കായംകുളം എം എസ് എം കോളേജ് പൂർവ്വ വിദ്യാർത്ഥിനി ടി. ശ്യാമള കുമാരി (റിട്ട.വെൽഫയർ ഓഫിസർ, ജയിൽ വകുപ്പ് ) അധ്യാപക ദിനത്തിൽ തന്റെ പ്രിയപ്പെട്ട അയ്യർ സാറിന്റെ ഓർമ്മകൾ പങ്കുവെക്കുന്നു
ഒരു അദ്ധ്യാപകദിനം കൂടി കടന്നു പോകുമ്പോൾ ഞാൻ ഓർക്കുകയാണ് എന്നെ ഞാനാക്കിയ എന്റെ എം. എസ് .എം കോളജും ഞങ്ങളുടെ അയ്യർ സാറും പിന്നെ എന്റെ നാഷണൽ സർവീസ് സ്കീമും(എൻ എസ് എസ്),ഇതൊന്നുമില്ലാതിരുന്നു എങ്കിൽ ഞാൻ എന്ന വ്യക്തി ഉണ്ടാകുമായിരുന്നില്ല.
ഒന്നാം വർഷ ഡിഗ്രി ക്ലാസിൽ ഇടവേള സമയത്ത് എൻ എസ് എസ് പ്രചരണാർത്ഥം പ്രീഡിഗ്രി ക്ലാസുകളിൽ കയറി ഇറങ്ങി നടക്കുമ്പോൾ “ഇവിടെ എന്താ ബഹളം, എല്ലാവരും ക്ലാസിൽ നിന്ന് ഇറങ്ങി പ്പോയേ ” എന്ന ഒച്ച കേട്ട് ഞെട്ടി തിരിഞ്ഞു നോക്കുമ്പോൾ വായിൽ മുറുക്കാൻ നിറച്ച് ചവച്ചു കൊണ്ട് ദേഷ്യത്തിൽ എല്ലാവരേയും ഓടിക്കുന്നു ഒരാൾ. ഇതാരപ്പാ എന്ന അമ്പരപ്പിനിടയിൽ അസി. പ്രിൻസിപ്പാൾ അയ്യർ സാർ ആണ് എന്ന് ആരോ പറയണ കേട്ടു. അന്ന് മനസിൽ കയറിയ ഭീകരൻ, പിന്നീട് ഞങ്ങളുടെ പ്രീയപ്പെട്ട അദ്ധ്യാപകൻ ആയി, അദ്ദേഹത്തിന്റ വത്സലശിഷ്യയായി എനിക്കും വിലസാൻ കഴിഞ്ഞു.
പിന്നീട് പലപ്പോഴും എൻ എസ് എസ് ദശദിന ക്യാമ്പിലെ സജീവ സാന്നിധ്യമായ സാറിനോടുള്ള പേടി സ്റ്റേഹത്തിനും ബഹുമാനത്തിനും വഴി മാറി. അവസാന വർഷം സാറിന്റെ ‘സ്പെഷ്യൽ ക്ലാസ്സിൽ ‘ ലെ സ്ഥിരം സാന്നിദ്ധ്യമാകാനും ഭാഗ്യം ലഭിച്ചു. നോട്ട് ബുക്കിനോടൊപ്പം കൊണ്ടു വരുന്ന വെറ്റില ചെല്ലവും ക്ലാസിന്റെ ഇട വേളകളിൽ അതിൽ നിന്നു എടുക്കുന്ന വെറ്റില കൈ വെളളയിൽ വെച്ച് ചുണ്ണാമ്പ് തേച്ച് തയ്യാറാക്കി വായിലേക്കു തള്ളുന്ന കാഴ്ചക്കായി ഞങ്ങൾ നോക്കിയിരിക്കും.അതൊരു ഭംഗിയാണ്. ഈ സമയത്ത് ലോക കാര്യങ്ങളും സാറിനെ കുറിച്ചുള്ള കാര്യങ്ങളും ഞങ്ങളുടെ വിവരങ്ങളും എല്ലാം ചർച്ച ചെയ്യും. സാറിന്റെ ടാക്സോണമി ക്ലാസും, ജനിറ്റിക്സും തുടങ്ങി എല്ലാ വിഷയവും സ്പെഷ്യൽ ക്ലാസിൽ നന്നായി ആസ്വദിച്ചിരുന്നു. ചില കോഡുകളുടെ സഹായത്തോടെടെ കടിച്ചാൽ പൊട്ടാത്ത ഫിസിയോളജിയെ തല്ലിപ്പൊട്ടിച്ച്
കല്കണ്ടപ്പരുവമാക്കി തന്ന ഞങ്ങളുടെ പ്രീയപ്പെട്ട സാറിന്റെ ക്ലാസിനെ കുറിച്ചുള്ള മധുരസ്മരണകൾ.വിവിധ സസ്യങ്ങളെ പരിചയപ്പെടുത്തുവാനായി സാറും കുട്ടികളും കൊണ്ടുവരുന്ന കാടും പടലും തൂത്തുകളഞ്ഞ് വൃത്തിയാക്കിയിട്ടേ പോകാവൂ എന്ന അറ്റന്റർ നടരാജൻ ചേട്ടന്റെ ഭീഷണി. വിദ്യാസമ്പന്നരായ തൊഴിൽ രഹിതരുടെ ആശ്രയമായ ട്യൂട്ടോറിയൽ ക്ലാസുകളിൽ സാറിന്റെ ക്ലാസിലെ അനുഭവങ്ങൾ ഒരു പാട് സഹായിച്ചു. 35 വർഷം കഴിഞ്ഞിട്ടും ബോട്ടണിയിലുള്ള .എന്റെമകളുടെ സംശയങ്ങൾ മിക്കതും തീർത്തു കൊടുക്കാൻ കഴിയുന്നതും സാറിന്റെ ക്ലാസിന്റെ മികവു തന്നെയാണ് എന്ന്
അഭിമാനത്തോടെ കൂടി പറയട്ടെ . ഇന്നും പരിചയമില്ലാത്ത ഒരു ചെടി കണ്ടാൽ അയ്യർ സാർ ഉണ്ടായിരുന്നു എങ്കിൽ എന്ന് മോഹിച്ചു പോകുന്നു.വർഷങ്ങൾ കഴിഞ്ഞു സാറിന്റെ നാട്ടിൽ തന്നെ ജീവിക്കാൻ കഴിഞ്ഞതും സാറിനെ സന്ദർശിക്കുമ്പോൾ പേരു പോലും ഓർത്തു വെച്ച് ഒരോരുത്തരുടേയും കാര്യം ചോദിച്ചതും മറക്കാൻ കഴിയില്ല.
ഇതാണ് അദ്ധ്യാപകൻ, ഇതായിരിക്കണം അദ്ധ്യാപകൻ .സാർ പലപ്പോഴും പറയുന്ന ഒരു തമാശയുണ്ട്. “പട്ടരിൽ പൊട്ടനില്ല ഉണ്ടെങ്കിൽ അവൻ മജിസ്ട്രേറ്റ് ആണ് ” എന്നത്. മറ്റൊരു തരത്തിൽ ഇത് അന്വർത്ഥമായി. ഞങ്ങളുടെ ബാച്ചിലെ (1985 – 88) കണ്ടെത്താൻ കഴിഞ്ഞിട്ടുള്ള സാറിന്റെ ശിഷ്യരായ എല്ലാവരും തന്നെ ഇതിനോടകം നല്ല നിലയിൽ തന്നെ എത്തിയിട്ടുണ്ട്.
സാറിന്റെ മുറുക്കാൻ ചെല്ലവും ബോട്ടണി ലാബിലെ വെറ്റില ചണ്ടി ഉണങ്ങിയിരിക്കുന്ന ജനാലയും എനിക്ക് മറക്കാൻ കഴിയില്ല.
ഈ മനോഹരതീരത്തുനിന്നും വിടവാങ്ങിയെങ്കിലും ഞങ്ങളെ ഓർമകളിൽ മധുരം നിറച്ച ഞങ്ങളുടെ പ്രീയപ്പെട്ട അയ്യർ സാറിനുള്ള സ്മരണാഞ്ജലി ആകട്ടെ ഈ വരികൾ.
![]()
