ബത്ഹയിൽ വെച്ച് പണം കവർന്നിട്ട് അപ്പോൾ തന്നെ തിരികെ വിളിച്ചു കൊടുത്തവൻ….ആര്?
ചില ഓർമ്മ പെടുത്തലുകൾ ജാഗ്രത സന്ദേശങ്ങൾ കൂടിയാണ്.പോക്കറ്റ് അടി… പുതിയ വേർഷൻ…. റിയാദിലെ സാമൂഹിക പ്രവർത്തകൻ സത്താർ താമരത്തിന്റെ ഫേസ് ബുക്ക് കുറിപ്പ് ശ്രദ്ധേയമാകുന്നു
ഇന്നലെ മഗ്രിബ് കഴിഞ്ഞ സമയം. ബത്ഹ ഗോൾഡ് സൂക്കിന് എതിർവശം റോഡിന്റെ ഓരം ചേർന്ന് ഫോണിൽ സംസാരിച്ച് നടക്കുകയാണ്. പെട്ടെന്ന് ഒരാളുടെ കാല് തടഞ്ഞ് ഞാൻ വീഴാൻ പോകുന്നു. ഉടനെ അയാൾ തന്നെ എന്നെ ചേർത്ത് പിടിക്കുന്നു. നല്ല ചൂടുള്ള കാലാവസ്ഥയായിട്ടും അയാൾ ഒരു പുതപ്പ് പുതച്ചിട്ടുണ്ട്. എന്തോ അസ്വഭാവികത തോന്നി പെട്ടെന്ന് വല്ലാത്ത ഭയത്തോടെ തിരിഞ്ഞ് നോക്കിയപ്പോൾ മറ്റൊരാൾ നിന്ന് പരുങ്ങുകയും അയാൾ ഇടത് കൈ എന്റെ നേരെ നീട്ടി പണം തന്നതും ഒരുമിച്ചായിരുന്നു.
എന്താണ് സംഭവിച്ചതെന്ന് എനിക്ക് മനസ്സിലായില്ല. പണം വാങ്ങിയ ശേഷമാണ് അതെന്റെ പോക്കറ്റിലുള്ള കാശാണെന്ന ബോധ്യം എനിക്ക് വന്നത്. കാശ് തന്നവനും മേലാകെ മുടുന്ന ഒരു പുതപ്പ് പുതച്ചിട്ടുണ്ട്.
ഒരു അഞ്ചോ ആറോ സെക്കന്റിനുള്ളിലാണ് ഇതെല്ലാം സംഭവിക്കുന്നത്…!! തൊട്ടടുത്ത കടയിൽ കയറി കാശ് എണ്ണിനോക്കി, ഒരു റിയാൽ പോലും നഷ്ടപ്പെട്ടിട്ടില്ല. പടച്ചവനെ കുറെ സ്തുതിച്ചു. തൊണ്ടയാകെ വരണ്ടിട്ടുണ്ട്. ശ്വാസം വല്ലാതെ തിങ്ങി. ഹൃദയമിടിപ്പ് എല്ലാവർക്കും കേൾക്കാവുന്ന ശബ്ദത്തിൽ ഉയർന്നിട്ടുണ്ട്.
അതി വിദഗ്ദരായ രണ്ട് കറുത്ത വർഗ്ഗക്കാരായ കള്ളന്മാർ വളരെ സമർത്ഥമായി എന്നെ പോക്കറ്റടിക്കുകയായിരുന്നു. ഗോൾഡ് സൂക്കിലെ ഒരു ഷോപ്പിൽ ഒരാൾക്ക് കൊടുക്കുവാൻ ഏല്പിച്ച കാശ് കൊടുത്ത് ബാക്കി തുക പാന്റിന്റെ മുൻവശം വലത് പോക്കറ്റിൽ ഭദ്രമായി വെച്ച് റോഡ് മുറിച്ച് കടന്ന് പോവുകയായിരുന്ന എന്നെ, അവർ പിന്തുടരുകയും മോഷണം നടത്തുകയുമായിരുന്നു. ബോധപൂർവം കാല് വെച്ച് എന്നെ തടയുകയും ക്ഷണ നേരം കൊണ്ട് മറ്റൊരാൾ പുതപ്പ് കൊണ്ടെന്റെ കണ്ണ് മറച്ച് പോക്കറ്റിലുള്ള പണം അപഹരിക്കുകയുമായിരുന്നു. മുഴവൻ കാശും കയ്യിലാക്കിയ അവൻ എന്തിനാണ് ആ കാശ് തിരിച്ച് തന്നതെന്ന് ഈ നിമിഷം വരെയും ഉത്തരം കിട്ടാതെ കിടക്കുകയാണ്.
തെരുവിൽ സാധാരണ ആളില്ലാത്ത ഇടങ്ങളിൽ ആയുധങ്ങൾ വെച്ച് കയ്യിലുള്ള കാശും ഫോണും കവരുന്ന വാർത്തകൾ നിരന്തരം കേൾക്കാറുണ്ട്. ഇത് അതിൽ നിന്നൊക്കെ വ്യത്യസ്ഥമായ രീതിയിലാണ് മോഷണം നടത്തിയത്. ഒരേ സമയം അത്ഭുതവും ഭയവും പണം തിരികെ തന്ന അവിശ്വസനീയതയും ചേർന്ന, ഒരുതരം വികാരം പറഞ്ഞറിയിക്കാൻ കഴിയാത്തതാണ്. മൂവായിരത്തി ഒരുനൂറ്റി അൻപത് റിയാൽ കയ്യിൽ കിട്ടിയിട്ടും പ്രതിരോധിക്കുവാൻ കഴിയാതെ നിസ്സഹായനായി ഞാൻ നിന്നിട്ടും പണം തിരികെ തന്ന തസ്കരന്റെ മഹാമനസ്കത മനസ്സിലാവാത്ത എന്നോട് ഉമ്മ പറഞ്ഞ മറുപടിയാണ് കണ്ണ് നിറച്ചത്. “മ്മാന്റെ കുട്ടിയുടെ വിയർപ്പിൽ ഹക്കല്ലാത്ത ഒന്നുമുണ്ടാവില്ല… ന്റെ കുട്ടിക്ക് മ്മാന്റെ ദുആ എപ്പഴുമുണ്ട് ” പടച്ചോന്റെ കാര്യണത്തിന് അറ്റമില്ലെന്ന ഓർമ്മപ്പെടുത്തലും ഒപ്പം സൂക്ഷ്മത വേണമെന്ന മുന്നറിയിപ്പുമായിരുന്നു ബത്ഹയിലെ ആ പോക്കറ്റടിയനുഭവം…!
![]()
