പല്ലെകെലെ : ഏകദിന ക്രിക്കറ്റ് ലോകകപ്പിനുള്ള ടീം ഇന്ന് പ്രഖ്യാപിക്കാനിരിക്കെ നേപ്പാളിനെ 10 വിക്കറ്റിന് കീഴടക്കി ഇന്ത്യ ഏഷ്യാകപ്പിൽ സൂപ്പർ ഫോറിലെത്തി. മഴമൂലം വെട്ടിച്ചുരുക്കിയ മത്സരത്തിൽ ഇന്ത്യയുടെ ലക്ഷ്യം 23 ഓവറിൽ 145 റണ്ണായി പുതുക്കി. വിക്കറ്റ് നഷ്ടപ്പെടാതെ 20.1 ഓവറിൽ കളി ജയിച്ചു. നേപ്പാൾ 230 (50 ഓവർ), ഇന്ത്യ 0–-147 (20.1).
ഓപ്പണർമാരായ രോഹിത് ശർമയും (59 പന്തിൽ 74) ശുഭ്മാൻ ഗില്ലും (62 പന്തിൽ 67) അനായാസം ലക്ഷ്യംകണ്ടു. രോഹിത് ആറ് ഫോറും അഞ്ച് സിക്സറുമടിച്ചു. ഗിൽ എട്ട് ഫോറും ഒരു സിക്സറും കണ്ടെത്തി. ഗ്രൂപ്പ് എയിൽ രണ്ട് കളിയും തോറ്റ നേപ്പാൾ പുറത്തായി. മൂന്ന് പോയിന്റുമായി ഇന്ത്യയും പാകിസ്ഥാനും സൂപ്പർ ഫോറിലെത്തി. റൺനിരക്കിൽ പാകിസ്ഥാൻ ഗ്രൂപ്പ് ജേതാക്കളായി. ബി ഗ്രൂപ്പിൽനിന്ന് സൂപ്പർഫോറിലെത്തുന്നവരെ ഇന്നറിയാം. നാല് ടീമുകളും പരസ്പരം ഏറ്റുമുട്ടി കൂടുതൽ പോയിന്റ് ലഭിക്കുന്ന രണ്ട് ടീമുകൾ ഫൈനൽ കളിക്കും.
ഇന്ത്യ–-നേപ്പാൾ മത്സരം മഴമൂലം പലതവണ തടസ്സപ്പെട്ടു. മൂർച്ചയില്ലാത്ത പന്തേറും അലസമായ പന്തുപിടുത്തവുമായി ഇന്ത്യയുടെ പ്രകടനം ദയനീയമായിരുന്നു. കുഞ്ഞ് ജനിച്ചതറിഞ്ഞ് നാട്ടിലേക്കുപോയ പേസർ ജസ്പ്രീത് ബുമ്ര ടീമിൽ ഉണ്ടായിരുന്നില്ല. മുഹമ്മദ് ഷമിയെയും മുഹമ്മദ് സിറാജിനെയും കരുതലോടെയാണ് നേപ്പാൾ ഓപ്പണർമാരായ കുശാൽ ഭുർടെലും ആസിഫ് ഷെയ്ഖും നേരിട്ടത്. അഞ്ച് ഓവറിൽ മൂന്നുതവണ ഓപ്പണർമാരെ പുറത്താക്കാൻ കിട്ടിയ അവസരം ഫീൽഡർമാർ നിലത്തിട്ടതോടെ നേപ്പാളികൾക്ക് ആത്മവിശ്വാസമായി.
10–-ാംഓവർവരെ പിടിച്ചുനിന്ന ഇരുവരും ചേർന്ന് 65 റൺ നേടി. കുശാൽ 25 പന്തിൽ 38 റണ്ണെടുത്തു. എട്ട് ഫോറിന്റെ അകമ്പടിയോടെ തിളങ്ങിയ ആസിഫ് 97 പന്തിൽ 58 റണ്ണടിച്ച് ടോപ് സ്കോററായി. സോംപാൽ കമി (48), ദീപേന്ദ്ര സിങ് (29), ഗുൽസൻ ജാ (23) എന്നിവരും ചെറുത്തുനിന്ന് സ്കോർ 200 കടത്തി. ജഡേജയ്ക്കും സിറാജിനും മൂന്ന് വിക്കറ്റുണ്ട്
![]()
