കൊളമ്പോ : ഏഷ്യ കപ്പിലെ സൂപ്പർ ഫോർ പോരാട്ടത്തിൽ പാകിസ്ഥാനെ തകർത്ത് ഇന്ത്യ. എല്ലാ മേഖലയിലും മേധാവിത്വം പുലർത്തിയ മത്സരത്തിൽ 228 റൺസിൻ്റെ കൂറ്റൻ വിജയമാണ് ഇന്ത്യ കുറിച്ചത്.ഏകദിനത്തിൽ പാകിസ്ഥാനെതിരായ ഇന്ത്യയുടെ ഏറ്റവും വലിയ വിജയമാണിത്.
ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏകദിനത്തിലെ 47 ആം സെഞ്ചുറി നേടിയ കോഹ്ലി 94 പന്തിൽ 9 ഫോറും മൂന്ന് സിക്സും ഉൾപ്പടെ 122 റൺസ് നേടിയപ്പോൾ കെ എൽ രാഹുൽ 106 പന്തിൽ 12 ഫോറും 2 സിക്സും ഉൾപ്പടെ 111 റൺസ് നേടി. നേരത്തെ ഓപ്പണിങ് കൂട്ടുകെട്ടിൽ 121 റൺസ് കൂട്ടിച്ചേർത്തുകൊണ്ട് രോഹിത് ശർമ്മയും ശുഭ്മാൻ ഗില്ലും മികച്ച തുടക്കം ഇന്ത്യയ്ക്ക് സമ്മാനിച്ചിരുന്നു.
രോഹിത് ശർമ്മ 49 പന്തിൽ 56 റൺസും ശുഭ്മാൻ ഗിൽ 52 പന്തിൽ 58 റൺസും നേടി.
ഇന്ത്യ ഉയർത്തിയ 357 റൺസിൻ്റെ വിജയലക്ഷ്യം പിൻതുടർന്ന പാകിസ്ഥാന് 32 ഓവറിൽ 128 റൺസ് നേടുവാൻ മാത്രമാണ് സാധിച്ചത്. ക്യാപ്റ്റൻ ബാബർ അസം ഉൾപ്പെടെ ഉള്ള പാക് ബാറ്റ്സ്മാൻമാർക്ക് ഇന്ത്യൻ ബൗളർമാർക്ക് മുമ്പിൽ പിടിച്ച് നിൽക്കാൻ ആയില്ല.പാകിസ്ഥാൻ്റെ എട്ട് വിക്കറ്റുകൾ ഇന്ത്യ വീഴ്ത്തി. പരിക്ക് മൂലം നസീം ഷായും ഹാരിസ് റൗഫും ബാറ്റിങിന് ഇറങ്ങിയില്ല.8 ഓവറിൽ 25 റൺസ് വഴങ്ങി 5 വിക്കറ്റ് വീഴ്ത്തിയ കുൽദീപ് യാദവാണ് പാകിസ്ഥാനെ തകർത്തത്. ജസ്പ്രീത് ബുംറ, ഷാർദുൽ താക്കൂർ, ഹാർദിക്ക് പാണ്ഡ്യ എന്നിവർ ഓരോ വിക്കറ്റ് വീതം നേടിനാളെ സൂപ്പർ ഫോറിലെ അടുത്ത പോരാട്ടത്തിൽ ശ്രീലങ്കയുമായി ഇന്ത്യ ഏറ്റുമുട്ടും.
![]()
