ഏഷ്യാ കപ്പ് ക്രിക്കറ്റ് ഫൈനലിൽ ഇന്ത്യ ഇന്ന് ആതിഥേയരായ ശ്രീലങ്കയെ നേരിടും. അഞ്ച് വർഷത്തിന് ശേഷം ലോക ക്രിക്കറ്റിലെ ഒരു സുപ്രധാന ടൂർണമെൻറിൽ കിരീടം നേടാൻ ഇറങ്ങുകയാണ് ടീം ഇന്ത്യ. ഏഷ്യാ കപ്പിൽ ശ്രീലങ്കക്കെതിരെ കൊളംബോയിൽ ഇറങ്ങുമ്പോൾ രോഹിത് ശർമയ്ക്കും കൂട്ടർക്കും പ്രതീക്ഷകൾ ഏറെയാണ്. 2018ൽ ബംഗ്ലാദേശിനെ തോൽപ്പിച്ച് ഏഷ്യാ കപ്പ് കിരീടം നേടിയതിന് ശേഷം ഒരു പ്രധാന ടൂർണമെൻറിൽ ഇന്ത്യക്ക് ജയം നേടാൻ സാധിച്ചിട്ടില്ല.
ഏഷ്യാ കപ്പിൽ 7 തവണ കിരീടം നേടിയിട്ടുള്ള ടീമാണ് ഇന്ത്യ. ശ്രീലങ്ക 6 തവണയും കിരീടം നേടിയിട്ടുണ്ട്. ഏഷ്യാ കപ്പ് ഫൈനലിൽ ഇത് എട്ടാം തവണയാണ് ഇന്ത്യയും ശ്രീലങ്കയും തമ്മിൽ കളിക്കാൻ പോവുന്നത്. ഇതിൽ നാലെണ്ണത്തിൽ ഇന്ത്യ വിജയിച്ചപ്പോൾ മൂന്ന് തവണ ലങ്കയാണ് വിജയിച്ചത്. ആതിഥേയരാണെന്നത് ഇത്തവണ ശ്രീലങ്കയുടെ സാധ്യത വർധിപ്പിക്കുന്നുണ്ട്.
ഏഷ്യാ കപ്പിൽ ഇന്ത്യക്ക് ഏറ്റവും പ്രതീക്ഷ നൽകുന്നത് ഓപ്പണിങ് നിരയുടെ കരുത്താണ്. രോഹിത് ശർമയും ശുഭ്മാൻ ഗില്ലും ഗംഭീര ഫോമിലാണ് കളിക്കുന്നത്.
വിരാട് കോഹ്ലിയും ഉപനായകൻ ഹാർദിക് പാണ്ഡ്യയും ഇല്ലാതെയാണ് ഇന്ത്യ ബംഗ്ലാദേശിനെതിരെ കളിച്ചിരുന്നത്. ഇരുവരും ഫൈനലിൽ മടങ്ങിയെത്തും. മധ്യനിരയിൽ ഇന്ത്യ സൂര്യകുമാർ യാദവിനെയും തിലക് വർമയെയുമാണ് പരീക്ഷിച്ചത്. അത് കാര്യമായി ഗുണം ചെയ്തില്ല.പരിക്കിൽ നിന്ന് പൂർണമായും മോചിതനായിട്ടില്ലാത്ത ശ്രേയസ് അയ്യരെ ഉൾപ്പെടുത്താനുള്ള സാധ്യത കുറവാണ്. നാലാം നമ്പറിൽ മികച്ച ഫോമിൽ കളിക്കുന്ന കെഎൽ രാഹുൽ തന്നെയാവും ഇറങ്ങുക. അഞ്ചാം നമ്പറിൽ ഇടങ്കയ്യൻ ബാറ്റർ ഇഷാൻ കിഷനും കളിക്കും.
ബംഗ്ലാദേശിനെതിരെ കളിക്കാതിരുന്ന
ജസ്പ്രീത് ബുംറയും മുഹമ്മദ് സിറാജും ടീമിൽ മടങ്ങിയെത്തും. കൊളംബോയിൽ സ്പിന്നർമാരെ കൂടുതൽ തുണയ്ക്കുന്ന സാഹചര്യമാണെങ്കിൽ ഇന്ത്യ ശാർദുൽ താക്കൂറിനെ കളിപ്പിച്ചേക്കില്ല.
ഏഷ്യാ കപ്പിൽ തകർപ്പൻ ഫോമിൽ കളിക്കുന്ന കുൽദീപ് യാദവ് ടീമിൽ മടങ്ങിയെത്തും. കുൽദീപിനൊപ്പം രവീന്ദ്ര ജഡേജയും വാഷിങ്ടൺ സുന്ദറും കളിച്ചേക്കാനുള്ള സാധ്യതയുണ്ട്. അക്സർ പട്ടേലിന് പരിക്കേറ്റതിനാലാണ് ഇന്ത്യ സുന്ദറിനെ ടീമിലേക്ക് വിളിപ്പിച്ചിരിക്കുന്നത്. അക്സറിനെ പോലെത്തന്നെ മികച്ച ഓൾറൗണ്ടറാണ് വാഷിങ്ടൺ സുന്ദർ. അവസരം ലഭിച്ചാൽ താരത്തിന് കഴിവ് തെളിയിക്കാൻ സാധിക്കും.
![]()
