പാരീസ് : ഇന്ത്യ – ഭാരത് പേരുമാറ്റൽ വിവാദത്തിൽ കേന്ദ്ര സർക്കാരിനെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണെന്നും, ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കുന്നവർ വലിയ വില നൽകേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. പാരീസിലെ സയൻസസ് പിഒ സർവകലാശാലയിൽ സംസാരിക്കവെയാണ് രാഹുലിന്റെ പരാമർശം
“രാജ്യത്തിന്റെ പേര് മാറ്റാൻ ശ്രമിക്കുന്ന ആളുകൾ അടിസ്ഥാനപരമായി ചരിത്രത്തെ നിഷേധിക്കാൻ ശ്രമിക്കുകയാണ്. അങ്ങനെ ഇന്ത്യയുടെ ആത്മാവിനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരാളും അവരുടെ പ്രവൃത്തികൾക്ക് വലിയ വില നൽകേണ്ടിവരും,” രാഹുൽ പറഞ്ഞു. രാജ്യത്തെ ഇന്ത്യയെന്നോ ഭാരതമെന്നോ വിളിക്കുന്നതിൽ തെറ്റില്ലെങ്കിലും, മാറ്റത്തിന് പിന്നിലെ ഉദ്ദേശ്യമാണ് കൂടുതൽ പ്രധാനമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
“ഇന്ത്യൻ ഭരണഘടനയിൽ രണ്ട് പേരുകളും (ഇന്ത്യ, ഭാരത്) ഉപയോഗിക്കുന്നു. രണ്ടു വാക്കുകളും തികച്ചും നല്ലതാണ്. പക്ഷേ, പ്രതിപക്ഷ സഖ്യത്തിന്റെ പേര് ‘ഇന്ത്യ’ എന്നാക്കിയതാണ് കേന്ദ്ര സർക്കാരിനെ പ്രകോപിപ്പിച്ചത്. അതുകൊണ്ടാണ് അവർ രാജ്യത്തിന്റെ പേര് മാറ്റാൻ തീരുമാനിച്ചത്.”- അദ്ദേഹം പറഞ്ഞു.
![]()
