ആനക്കൊമ്പുമായി രണ്ടുപേർ അറസ്റ്റിൽ; പിടിയിലായവരിൽ ഐഎൻടിയുസി ജില്ല നേതാവിന്റെ മകനും
ഇടുക്കി: വിൽക്കാൻ കൊണ്ടുപോയ ആനക്കൊമ്പുമായി ഇടുക്കി ഐഎൻടിയുസി ജില്ല നേതാവിന്റെ മകനുൾപ്പെടെ രണ്ടുപേർ പിടിയിൽ. തമിഴ്നാട്ടിലെ കമ്പത്ത് വെച്ചാണ് പ്രതികൾ പിടിയിലായത്. തേനി ഗൂഡല്ലൂർ കന്നികാളിപുരം സ്വദേശി സുരേഷ് കണ്ണൻ, അണക്കര കടശികടവ് സ്വദേശി മുകേഷ് കണ്ണൻ എന്നിവരാണ് ആനക്കൊമ്പുകളുമായി കമ്പത്ത് സെൻട്രൽ വൈൽഡ് ലൈഫ് ക്രൈം കൺട്രോൾ ബ്യൂറോയുടെ പിടിയിലായത്.
തേനിയിൽ ആനക്കൊമ്പ് വ്യാപാരം നടത്തുന്നതായി കുറച്ചു ദിവസങ്ങൾക്ക് മുൻപ് വിവരം ലഭിച്ചിരുന്നു. ഇൻസ്പെക്ടർ രവീന്ദ്രന്റെ നേതൃത്വത്തിൽ കമ്പം വെസ്റ്റ് റെയ്ഞ്ച് വാർഡൻ സ്റ്റാലിനും വനംവകുപ്പ് ഉദ്യോഗസ്ഥരും ബുധനാഴ്ച രാത്രി കമ്പം- കുമളി റോഡിൽ വാഹന പരിശോധന നടത്തിയിരുന്നു. ഇതേസമയം കർണാടക രജിസ്ട്രേഷനിലുള്ള ബൈക്കിലായിരുന്നു പ്രതികൾ എത്തിയത്.
പ്രതികളുടെ പെരുമാറ്റത്തിൽ സംശയം തോന്നിയതോടെ ഉദ്യോഗസ്ഥർ യുവാക്കളുടെ കൈവശമിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് കൊമ്പ് കണ്ടെത്തിയത.് മൂന്ന് കൊമ്പുകളാണ് ഇവരുടെ പക്കൽ നിന്നും പിടികൂടിയത്. ഇതിൽ രണ്ടെണ്ണം വലുതും ഒരെണ്ണം ചെറുതുമായിരുന്നു. പ്രതികളെ കമ്പം വനം വകുപ്പ് ഓഫീസിലെത്തിച്ച് വിശദമായി ചോദ്യം ചെയ്തു.
ആനക്കൊമ്പുകൾ വിൽപ്പനക്കായി കേരളത്തിലേയ്ക്ക് കൊണ്ടു വരികയായിരുന്നു എന്നാണ് പ്രതികൾ മൊഴി നൽകിയത്. യുവാക്കൾക്ക് ആനക്കൊമ്പ് എവിടെ നിന്നാണ് ലഭിച്ചതെന്നും ആനക്കൊമ്പ് കച്ചവടത്തിൽ കൂടുതൽപ്പേർ ഉൾപ്പെട്ടിട്ടുണ്ടോ എന്നുള്ള കാര്യത്തിലും വനംവകുപ്പ് അന്വേഷണം ഊർജ്ജിതമാക്കി.
![]()
