റിയാദ്: സൗദി അറേബിയയിൽ ഞായറാഴ്ചമുതൽ മൊബൈലിൽ നമ്പർ സേവ് ചെയ്തില്ലെങ്കിലും വിളിക്കുന്നയാളുടെ പേരും വിവരങ്ങളും ലഭിക്കുമെന്ന് കമ്മ്യുണിക്കേഷൻ മന്ത്രാലയം. നമ്പർ സേവ് ചെയ്യാത്തവരുടെ പേരോ വിവരങ്ങളോ മുൻപ് ലഭിച്ചിരുന്നില്ല. വിളിക്കുന്നയാളുടെ നമ്പർ മാത്രമാണ് ലഭിച്ചു കൊണ്ടിരുന്നത്. ഇതാണ് ഞായറാഴ്ചയോടു കൂടി മാറുന്നത്. ഇനി സേവ് ചെയ്യാത്ത നമ്പറിൽ നിന്ന് വരുന്ന കാൾ വിവരങ്ങൾ കൃത്യമായി അറിയാൻ കഴിയുന്ന തരത്തിൽ സംവിധാനങ്ങൾ മാറിയതായും മന്ത്രാലയം കുറിപ്പിൽ അറിയിച്ചു.ഇതിനുവേണ്ട എല്ലാ തയാറെടുപ്പുകളും സൗദി ഡിജിറ്റൽ റെഗുലേറ്ററായ കമ്മ്യൂണിക്കേഷൻസ്, സ്പേസ് ആൻഡ് ടെക്നോളജി കമ്മീഷൻ (സിഎസ്ടി) പൂർത്തിയാക്കി.
വിളിക്കുന്നയാളുടെ പേരും ഐഡന്റിറ്റിയും പ്രദർശിപ്പിക്കുന്നതിനുള്ള കരട് സ്പെസിഫിക്കേഷൻ സിഎസ്ടി നേരത്തെ അവതരിപ്പിച്ചിരുന്നു. വിളിക്കുന്നയാളുടെ പേരും നമ്പറും കോൾ ലോഗിൽ പ്രദർശിപ്പിച്ചിരിക്കണം. ഇതിനു പുറമെ, എല്ലാ തരത്തിലുമുള്ള സാങ്കേതികവിദ്യകളിലും വിളിക്കുന്നയാളുടെ പേരും നമ്പറും സ്വീകരിക്കാനും പ്രദർശിപ്പിക്കാനും കഴിയുന്നതായിരിക്കണം മൊബൈൽ ഫോണുകൾ.
സ്ഥാപനങ്ങളിൽ നിന്ന് ഉപയോക്താവിന് ലഭിക്കുന്ന കോളുകളുടെ വിശ്വാസ്യത വർദ്ധിപ്പിക്കാനും മൊബൈൽ ഫോൺ ഉപകരണ നിർമ്മാതാക്കളുമായുള്ള കമ്യൂണിക്കേഷൻ നെറ്റ് വർക്കുകളുടെ അനുയോജ്യത ഉറപ്പാക്കാനും പുതിയ സേവനം ലക്ഷ്യമിടുന്നതായി സിഎസ്ടി വ്യക്തമാക്കി. വ്യാജ,തട്ടിപ്പ് കോളുകൾ കുറയ്ക്കുന്നതിനും ഉപയോക്താക്കളെ സംരക്ഷിക്കുന്നതിനും പുറമെ, കോളർമാരുടെ സ്വകാര്യത ലംഘിക്കുന്ന വിശ്വസനീയമല്ലാത്ത പ്രോഗ്രാമുകളും ആപ്ലിക്കേഷനുകളും ആശ്രയിക്കുന്നത് കുറയ്ക്കുന്നതിനും നിബന്ധന ലക്ഷ്യമിടുന്നു. പേര് പ്രദർശിപ്പിക്കുന്നതുമായി ബന്ധപ്പെട്ട ഫീച്ചറിനെക്കുറിച്ച് ഉപയോക്താക്കളെ ബോധവൽക്കരിക്കുകയും ചെയ്യും.
![]()
