മക്ക: സ്വപ്ന സാക്ഷാത്കാരമെന്നോണം പുണ്യ ഹജ്ജിനെത്തി ആത്മീയ സായൂജ്യം അണഞ്ഞ ഹാജിമാർ നിറകണ്ണുകളോടെ സ്വദേശങ്ങളിലേക്ക് മടങ്ങിത്തുടങ്ങി. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്ന് കൃത്യമായി പറഞ്ഞാൽ 164 രാജ്യങ്ങളിൽ നിന്നായി ഇത്തവണ ഹജ്ജിനെത്തിയ 19 ലക്ഷത്തോളം ഹാജിമാരാണ് കർമങ്ങൾ പൂർത്തിയാകുന്ന മുറക്ക് സ്വദേശങ്ങളിലേക്ക് മടങ്ങി തുടങ്ങിയത്. കഴിഞ്ഞ മാസം ആദ്യം എത്തിയ ഹാജിമാർ ഹജ്ജ് കർമ്മങ്ങൾക്ക് മുൻപ് പ്രവാചക പള്ളിയായ മദീന സന്ദർശനം കഴിഞ്ഞിരുന്നു. ഇവർ ഹജ്ജിന്റെ കർമ്മങ്ങൾ പൂർത്തിയാക്കി വിട വാങ്ങൽ ത്വവാഫ് ചെയ്തു കഴിഞ്ഞ ദിവസങ്ങളിൽ മക്കയോട് വിടപറഞ്ഞു. ഇന്ത്യ, ബംഗ്ലാദേശ്, പാക്കിസ്ഥാൻ, ഇന്തോനേഷ്യ, ഇറാഖ്, ഇറാൻ, സിറിയ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ആദ്യ സംഘങ്ങൾ കഴിഞ്ഞ ദിവസങ്ങളിൽ സ്വദേശത്തേക്ക് വിമാനം കയറി. ബാക്കിയുള്ള ഹാജിമാർ ഈ മാസം അവസാനത്തോട് കൂടി സ്വദേശങ്ങളിലേക്ക് മടങ്ങും. സ്വപ്ന സാക്ഷാത്കാരത്തിനു അവസരം നൽകിയ ദൈവത്തിനും ഹജ്ജ് ക്രമീകരണങ്ങൾ വിജയകരമായി പൂർത്തീകരിച്ച സൗദി ഭരണാധികാരിക്കും ഹാജിമാർ നന്ദി പറഞ് പറന്നുയർന്നു.
![]()
