തിരുവനന്തപുരം : കേരളത്തില്‍ നിന്നും ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ് പദ്ധതിയായ നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള യുടെ ഭാഗമായി തിരഞ്ഞെടുത്ത് എട്ടു പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറി. നോര്‍ക്ക ട്രിപ്പിള്‍ വിന് കേരളയുടെ ഏഴാം ബാച്ചിലെ ആതിര വസന്ത്, ആതിര പ്രകാശ്, ഉണ്ണിമായ കുമാര്‍, സ്നേഹ ജോസഫ്, ദിവ്യമോള് ഷാജി, എമിലിന് ബിജു അഞ്ചാം ബാച്ചിലെ ബ്ലെസി ബാബു എന്നിവര്‍ക്കാണ് കോണ്‍ട്രാക്ട് കൈമാറിയത്. നാലു പേര്‍ക്ക് ജർമ്മനിയിലെ ബുക്സ്ഹൈമിലുള്ള ബവേറിയൻ റെഡ് ക്രോസിന്റെ (BRK) സീനിയർ പരിചരണ കേന്ദ്രമായ BRK സെനിയോറൻ-പാർക്ക് ബുക്സ്ഹൈം ലും മറ്റുളളവര്‍ക്ക് ഷാരിറ്റെ യൂണിവേഴ്സിറ്റി ഹോസ്പിറ്റലിലുമാണ് നിയമനം ലഭിക്കുക. നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി ഇവര്‍ക്ക് സെപ്റ്റംബര്‍-ഒക്ടോബര്‍ മാസങ്ങളില്‍ ജര്‍മ്മനിയിലെത്താനാകും. തിരുവനന്തപുരം തൈക്കാട് നോര്‍ക്ക സെന്ററില്‍ നടന്ന ചടങ്ങില്‍ ജനറല്‍ മാനേജര്‍ പ്രകാശ് പി ജോസഫ് റിക്രൂട്ട്മെന്റ് മാനേജര്‍ മുഹമ്മദ് നജീബ് ടി.എ, റിക്രൂട്ട്മെന്റ് വിഭാഗം ജീവനക്കാര്‍, ഉദ്യോഗാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ എന്നിവരും സംബന്ധിച്ചു. പദ്ധതിയുടെ ഭാഗമമായി തിരഞ്ഞെടുത്ത 27 പേര്‍ക്ക് ജൂലൈ ആഗസ്റ്റ് മാസങ്ങളിലായി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറിയിരുന്നു.
നോര്‍ക്ക റൂട്ട്സും ജര്‍മ്മന്‍ ഫെഡറല്‍ എംപ്ലോയ്മെന്റ് ഏജന്‍സിയും ജര്‍മ്മന്‍ ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ കോ-ഓപ്പറേഷനും സംയുക്തമായി നടപ്പാക്കുന്ന പദ്ധതിയാണ് നോര്‍ക്ക ട്രിപ്പിള്‍ വിന് കേരള. ഇതിനായുളള കരാര്‍ 2021 ഡിസംബര്‍ 22 നാണ് ഒപ്പുവച്ചത്. ഇതുവരെ ഏട്ടു ബാച്ചുകളിലായി (ഫാസ്റ്റ് ട്രാക്ക് ഉൾപ്പെടെ) നടത്തിയ റിക്രൂട്ട്മെന്റ് ഡ്രൈവുകളില്‍ നിന്നും 1700 ഓളം ഉദ്യോഗാര്‍ത്ഥികളെ തിരഞ്ഞെടുക്കുകയും, 1200-ൽ അധികം നഴ്സുമാര്‍ ജർമ്മനിയിലെത്തി ജോലിയില്‍ പ്രവേശിച്ചിട്ടുണ്ട്. ജര്‍മ്മനിയിലെ 13 സ്റ്റേറ്റുകളിലെ വിവിധ ആരോഗ്യപരിപാലന സ്ഥാപനങ്ങളിൽ രജിസ്ട്രേഡ് നഴ്സ് തസ്തികയിലാണ് ഇവരുടെ നിയമനം.
![]()
