സന്ദർശകരെ മാടിവിളിക്കുന്ന കസബ് ഉപ്പുപ്പാടം.
സുലൈമാൻ വിഴിഞ്ഞം.
റിയാദ്: മരുഭൂമിക്കുള്ളിൽ കിലോമീറ്ററുകളോളം നീണ്ടു കിടക്കുന്ന ഉപ്പുപ്പാടം സന്ദർശകരെ അല്പമൊന്നുമല്ല അമ്പരപ്പിക്കുന്നത്. റിയാദിൽ നിന്ന് 180 കിലോമീറ്റർ അകലെ പഴയ മദീന റോഡിൽ ശക്രക്കക്കും മറാത്തിനും ഇടയിലായി സ്ഥിതിചെയ്യുന്ന പ്രദേശമാണ് കസബ്. പൂർണമായും മരുഭൂമിയാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഈ പ്രദേശത്തു ഏകദേശം 20 കിലോമീറ്റർ ചുറ്റളവിൽ പൂർണമായും ഉപ്പുപാട ങ്ങളാണ്. ദൂരെനിന്നു നോക്കിയാൽ മഞ്ഞു വീണു കിടക്കുന്നപോലെ പൂർണമായും വെള്ളനിറത്തിൽ കാണുന്ന ഈ പ്രദേശം കാണാൻ സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്ന് സന്ദർശകർ എത്തുന്നുണ്ട്. ഇപ്പോൾ തണുപ്പ് കാലമായപ്പോൾ സന്ദർശകർ കൂടുതലായി എത്തുന്നതായി ഇവിടെയുള്ള തൊഴിലാളികൾ പറയുന്നു. ആഴത്തിൽ കുഴികൾ എടുത്തു അതിൽ അകലെ നിന്ന് വെള്ളം പമ്പ്ചെയ്തു നിറച്ചാണ് ഉപ്പു നിർമാണം. ഉപ്പു രൂപാന്തരപേട്ടശേഷം വലിയ ജെ. സി. ബി വാഹനങ്ങൾ ഉപയോഗിച്ച് അവ കരയിലേക്ക് മാറ്റുകയുമാണ് ആദ്യ ഘട്ടം. ശേഷം വലിയ വാഹനങ്ങളിൽ ശുദ്ധീകരണ ശാലകളിലേക്ക് മാറ്റുകയും കൂടുതൽ ശുദ്ധീകരണ പ്രക്രിയകൾക്ക് ശേഷം പാക്കറ്റുകളിലാക്കി ഫേക്ടറിയിലേക്ക് മാറ്റുകയും ചെയ്യും. ശേഷം ചെറിയ കവറുകളിലാക്കി വിപണിയിലേക്ക് എത്തിക്കുകയുമാണ് ചെയ്യുക. റിയാദിൽ നിന്ന് അടുത്തായത് കാരണം ഒഴിവു ദിവസങ്ങളിൽ ഈ പ്രദേശം കാണാൻ മലയാളി കുടുംബങ്ങൾ ഉൾപ്പെടെ നിരവധി സന്ദർശകർ എത്തുന്നുണ്ട്.
![]()
