അൽ ഖർജ് : സ്പോൺസറുമായുണ്ടായ തൊഴിൽ തർക്കത്തെ തുടർന്ന് ദുരിതത്തിലായ പാലക്കാട് മാരായമംഗലം സ്വദേശി രാജു അയ്യപ്പൻ അൽ ഖർജ് കെഎംസിസി യുടെ സഹായത്തോടെ നാട്ടിലെത്തി. നാട്ടിൽ ഡ്രൈവർ ആയി ജോലി ചെയ്തു പോന്ന രാജു കുടുംബത്തെ കരകയറ്റാമെന്ന മോഹവുമായാണ് പതിനാലു വര്ഷം മുമ്പ് ഖർജിലെത്തിയത്. അഞ്ചു വര്ഷം മുന്നെ നാട്ടിൽ പോയി തിരിച്ചെത്തിയ രാജു ഓടിച്ചിരുന്ന വാഹനം അപകടത്തിൽ പെട്ടതോടെ സ്പോൺസർ ഇടഞ്ഞു. ഭാഗിക ഇൻഷുറൻസ് മാത്രമുണ്ടായിരുന്ന വാഹനത്തിനു രാജു വരുത്തി വെച്ച നഷ്ടം നികത്തണമെന്നു സ്പോൺസർ ശാഠ്യം പിടിച്ചതോടെ കുഴങ്ങി. തർക്കങ്ങൾക്കിടയിൽ ഇഖാമ കാലാവധി അവസാനിച്ചു. നാട്ടിൽ പോകാനുള്ള ഔട്ട് പാസ്സിനായി എംബസിയെ സമീപിച്ചപ്പോൾ സ്പോൺസർ നൽകിയ കേസ് ഉണ്ടെന്നറിഞ്ഞു മടങ്ങി.
തുടർന്ന് അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടിയുടെയും ടൗൺ കെഎംസിസി ചെയർമാൻ ബഷീർ ഫവാരിസിന്റെയും നേതൃത്വത്തിൽ സ്പോണ്സറുമായി നിരന്തരം സംസാരിച്ചു പരാതിപ്പെട്ട തുക ഗണ്യമായി കുറച്ചു. ടൗൺ കെഎംസിസി യുടെ നേതൃത്വത്തിൽ സ്പോൺസറുടെ നഷ്ടം നികത്താനുള്ള പണം കണ്ടെത്തി കേസ് പിൻവലിപ്പിച്ചു. മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ് ട്രെഷറർ റിയാസ് തിരൂർക്കാടിന്റെ നേതൃത്വത്തിൽ ഔട്ട് പാസും തരപ്പെടുത്തി.അൽ ഖർജ് കെഎംസിസി സെൻട്രൽ കമ്മിറ്റി എയർ ടിക്കറ്റ് സൗജന്യമായി നൽകി. തന്നെ ദുരിതക്കയത്തിൽ നിന്നും കര കയറ്റിയ അൽ ഖർജ് കെഎംസിസി പ്രവർത്തകരോട് രാജു ഈറനണിഞ്ഞ കണ്ണുകളാൽ യാത്ര പറഞ്ഞു.
![]()
