മുംബൈ: ഏകദിന ലോകകപ്പിലെ സൂപ്പര്‍ സെമി ഫൈനലില്‍ ഇന്ത്യ ഇന്ന് ന്യൂസീലന്‍ഡിനെ നേരിടുകയാണ്. ലീഗ് ഘട്ടത്തില്‍ ഒമ്പത്തു
ടര്‍ ജയങ്ങളോടെയാണ് ഇന്ത്യ സെമിയിലേക്കെത്തിയിരിക്കുന്നത്. അതുകൊണ്ടുതന്നെ വലിയ ആത്മവിശ്വാസം രോഹിത്തിനും സംഘത്തിനുമുണ്ടാവും. ബാറ്റിങ് നിരയും ബൗളിങ് നിരയും ഒരുപോലെ മികവ് കാട്ടുന്നു എന്നതും ഇന്ത്യക്കു അനുകൂലഘടകം ആണ്.എന്നാല്‍ ന്യൂസീലന്‍ഡ് എതിരാളികളാവുമ്പോള്‍ ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ടാവുമെന്നുറപ്പ്.കാരണം 2019ലെ ഏകദിന ലോകകപ്പില്‍ ഒന്നാം സ്ഥാനക്കാരായി സെമി കളിച്ച ഇന്ത്യയെ പുറത്താക്കിയത് ന്യൂസീലന്‍ഡ് ആയിരുന്നു. അതുകൊണ്ടുതന്നെ ഇന്ത്യക്ക് കാര്യങ്ങള്‍ എളുപ്പമാകില്ലെന്നുറപ്പ്.
ന്യൂസിലാന്‍ഡ് ബാറ്റിങ് നിരയില്‍ ഇന്ത്യക്കു ഏറ്റവുമധികം വെല്ലുവിളിയുത്തുക അവരുടെ ടോപ്സ്കോററും ഇന്ത്യന്‍ വംശജനുമായ രചിന് രവീന്ദ്രയായിരിക്കും. കൂടാതെ പ്രതിസന്ധി ഘട്ടങ്ങളില്‍ മികച്ച ഇന്നിങ്സുകള്‍ കളിക്കാറുള്ള ഡാരില്‍ മിച്ചെല്‍, ക്യാപ്റ്റന്‍ കെയ്ന്‍ വില്ല്യംസണ് എന്നിവരെയും ഭയക്കണം.കൂടാതെ കെയ്ന്‍ വില്യംസണിന്റെ ന്യൂസീലന്‍ഡ് ടീമിലെ പ്രധാന താരങ്ങളെല്ലാം ഇന്ത്യയില്‍ കളിച്ച് അനുഭവസമ്പത്തുള്ളവരാണ്.
ഇവര്‍ക്കെല്ലാം ഇന്ത്യന്‍ പിച്ചില്‍ തകര്‍പ്പന്‍ റെക്കോഡുകളാണുള്ളത്. ട്രന്റ് ബോള്‍ട്ട്, ടിം സൗത്തി എന്നിവര്‍ക്ക് മുംബൈ ഇന്ത്യന്‍സിലൂടെ മുംബൈ പിച്ചിനെ നന്നായി അറിയാം. ഡെവൺ കോൺവേ, ടോം ലതാം ഗ്ലെൻ ഫിലിപ്സ്, മാർക്ക് ചാപ്മാൻ എന്നിവരെല്ലാം അവരുടേതായ ദിവസങ്ങളിൽ അത്ഭുതം കാട്ടാൻ കഴിവുള്ള ബാറ്റസ്മാൻമാരാണ്. സാന്റ്നർ, മാറ്റ് ഹെൻറി, ലോക്കി ഫെർഗൂസൺ തുടങ്ങുന്ന ബൗളിംഗ് നിരയും ഏതൊരു ബാറ്റിങ് നിരയെയും പിടിച്ചുകെട്ടാൻ കഴിവുള്ളവരാണ്.
എന്നാൽ ബാറ്റിങ്ങിലും ബൗളിങ്ങിലും ഒരുപോലെ മികവ് കാട്ടുന്ന ടീം ഇന്ത്യയെ പിടിച്ച് കെട്ടുക ന്യൂസിലാൻഡിന് എളുപ്പമാകില്ല.ഇന്ത്യയുടെ എല്ലാ താരങ്ങളും മികച്ച ഫോമിലാണെന്നതാണ് ഇത്തവണ എടുത്തു പറയേണ്ട കാര്യം.
ഇന്ത്യന്‍ നായകന് രോഹിത് ശര്‍മ ടീമിനെ മുന്നില്‍ നിന്ന് നയിക്കുന്നു. ബാറ്റുകൊണ്ട് മികവ് കാട്ടുന്നതിനോടൊപ്പം ടീമിനെ മികച്ച രീതിയില്‍ നയിക്കാനും രോഹിത്തിന് സാധിക്കുന്നു. ഇത് ടീമിന്റെ കരുത്ത് ഉയര്‍ത്തുന്നതാണ്. ഈ ലോകകപ്പിൽ രോഹിത് അതിശയിപ്പിക്കുന്ന ബാറ്റിങ് പ്രകടനമാണ് കാഴ്ചവച്ചു കൊണ്ടിരിക്കുന്നത്. ഒമ്പതു മല്‍സരങ്ങളില്‍ നിന്നും 55.88 ശരാശരിയില്‍ 121.49 സ്ട്രൈക്ക് റേറ്റില്‍ 503 റണ്‍സ് അദ്ദേഹം അടിച്ചെടുത്തു കഴിഞ്ഞു.
ഒരു സെഞ്ച്വറിയും മൂന്നു ഫിഫ്റ്റികളുമടക്കമാണിത്. തുടര്‍ച്ചയായി രണ്ടാമത്തെ ലോകകപ്പിലാണ് 500ന് മുകളില്‍ റണ്‍സ് ഹിറ്റ്മാന് വാരിക്കൂട്ടിയത്. ഈ നേട്ടം കൈവരിച്ച ലോകത്തിലെ ആദ്യത്തെ താരം കൂടിയാണ് അദ്ദേഹം.ഈ ലോകകപ്പിലെ ടോപ് സ്ക്കോറർ കൂടി ആയ വീരാട്ട് കോഹ്ലി യുടെ മിന്നുന്ന ഫോമും ഇന്ത്യക്കു കൂടുതൽ ആത്മവിശ്വാസം നൽകുന്നു.നിലവില്‍ 594 റണ്‍സുമായി ടൂര്‍ണമെന്റില്‍ തലപ്പത്തു നില്‍ക്കുകയാണ് അദ്ദേഹം. 99 എന്ന മികച്ച ശരാശരിയില്‍ 88.52 സ്ട്രൈക്ക് റേറ്റിലാണ് 600നടുത്ത് റണ്‍സ് കോലി വാരിക്കൂട്ടിയത്. രണ്ടു സെഞ്ച്വറികളും അഞ്ചു ഫിഫ്റ്റികളും ഇതിലുള്‍പ്പെടും.ഒപ്പം ശുഭമാൻ ഗിൽ ,ശ്രേയസ് അയ്യർ,കെ എല്‍ രാഹുൽ , രവീന്ദ്ര ജഡേജ, സൂര്യകുമാർ യാദവ് തുടങ്ങിയ ബാറ്റ്സ്മാൻമാരും അപാര ഫോമിലും അനുഭവസമ്പന്നരായ താരങ്ങളുമാണ്. ബൗളിങ്ങിൽ ജസ്പ്റീത് ബുമ്ര , സിറാജ്, മുഹ്മദ് ഷമി എന്നിവരും കുൽദീപ് യാദവും ജഡേജയും മിന്നും ഫോമിൽ തന്നെ. ചെറിയ ടോട്ടല്‍ പോലും പ്രതിരോധിച്ച് ടീമിനെ ജയിപ്പിക്കാന്‍ ശേഷിയുള്ള മൂര്‍ച്ചയുള്ള ബൗളിങ് നിര ഇന്ത്യക്കുണ്ട്.
ആതിഥേയരെന്ന നിലയിലും ഫേവറേറ്റുകളെന്ന നിലയിലും ഇന്ത്യക്ക് സമ്മര്‍ദ്ദമുണ്ട്.
അതുകൊണ്ടുതന്നെ കിവീസിനെ തോല്‍പ്പിക്കാന്‍ ആദ്യം ഇന്ത്യ സമ്മര്‍ദ്ദത്തെ മറികടക്കുകയാണ് വേണ്ടത്.
![]()
