പുണെ: 2023 ക്രിക്കറ്റ് ലോകകപ്പില്‍ ബംഗ്ലാദേശിനെതിരേ ഇന്ത്യയ്ക്ക് 7 വിക്കറ്റിന്റെ തകർപ്പൻ ജയം.257 റണ്‍സ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ 41.3 ഓവറിൽ 3 വിക്കറ്റ് നഷ്ടത്തിൽ ലക്ഷ്യം കണ്ടു.കിങ് കോഹ്ലിയുടെ തകർപ്പൻ സെഞ്ചുറിയാണ് ഇന്ത്യക്ക് ഈ ലോകകപ്പിലെ തുടർച്ചയായ നാലാം വിജയം നേടികൊടുത്തത്.97 ബോളിൽ 6 ഫോറും 4 സിക്സും അടക്കം ആണ് കോഹ്ലി തന്റെ 48 മത് സെഞ്ചുറി നേടിയത്.55 ബോളിൽ 5 ഫോറും 2 സിക്സും ഉൾപ്പെടെ 53 റൺസ് നേടിയ ശുഭമാൻ ഗില്ലും 40 പന്തിൽ 7 ഫോറും 2 സിക്സും ഉൾപ്പടെ 48 റൺസ് നേടിയ ക്യാപ്റ്റൻ രോഹിത് ശർമ്മയും ചേർന്ന് ഇന്ത്യക്കു രാജകീയ തുടക്കം നൽകി.
ഈ വിജയത്തോടെ ഇന്ത്യ പോയിന്റ് ടേബിളിൽ ഒന്നാം സ്ഥാനം ന്യൂസിലാൻഡിൽ നിന്നും തിരിച്ചു പിടിക്കുകയും ചെയ്തു.കളി അവസാനിക്കുമ്പോൾ തകർപ്പൻ സെഞ്ചുറിയൂമായി കോഹ്ലിയും 34 ബോളിൽ നിന്നും 34 റൺസോടെ കെഎൽ രാഹുലും പുറത്താകാതെ നിന്നു.ശ്രേയസ് അയ്യർ 18 റൺസ് എടുത്തു പുറത്തായി.
ആദ്യം ബാറ്റുചെയ്ത ബംഗ്ലാദേശ് 50 ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 256 റണ്‍സെടുത്തു. ഓപ്പണര്‍മാരായ ലിട്ടണ്‍ ദാസിന്റെയും തന്‍സിദ് ഹസന്റെയും അര്‍ധസെഞ്ചുറികളും അവസാന ഓവറുകളിലെ മഹ്മുദുള്ളയുടെ ചെറുത്തുനില്‍പ്പുമാണ് ബംഗ്ലാദേശിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. മികച്ച തുടക്കം ലഭിച്ചിട്ടും അത് മുതലാക്കാന്‍ ബംഗ്ലാദേശിനായില്ല.
ടോസ് നേടി ബാറ്റിങ് ആരംഭിച്ച ബംഗ്ലാദേശിന് തകര്‍പ്പന്‍ തുടക്കമാണ് ഓപ്പണര്‍മാരായ തന്‍സിദ് ഹസനും ലിട്ടണ്‍ ദാസും ചേര്‍ന്ന് നല്‍കിയത്. ഇന്ത്യന്‍ ബൗളര്‍മാരെ യാതൊരു കൂസലുമില്ലാതെ നേരിട്ട ഇരുവരും അനായാസം സ്കോര്‍ ഉയര്‍ത്തി. ബാറ്റിങ് പവര്‍പ്ലേയില്‍ ആധിപത്യം പുലര്‍ത്താനും ബംഗ്ലാദേശിന് സാധിച്ചു.
43 പന്തില്‍ അഞ്ച് ഫോറിന്റെയും മൂന്ന് സിക്സിന്റെയും സഹായത്തോടെ 51 റണ്‍സെടുത്ത തന്‍സിദിനെ കുല്‍ദീപ് വിക്കറ്റിന് മുന്നില്‍ കുടുക്കുകയായിരുന്നു. ഓപ്പണർ ലിട്ടൺ ദാസിനെ 88 പന്തുകളിൽ നിന്ന് ഏഴ് ബൗണ്ടറിയുടെ സഹായത്തോടെ 66 റൺസെടുത്ത താരത്തെ രവീന്ദ്ര ജഡേജയാണ് പുറത്താക്കിയത്.
പിന്നീട് വന്ന നായകന് നജ്മുള്‍ ഹൊസെയ്ന്‍ ഷാന്റോ യെ വെറും എട്ടുറണ്സെടുത്തപ്പോൾ രവീന്ദ്ര ജഡേജ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ വന്ന മെഹ്ദി ഹസ്സൻ മിറാസിനും ക്രീസിലുറച്ചുനിൽക്കാനായില്ല. വെറും മൂന്ന് റൺസ് മാത്രമെടുത്ത മിറാസിനെ മുഹമ്മദ് സിറാജ് വിക്കറ്റ് കീപ്പർ കെ.എൽ.രാഹുലിന്റെ കയ്യിലെത്തിച്ചു. ടൂർണ്ണമെന്റിൽ ഉടനീളം മിന്നും ഫോമിൽ തുടരുന്ന മുഷ്ഫീഖുർ റഹീം 38 റണ്‍സെടുത് ജഡേജയ്ക്ക് ക്യാച്ച് സമ്മാനിച്ച് മടങ്ങി.ഒരു വശത്ത് വിക്കറ്റ് കൊഴിയുമ്പോഴും മറുവശത്ത് പിടിച്ചുനിന്ന വെറ്ററന്‍ താരം മഹ്മുദുള്ളയുടെ ഉശിരന്‍ പ്രകടനമാണ് ബംഗ്ലാദേശിന് മാന്യമായ സ്കോര്‍ സമ്മാനിച്ചത്. ഒടുവില്‍ അവസാന ഓവറില്‍ ബുംറയുടെ അത്യുഗ്രന്‍ യോര്‍ക്കറില്‍ മഹ്മുദുള്ള ക്ലീന്‍ ബൗള്‍ഡായി. 36 പന്തില്‍ 46 റണ്‍സെടുത്ത ശേഷമാണ് താരം ക്രീസ് വിട്ടത്.
ഇന്ത്യയ്ക്ക് വേണ്ടി ജസ്പ്രീത് ബുംറ മുഹമ്മദ് സിറാജ്, രവീന്ദ്ര ജഡേജ എന്നിവര്‍ രണ്ട് വിക്കറ്റ് വീതം വീഴ്ത്തിയപ്പോള്‍ ശാര്‍ദൂല്‍ ഠാക്കൂറും കുല്‍ദീപ് യാദവും ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
![]()
