ധ മതങ്ങളെ എത്തിച്ചു.
വാസ്തുവിദ്യാ അത്ഭുതങ്ങൾ:
പ്രമ്പാനാൻ (ജാവ): ത്രിമൂർത്തികൾക്ക് (ബ്രഹ്മാവ്, വിഷ്ണു, ശിവൻ) സമർപ്പിച്ചിരിക്കുന്ന, ഒൻപതാം നൂറ്റാണ്ടിൽ നിർമ്മിച്ച ഇന്തോനേഷ്യയിലെ ഏറ്റവും വലിയ ഹിന്ദു ക്ഷേത്ര സമുച്ചയം.
ബോറോബുദൂർ (ജാവ): ഇന്ത്യൻ ഗുപ്ത, പോസ്റ്റ്-ഗുപ്ത കലാശൈലികൾ പ്രതിഫലിപ്പിക്കുന്ന, ലോകത്തിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രം.
ജീവസ്സുറ്റ പാരമ്പര്യങ്ങൾ: രാമായണത്തിന്റെയും മഹാഭാരതത്തിന്റെയും ഇതിഹാസ കഥകൾ ഇന്തോനേഷ്യൻ വായാങ് കുലിറ്റ് (നിഴൽ പാവക്കൂത്ത്), പരമ്പരാഗത നൃത്തങ്ങൾ എന്നിവയിൽ ഇന്നും പ്രധാന പ്രമേയമായി തുടരുന്നു.
ആധുനിക അടിത്തറയും (സ്വാതന്ത്ര്യാനന്തരം):
രാഷ്ട്രങ്ങൾ തമ്മിലുള്ള ഐക്യദാർഢ്യവും എന്നും ഇന്ത്യ – ഇന്തോനേഷ്യ ബന്ധത്തിന്റെ കാതലായി വിശേഷിപ്പിക്കപ്പെടുന്നു. ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രി ജവാഹർലാൽ നെഹ്റുവും ഇന്തോനേഷ്യയുടെ സ്ഥാപക പ്രസിഡന്റ് ഡോ.സുകാർണോയും ശക്തമായ സൗഹൃദബന്ധം കെട്ടിപ്പടുത്തു.
ബന്തൂങ് സമ്മേളനം (1955) ചരിത്രപ്രധാനമാണ്. ഈ ഉച്ചകോടി ചരിത്രത്തിലെ ഒരു സുവർണ അധ്യായമാണ്. ഇന്തോനേഷ്യയിലെ ബാണ്ടുങ്ങിൽ നടന്ന ചരിത്രപരമായ ഏഷ്യൻ-ആഫ്രിക്കൻ സമ്മേളനത്തിന് ഇരുനേതാക്കളും അന്ന് ഒരുമിച്ച് നേതൃത്വം നൽകി. ഇത് ശീതയുദ്ധകാലത്ത് ചേരിചേരാ പ്രസ്ഥാനത്തിന് (NAM) വിത്തുപാകുകയും ചെയ്തു. വിവിധ മേഖലകളിൽ പരസ്പരം കൊടുക്കൽ വാങ്ങലുകളിലൂടെ സാംസ്കാരികവും സാമ്പത്തികവും വാണിജ്യപരവുമായ മേഖലകളിൽ ഏഷ്യയിലെ കരുത്തിന്റെ ധ്വജവാഹകരായി ഇന്ത്യയും ഇന്തോനേഷ്യയും പരിലസിച്ചു നിൽക്കുന്നുവെന്നത് അഭിമാനർഹമാണ്.
![]()
