മുംബൈ : ഐസിസി ഏകദിന ലോകകപ്പ് സെമിഫൈനലിൽ പ്രവേശിച്ച് ആതിഥേയരായ ഇന്ത്യ. ശ്രീലങ്കയെ തകർത്ത് തുടർച്ചയായ ഏഴാം വിജയം നേടിയതോടെയാണ് ഇന്ത്യ സെമിഫൈനലിലേക്ക് യോഗ്യത നേടിയത്.
വാങ്കഡെയിൽ നടന്ന മത്സരത്തിൽ 302 റൺസിൻ്റെ പടുകൂറ്റൻ വിജയം നേടിയാണ് ഇന്ത്യ സെമിയിൽ പ്രവേശിച്ചത്. ഇന്ത്യ ഉയർത്തിയ 358 റൺസിൻ്റെ വിജയലക്ഷ്യം പിന്തുടർന്ന ശ്രീലങ്കയ്ക്ക് 19.4 ഓവറിൽ 55 റൺസ് എടുക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമായി.
5 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയാണ് ശ്രീലങ്കയെ തകർത്തത്.ഈ പ്രകടനത്തോടെ ഏകദിന ലോകകപ്പ് ചരിത്രത്തിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടുന്ന ഇന്ത്യൻ ബൗളറായി ഷാമി മാറി. മത്സരത്തിലെ അഞ്ച് വിക്കറ്റ് അടക്കം 45 വിക്കറ്റ് ഇതിനോടകം ഷാമി നേടിയിട്ടുണ്ട്. 44 വിക്കറ്റ് നേടിയ സഹീർ ഖാൻ, ജവഗൽ ശ്രീനാഥ് എന്നിവരെയാണ് ഷാമി പിന്നിലാക്കിയത്.
ലോകകപ്പിൽ മൂന്ന് മത്സരങ്ങളിൽ നിന്നും ഇതിനോടകം 14 വിക്കറ്റുകൾ ഷാമി നേടിയിട്ടുണ്ട്. ആദ്യ നാല് മത്സരങ്ങളിലും ഷാമിയെ ഇന്ത്യ കളിപ്പിച്ചിരുന്നില്ല.
അഞ്ചോവറിൽ 18 റൺസ് വഴങ്ങി അഞ്ച് വിക്കറ്റ് നേടിയ മൊഹമ്മദ് ഷാമിയും 7 ഓവറിൽ 16 റൺസ് വഴങ്ങി മൂന്ന് വിക്കറ്റ് നേടിയ മൊഹമ്മദ് സിറാജുമാണ് ശ്രീലങ്കയെ തകർത്തത്. ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ എന്നിവർ ഓരോ വിക്കറ്റ് വീതം നേടി. വെറും മൂന്ന് താരങ്ങൾ മാത്രമാണ് ശ്രീലങ്കൻ നിരയിൽ രണ്ടക്കം കടന്നത്.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 92 പന്തിൽ 92 റൺസ് നേടിയ ശുഭ്മാൻ ഗിൽ, 94 പന്തിൽ 88 റൺസ് നേടിയ വിരാട് കോഹ്ലി, 56 പന്തിൽ 82 റൺസ് നേടിയ ശ്രേയസ് അയ്യർ എന്നിവരുടെ മികവിലാണ് നിശ്ചിത 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 357 റൺസ് നേടിയത്.
നവംബർ അഞ്ചിന് സൗത്താഫ്രിക്കയ്ക്കെതിരെയാണ് ഇന്ത്യയുടെ അടുത്ത മത്സരം.
![]()
