റിയാദ്: വിലങ്ങാട് പ്രകൃതിദുരന്തത്തോടനുബന്ധിച്ച് റിയാദിലെ കോഴിക്കോട് നിവാസികളുടെ കൂട്ടായ്മയായ ‘കോഴിക്കോടൻസ്’ പ്രഖ്യാപിച്ച പുനരധിവാസ പദ്ധതിയുടെ ഭാഗമായി നിർമിച്ച ആദ്യ വീട് നാളെ ബന്ധപ്പെട്ട കുടുംബത്തിന് കൈമാറും. ശനിയാഴ്ച ഉച്ചക്ക് ഒരുമണിക്ക് വിലങ്ങാട് പുതുതായി നിർമിച്ച വീട്ടിൽ നടക്കുന്ന ചടങ്ങിൽ എം പി ഷാഫി പറമ്പിലിന്റെ സാന്നിധ്യത്തിൽ വീടിൻ്റെ താക്കോൽ കോഴിക്കോടൻസ് പ്രതിനിധികൾ കുടുംബത്തിന് കൈമാറുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.
ചടങ്ങിൽ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ കെ നവാസ്, മറ്റു സാമൂഹിക രാഷ്ട്രീയ സാംസ്കാരിക പ്രവർത്തകർ പങ്കെടുക്കും.
റിയാദ് പ്രവാസി സമൂഹത്തിന് തീർത്തും അഭിമാനിക്കാൻ വക നൽകുന്നതാണ് കോഴിക്കോടൻസിൻറെ ഈ പദ്ധതി. ദുരന്തത്തിൽപെട്ട് നാട് ഒന്നടങ്കം സ്തംഭിച്ചുപോയ സന്ദർഭത്തിൽ ദുരന്തഭൂമിയിലേക്ക് നേരിട്ട് സ്വന്തം പ്രതിനിധികളെ അയച്ച് പഠനം നടത്തിയാണ് പദ്ധതികൾ പ്രഖ്യാപിച്ചത്. സർക്കാർ – സന്നദ്ധ സന്ഘടനകളുടെ ശ്രദ്ധ വിലങ്ങാട് പ്രദേശത്തിന് വേണ്ടത്ര ലഭിക്കുന്നില്ല എന്ന വിലയിരുത്തലിലാണ് വിലങ്ങാടിന് ആദ്യ പരിഗണ നൽകിയത്. വയനാട്-വിലങ്ങാട് പ്രദേശത്തേക്ക് ദുരന്ത സമയത്ത് നാട്ടിൽനിന്നും വിദേശത്തുനിന്നും നിരവധി സഹായപ്രഖ്യാപനങ്ങൾ ഉണ്ടായെങ്കിലും, സമയബന്ധിതമായി ഒരു വീടിന്റെ നിർമാണം പൂർത്തിയാക്കി കൈമാറാൻ സാധിച്ചത് നേട്ടമായി കാണുന്നു. ഈ സാഹചര്യത്തിൽ കോഴിക്കോടൻസിൻറെ വീട് നിർമാണ പൂർത്തീകരണത്തിന് ഏറെ പ്രാധാന്യമുണ്ടെന്ന് ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
പത്രസമ്മേളനത്തിൽ കോഴിക്കോടൻസ് ചീഫ് ഓർഗനൈസർ കെ സി ഷാജു, പുനരധിവാസ കമ്മറ്റി കൺവീനർ റാഫി കൊയിലാണ്ടി, ഫൗണ്ടർ മെമ്പറും പദ്ധതി ഉപദേശക സമിതി അംഗവുമായ മുനീബ് പാഴൂർ, മുൻ ചീഫ് ഓർഗനൈസർമാരായ സഹീർ മുഹ്യുദ്ദീൻ, കബീർ നല്ലളം എന്നിവർ പങ്കെടുത്തു.
![]()
