റിയാദ്: സൗദിയുടെ അതിവേഗ സാമ്പത്തിക പരിവർത്തനവും വികസനവും സൃഷ്ടിക്കുന്ന പുതിയ അവസരങ്ങൾ പ്രവാസികൾ പ്രയോജനപ്പെടുത്തണമെന്ന് ഇന്ത്യൻ വിദേശകാര്യ, പരിസ്ഥിതി -വനം വകുപ്പ് സഹ മന്ത്രി കീർത്തി വർധൻ സിംഗ് അഭിപ്രായപ്പെട്ടു.
റിയാദ് ഇന്റർനാഷണൽ ഇന്ത്യൻ സ്കൂളിൽ ഇന്ത്യൻ എംബസിയുടെ ആഭിമുഖ്യത്തിൽ ഓൾ ഇന്ത്യ സ്റ്റിയറിംഗ് കമ്മിറ്റി സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ സംസാരിക്കുകയായിരുന്നു മന്ത്രി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ‘വികസിത് ഭാരത് 2047’ എന്ന വികസിതവും സ്വയംപര്യാപ്തവും ആഗോളതലത്തിൽ ശക്തവുമായ ഇന്ത്യ എന്ന ദർശനം സാക്ഷാത്കരിക്കുന്നതിൽ സൗദി അറേബ്യയിലെ ഇന്ത്യൻ പ്രവാസികൾ കൂടുതൽ സജീവ പങ്കാളികളാകണം. ഇന്ത്യ–സൗദി ബന്ധം കൂടുതൽ ശക്തിപ്പെടുത്തുന്നതിൽ പ്രവാസി സമൂഹം വഹിക്കുന്ന നിർണായക പങ്കിനെ മന്ത്രി അഭിനന്ദിച്ചു. വ്യാപാരം, നിക്ഷേപം, ഊർജം, സാംസ്കാരിക മേഖലകൾ എന്നിവയിൽ ഇരു രാജ്യങ്ങളും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ശക്തമായ കണ്ണിയായി ഇന്ത്യൻ പ്രവാസികൾ പ്രവർത്തിക്കുന്നതായി അദ്ദേഹം പറഞ്ഞു.

സൗദി കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ ഇന്ത്യാ സന്ദർശനത്തിനിടെ സൗദിയിലെ ഇന്ത്യക്കാരെ “കുടുംബത്തെപ്പോലെ” വിശേഷിപ്പിച്ചതും മന്ത്രി അനുസ്മരിച്ചു. ഐക്യം, സൗഹാർദം, സഹകരണം എന്നിവയിലൂടെ ഈ ആത്മബന്ധം കൂടുതൽ ഊട്ടിയുറപ്പിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഇന്ത്യൻ സമൂഹത്തിന്റെ സത്യസന്ധതയും കഠിനാധ്വാനവും അർപ്പണബോധവും സൗദിയിൽ നേടിയ വിശ്വാസത്തെയും ആദരവിനെയും അദ്ദേഹം പ്രശംസിച്ചു.
ഇന്ത്യൻ സമൂഹവുമായി സംവദിച്ച മന്ത്രി വിദേശത്തുള്ള ഇന്ത്യക്കാരുടെ സുരക്ഷയ്ക്കും ക്ഷേമത്തിനും കേന്ദ്ര സർക്കാർ ഉറച്ച പ്രതിബദ്ധത പുലർത്തുന്നതായും അടിയന്തര സാഹചര്യങ്ങളിലും സംഘർഷകാലങ്ങളിലും വിദ്യാർഥികൾ, തൊഴിലാളികൾ, കുടുംബങ്ങൾ ഉൾപ്പെടെയുള്ള ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിക്കുന്നതിനും നാട്ടിലെത്തിക്കുന്നതിനും സർക്കാർ നടത്തുന്ന ഇടപെടലുകളും അദ്ദേഹം വിശദീകരിച്ചു.
സൗദിയിലെ എഞ്ചിനിയറന്മാർ,ചാർട്ടേഡ് അക്കൗണ്ടന്റ് എന്നിവരിടെ പ്രൊഫെഷനുമായ ബന്ധപ്പെട്ട വിഷയങ്ങൾ,ഇന്ത്യൻ കോൺസുലേറ്റ് ഈസ്റ്റേൺ പ്രവിശ്യയിൽ സ്ഥാപിക്കുക, തമിഴ്നാട്ടിലേക്കും കിഴക്കൻ ഉത്തർപ്രദേശിലേക്കും റിയാദിൽ നിന്ന് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുക, കോൺസുലർ ജീവനക്കാരുടെ എണ്ണം വർധിപ്പിക്കുക, തൊഴിൽ നഷ്ടപ്പെട്ട ഇന്ത്യക്കാരെ സൗദിയിലെ ഇന്ത്യൻ കമ്പനികളുമായി ബന്ധിപ്പിക്കുന്ന തൊഴിൽ പ്ലാറ്റ്ഫോം രൂപീകരിക്കുക, പാസ്പോർട്ട് അപ്പോയിന്റ്മെന്റിലെ കാലതാമസം പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ പ്രവാസി പ്രതിനിധികൾ മന്ത്രിയുടെ ശ്രദ്ധയിൽപ്പെടുത്തി.
ഈസ്റ്റേൺ പ്രവിശ്യയിലെ ഇന്ത്യൻ കോൺസുലേറ്റ് സംബന്ധിച്ച നിർദേശം പരിഗണനയിലാണെന്നും വിഷയത്തിൽ ഉഭയകക്ഷി തലത്തിൽ കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും മന്ത്രി അറിയിച്ചു. ചെന്നൈ, തമിഴ്നാട്ടിലെ മറ്റു നഗരങ്ങൾ, വാരാണസി, ഗോരഖ്പൂർ, അസംഗഢ് എന്നിവിടങ്ങളിലേക്ക് നേരിട്ടുള്ള വിമാന സർവീസുകൾ ആരംഭിക്കുന്നതിനുള്ള ആവശ്യവും സർക്കാർ പരിശോധിക്കുമെന്ന് അദ്ദേഹം വ്യക്തമാക്കി.
പാസ്പോർട്ട് അപ്പോയിന്റ്മെന്റിലെ കാലതാമസം പരിഹരിക്കുന്നതിന് എംബസി ബന്ധപ്പെട്ട ഏജൻസിയുമായി സഹകരിച്ച് നടപടികൾ സ്വീകരിച്ചുവരുന്നതായി സൗദിയിലെ ഇന്ത്യൻ അംബാസഡർ വിപുൽ അറിയിച്ചു.

സ്റ്റിയറിംഗ് കമ്മിറ്റി കൺവീനർ സായിഗം ഖാൻ, ഭാരതീയ സമ്മാൻ പുരസ്കാര ജേതാക്കളായ ഷിഹാബ് കൊട്ടുകാട് , ഡോ. അൻവർ ഖുർഷിദ് എന്നിവർ മന്ത്രിയെ ബൊക്കെ നൽകി സ്വീകരിച്ചു .
ഐ ഐ എസ് ആർ വിദ്യാർഥികളുടെ വൈവിധ്യമാർന്ന കലാപരിപാടികളും ചടങ്ങിന് മാറ്റുകൂട്ടി. ഇടക്കാല പ്രിൻസിപ്പൽ മൈമൂന അബ്ബാസ് പരിപാടികൾക്ക് നേതൃത്വം നൽകി. തരണം ആസിഫ് അവതാരകയായി.
![]()
