അപ്പയുടെ ഭൂരിപക്ഷം മറികടന്നു സുപ്രീം കോടതിയിൽ നിന്ന് നേരിട്ട് നിയമസഭയിലേക്ക്
ചാണ്ടി ഉമ്മൻ എത്തുമ്പോൾ വിദ്യാർത്ഥി യുവജന പ്രസ്ഥാനങ്ങളുടെ പ്രവർത്തന പരിചയവുമായി തന്നെയാണ് എം എൽ എ പദവി കയ്യാളാൻ പോകുന്നത്.
തിരുവനന്തപുരം കാർമൽ,ലയോള,സെന്റ് തോമസ് എന്നിവടങ്ങളിൽ നിന്ന് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കിയ ചാണ്ടി ഉമ്മൻ ഡൽഹി സെന്റ് സ്റ്റീഫൻസിൽ നിന്ന് ബി എ ഓണേഴ്സും എം എ ഹിസ്റ്ററിയും ഡൽഹി സർവകലാശാലയിൽ നിന്ന് എൽ എൽ ബിയും ഡൽഹി നാഷണൽ ലോ സ്കൂളിൽ നിന്ന് ക്രിമിനോളജിയിലും ബംഗളുരു ക്രൈസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്ന് കോൺസ്റ്റിറ്റിയൂഷണൽ ലോയിലും എൽ എൽ എമ്മും നേടി.ആറ് ഭാഷകളില് പ്രാവിണ്യമുള്ള ചാണ്ടി ഉമ്മൻ പ്രതിപക്ഷ നിരയിലെ യുവശബ്ദങ്ങൾക്ക് ആവേശം പകരും.
മലയാളം, ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക് ഭാഷകളിൽ പ്രാവീണ്യം നേടിയ അദേഹം ലണ്ടൻ സ്കൂൾ ഓഫ് ഇക്കണോമിക്സിൽ നിന്ന് സമ്മർ കോഴ്സും പാസായി. യൂത്ത് കോൺഗ്രസ് ഔട്ട് റീച്ച് സെൽ ദേശീയ ചെയർമാനും കെ.പി.സി.സി അംഗവുമായി നിലവിൽ പ്രവർത്തിക്കുന്ന അദ്ദേഹം സെന്റ് സ്റ്റീഫൻസ് കോളേജ് സ്റ്റുഡന്റ്സ് യൂണിയൻ പ്രസിഡന്റ്, എൻ.എസ്.യു.ഐ ദേശീയ തിരഞ്ഞെടുപ്പ് സമിതി അംഗം, യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി, കോമൺവെൽത്ത് ഗെയിംസ് സംഘാടക സമിതി അംഗം, മുനിസിപ്പൽ ആന്റ് കോർപ്പറേഷൻ വർക്കേഴ്സ് യൂണിയൻ സംസ്ഥാന പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചു.2016 മുതൽ സുപ്രീം കോടതി അഭിഭാഷകനാണ്. 2017 മുതൽ 2020 വരെ വിവേകാനന്ദ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പ്രൊഫഷണൽ സ്റ്റഡീസിൽ അസിസ്റ്റന്റ് ഫാക്കൽറ്റിയായും പ്രവർത്തിച്ചു.രാഹുൽ ഗാന്ധി നയിച്ച ” ഭാരത് ജോഡോ” യാത്രയിലെ സ്ഥിരഅംഗം കൂടിയായിരുന്നു യുവ നേതാവ് കൂടിയായ ചാണ്ടി ഉമ്മൻ.
![]()
