ദുബായ്: പ്രവാസികളോടുള്ള ഭരണകൂട അവഗണനക്കെതിരെ ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രക്ഷോഭത്തിലേക്ക്.പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന ആവശ്യങ്ങളെ അവഗണിക്കുന്ന ഭരണകൂടത്തിന് എതിരെ പ്രക്ഷോഭത്തിന് ഒരുങ്ങി പ്രവാസികളും കുടുംബങ്ങളും. ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായെങ്കിലും പ്രവാസികൾ നിരന്തരം ഉന്നയിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണണമെന്നും പ്രകടന പത്രികയിൽ പ്രവാസികളുടെ ക്ഷേമത്തിനായുള്ള പദ്ധതികൾ ഉൾപ്പെടുത്തണമെന്നു പ്രവാസി ഫെഡറേഷൻ ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ ആവശ്യപ്പെട്ടു.
വോട്ടവകാശം അനുവദിക്കുക, പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക, സീസൺ സമയത്തെ ആകാശക്കൊള്ള അവസാനിപ്പിക്കുക,പുനരധിവാസത്തോടൊപ്പം പെൻഷൻ അനുവദിക്കുക, എൻആർഐകൾക്ക് മാത്രമായി എൻആർഐ ഷെഡ്യൂൾഡ് ബാങ്ക് അനുവദിക്കുക,പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കുക തുടങ്ങിയ പ്രധാന ആവശ്യങ്ങളാണ് സംഘടനാ മുന്നോട്ട് വെക്കുന്നത്.
30 മില്യണിൽ അധികം വരുന്ന ഇന്ത്യക്കാരാണ് പ്രവാസികളായി ലോകമെമ്പാടുമുള്ളത്. 2022 ൽ മാത്രം 111 ബില്യൺ ഡോളറാണ് ലോകത്തുനിന്നും ഇന്ത്യയിലേക്ക് ഒഴുകിയത്. ജിഎൻപിയുടെ കണക്കെടുത്താൽ 5%ത്തോളം വരും പ്രവാസികളുടെ വിദേശ നാണയത്തിന്റെ പങ്ക്. എന്നാൽ ഭരണഘടനാദത്തമായ ഭാരതീയ പൗരന്റെ മൗലിക അവകാശമായ വോട്ടവകാശം പോലും റദ്ദ് ചെയ്യപ്പെട്ടവരാണ് ഇന്ത്യൻ പ്രവാസികളെന്ന് ഭാരതീയ പ്രവാസി ഫെഡറേഷൻ ചൂണ്ടിക്കാണിച്ചു.
അറ്റസ്റ്റ്റ്റേഷനും, പാസ്പോർട്ട് പുതുക്കലിനും ഓരോ പ്രവാസി അപേക്ഷയോടൊപ്പം കമ്മ്യുണിറ്റി വെൽഫയറിനുവേണ്ടി പണം വാങ്ങുന്ന ഇന്ത്യൻ എംബസികൾ എന്നാൽ പ്രവാസി മൃതദേഹങ്ങൾ സൗജന്യമായി നാട്ടിലെത്തിക്കാൻ യാതൊരുവിധ നേതൃത്വപരമായ പങ്കും വഹിക്കുന്നില്ല എന്നത് കനത്ത നിരുത്തരവാദിത്വപരമാണ്.
മടങ്ങി വരുന്ന പ്രവാസികൾക്ക് ക്ഷേമ പെൻഷനുകളോ, പുനരധിവാസമോ ഇല്ല. കോവിഡാനന്തരം നടന്ന സാമ്പത്തിക മാന്ദ്യവും, തൊഴിൽ ഇടങ്ങളിലെ പിരിച്ചു വിടലും, ശമ്പളം വെട്ടിചുരുക്കലിനും ഇടയിൽ 2020 മെയിൽ കേന്ദ്രസർക്കാർ നടപ്പാക്കിയ വിമാന ടിക്കറ്റിന്റെ പരമാവധി നിരക്ക് പരിധി സെപ്റ്റംബറിൽ എടുത്തു കളഞ്ഞതോടെ കോവിഡിന് തൊട്ടുമുൻപുള്ളതിനെ അപേക്ഷിച്ചു 41%വരെ ഇന്ത്യയിൽ അന്താരാഷ്ട്ര വിമാനക്കൂലി വർധിപ്പിച്ചെന്ന് എയർപോർട്ട് കൗൺസിൽ ഇന്റർനാഷണലിന്റെ ഔദ്യോഗിക റിപ്പോർട്ടിൽ പറയുന്നു
സമഗ്രമായ പ്രവാസി പെൻഷൻ പദ്ധതിയ്ക്ക് കേന്ദ്രസർക്കാർ നേതൃത്വം നൽകണം . പ്രവാസി ഭാരതീയ ഭീമായോജന ഇൻഷുറൻസ് പദ്ധതി ഇന്നും അവ്യക്തമായി തുടരുകയാണ്. അതിന്റെ പോരായ്മകൾ പരിഹരിച്ച് നടപ്പിലാക്കേണ്ടതുണ്ട്.പ്രവാസി ക്ഷേമത്തിനായുള്ള ഇന്ത്യൻ കമ്യൂണിറ്റി വെൽഫയർ ഫണ്ട് അതത് രാജ്യങ്ങളിൽ പ്രവാസികളുടെ മൃതദേഹം കയറ്റി അയക്കുന്നതടക്കം പ്രവാസികാറ്റായി ഉപയോഗിക്കണം.
ഭരണഘടനയുടെ ആർട്ടക്കിൾ 14- ൽ വ്യക്തമാക്കിയ മൗലിക അവകാശമായ വോട്ടവകാശം പ്രവാസിയായി വിധിക്കപ്പെട്ടതുമൂലം സുപ്രീം കോടതി വരെ കയറിയിറങ്ങേണ്ട അവസ്ഥയിലാണ്. എല്ലാം പ്രശ്നങ്ങൾക്കും പരിഹാരം വോട്ട് തന്നെയാണ്.
ജീവിക്കാനായി ജീവിതം ഹോമിച്ചവരാണ് പ്രവാസികൾ. എന്നാൽ പ്രവാസികളുടെ നിരവധിയായ അടിസ്ഥാന ആവശ്യങ്ങളോട് ക്രിയാത്മകമായി പ്രതികരിക്കാൻ ഭരണകർത്താക്കൾക്ക് കഴിയുന്നില്ല. ഇത്തരം സാഹചര്യത്തിൽ പ്രവാസികളും പ്രവാസി കുടുംബങ്ങളും പ്രക്ഷോഭത്തിലേക്ക് കടക്കുകയാണെന്ന് ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രതിനിധികൾ പറഞ്ഞു.2024 ൽ നടക്കാൻ പോകുന്ന ലോകസഭാ തിരഞ്ഞെടുപ്പിന്റെ പ്രകടന പത്രികയിൽ പ്രവാസികളെ പരിഗണിക്കുകയും, തിരഞ്ഞെടുപ്പ് അജണ്ടയിൽ ഉൾപ്പെടുത്തുകയും ചെയ്യുക എന്നതാണ് ഭാരതീയ പ്രവാസി ഫെഡറേഷൻ ഉന്നയിക്കുന്ന ആവശ്യം .
ഭാരതീയ പ്രവാസി ഫെഡറേഷൻ പ്രതിനിധികളായ കെ കെ ഷിഹാബ്,ഡോ. അനൂപ് തോമസ് അലക്സ്, തോമസ് ജോൺ തുടങ്ങിയവർ വാർത്ത സമ്മേളനത്തിൽ പങ്കെടുത്തു
![]()
