കോട്ടയം : കുമാരനല്ലൂരിൽ 18 കിലോ കഞ്ചാവ് പൊലീസ് പിടിച്ചെടുത്ത നായ പരിശീലന കേന്ദ്രം ദുരൂഹതകളുടെ കേന്ദ്രം. നായ പരിശീലനവും കഞ്ചാവ് കച്ചവടവും നടത്തിയിരുന്ന റോബിൻ ജോർജ് സംഭവ സ്ഥലത്ത് നിന്ന് രക്ഷപെട്ടെങ്കിലും ഇയാളെ ചുറ്റിപ്പറ്റിയുളള കഥകൾ പ്രചരിക്കുകയാണ്. റോബിൻ ജോർജിന്റെ നായ വളർത്തൽ കേന്ദ്രം നാട്ടുകാർക്ക് ശല്യമായി മാറിയിരുന്നു. ഇവിടെ നിരന്തരം ആളുകൾ എത്തിയിരുന്നതായി നാട്ടുകാർ പറയുന്നു. രാത്രി കാലത്താണ് ഇവിടെ സ്ഥിരമായി വാഹനത്തിൽ ആളുകൾ എത്തിയിരുന്നത്. ഇത് ലഹരി വാങ്ങാനായിരുന്നു എന്നാണ് നാട്ടുകാർ സംശയിക്കുന്നത്.


നാല് വശത്തും ഉയരത്തിൽ മതിലും, മതിലിൽ ഷീറ്റും അടച്ച് മറച്ചിരുന്ന സ്ഥലത്താണ് ഡെൽറ്റ കെ 9 നായ പരിശീലന കേന്ദ്രം പ്രവർത്തിച്ചിരുന്നത്. ഇവിടെ നിന്നും കഴിഞ്ഞ ദിവസം രാത്രിയിൽ സ്ത്രീയുടെ കരച്ചിൽ കേട്ടിരുന്നതായി നാട്ടുകാർ പറയുന്നു. അസ്വാഭാവികമായ ശബ്ദം കേട്ടെങ്കിലും നായ്ക്കളെ പേടിച്ച് ആരും ഇവിടെ എത്തിയിരുന്നില്ല. സമാന രീതിയിൽ സ്ത്രീകൾ അടക്കം ഉളളവർ ഇവിടെ രാത്രിയിൽ എത്തിയിരുന്നതായി നാട്ടുകാർ ആരോപിക്കുന്നു. തിങ്കളാഴ്ച പുലർച്ചെ ജില്ലാ പൊലീസ് മേധാവിയുടെ ലഹരി വിരുദ്ധ സ്ക്വാഡ് നടത്തിയ പരിശോധനയിലാണ് ഇവിടെ നിന്നും കഞ്ചാവ് കണ്ടെത്തിയത്.

ഒന്നര വർഷത്തിലേറെയായി ഇയാൾ പ്രദേശത്ത് ട്രെയിനിങ് സെൻറർ നടത്തുകയായിരുന്നു. ഇവിടെനിന്നുള്ള ദുർഗന്ധം മൂലം നാട്ടുകാർ നഗരസഭയ്ക്ക് അടക്കം പരാതി നൽകുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് ഇവിടെനിന്നും കഞ്ചാവ് പിടിച്ചെടുത്തത്. നായ്ക്കളെ വളർത്തിയിരുന്ന സ്ഥാപനത്തിൽ ജില്ലാ പോലീസ് മേധാവി കെ കാർത്തിക് പരിശോധന നടത്തി. ഗാന്ധിനഗർ പോലീസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്. ജില്ലാ പോലീസ് മേധാവി കെ കാർത്തിക്, നെൽക്കോട്ടിക് സെൽ ഡിവൈഎസ്പി സി.ജോൺ, ഗാന്ധിനഗർ സ്റ്റേഷൻ ഹൗസ് ഓഫീസർ കെ ഷിജി എന്നിവരുടെ നേതൃത്വത്തിലാണ് ലഹരിവിരുദ്ധ സ്ക്വാഡ് പരിശോധന നടത്തിയത്.
![]()
