കൊച്ചി: തിരുവനന്തപുരം ഫോർട്ട് പൊലീസ് സ്റ്റേഷനിലെ ഉദയകുമാർ ഉരുട്ടിക്കൊലക്കേസിൽ മുഴുവൻ പ്രതികളെയും ഹൈക്കോടതി വെറുതെവിട്ടു കൊണ്ട് ഉത്തരവായി. അന്വേഷണത്തിൽ സിബിഐക്ക് ഗുരുതര വീഴ്ച പറ്റിയെന്ന് ചൂണ്ടിക്കാട്ടിയാണ് ഹൈക്കോടതിയുടെ നടപടി. ഒന്നാം പ്രതിക്ക് സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നു. ഈ വിധി ഉൾപ്പെടെ റദ്ദാക്കി കൊണ്ടാണ് ഹൈക്കോടതി മുഴുവൻ പ്രതികളേയും വെറുതെ വിട്ടത്.
കേസിൽ എസ്പി, ഡിവൈഎസ്പി, എഎസ്ഐ, സിപിഒ എന്നിവര്‍ പ്രതികളായിരുന്നു. ഒന്നാം പ്രതി എഎസ്ഐ കെ ജിതകുമാർ, രണ്ടാം പ്രതി സിപിഒ എസ് വി ശ്രീകുമാർ എന്നിവർക്കാണ് തിരുവനന്തപുരം പ്രത്യേക സിബിഐ കോടതി വധശിക്ഷ വിധിച്ചിരുന്നത്. 2018ലാണ് സിബിഐ കോടതി 2 പ്രതികൾക്ക് വധശിക്ഷ വിധിച്ചത്. രണ്ടാം പ്രതി നേരത്തെ മരിച്ചിരുന്നു. നാല് പ്രതികളെയാണ് കോടതി വെറുതെ വിട്ടത്. മതിയായ തെളിവുകളില്ലാത്ത സിബിഐ അന്വേഷണം ശരിയായ രീതിയിൽ അല്ലെന്നാണ് കോടതി ചൂണ്ടിക്കാട്ടിയത്.
2005 സെപ്തംബർ 29നാണ് കേസിനാസ്പദമായ സംഭവം നടന്നത്.ശ്രീകണ്ഠേശ്വരം പാർക്കിൽ വിശ്രമിക്കുകയായിരുന്ന കിള്ളിപ്പാലം കീഴാറന്നൂർ കുന്നുംപുറം വീട്ടിൽ ഉദയകുമാറിനെയും (26) സുഹൃത്ത് സുരേഷ് കുമാറിനെയും ഉച്ചയ്ക്ക് 12നാണ് ഫോർട്ട് സി ഐ ആയിരുന്ന ഇ കെ സാബുവിന്റെ ക്രൈം സ്ക്വാഡ് കസ്റ്റഡിയിൽ എടുത്തത്.കയ്യിലുണ്ടായിരുന്ന 4020 രൂപയുടെ ഉറവിടം തേടിയുള്ള ചോദ്യങ്ങൾ ക്രൂര മർദ്ദനത്തിലേക്ക് പോകുകയും ഇരുമ്പ് ദണ്ഡ് ഉപയോഗിച്ചുള്ള ഉരുട്ടിയുള്ള പോലീസ് പ്രയോഗം തുടയിലെ രക്ത കുഴലുകൾ പൊട്ടി മരണത്തിൽ കലാശിക്കുകയായിരുന്നു
![]()
