ബംഗളൂരു: ഇന്ത്യയുടെ ആദ്യ സൂര്യ നിരീക്ഷണ പേടകം ആദിത്യ എൽ1ന്റെ വിക്ഷേപണം ശനിയാഴ്ച.രാവിലെ 11.50ന് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പെയ്സ് സെന്ററിൽ നിന്ന് കുതിച്ചുയരും.പിഎസ്എൽവി സി57 റോക്കറ്റിലാണു പേടകത്തിന്റെ സൂര്യയാത്ര.വെള്ളിയാഴ്ച ഉച്ചയ്ക്ക് 12.10ന് ഇരുപത്തിനാലു മണിക്കൂർ ദൈർഖ്യമുള്ള കൗണ്ട് ഡൗൺ തുടങ്ങി.
ഭൂമിയിൽ നിന്ന് 15 ലക്ഷം കിലോമീറ്റർ അകലെ സൂര്യനും ഭൂമിക്കും ഇടയിലുള്ള ലഗ്രാഞ്ച് 1 (എല്‍1) പോയിന്റിനു ചുറ്റുമുള്ള ഹാലോ ഭ്രമണപഥമാണു പേടകത്തിന്റെ ലക്ഷ്യം. ഗ്രഹണത്തിൽപ്പോലും മറയില്ലാതെ സൂര്യനെ കാണാനാകുമെന്നതാണു ലഗ്രാഞ്ച് പോയിന്റിന്റെ പ്രധാന സവിശേഷത. ഇവിടെ ഭൂമിയുടെയും സൂര്യന്റെയും ആകർഷണ ബലം ഏറെക്കുറ തുല്യമാണ്. അതിനാൽ കുറഞ്ഞ ഇന്ധനച്ചെലവിൽ ദീർഘകാലം നിലനിൽക്കാം.125 ദിവസത്തെ യാത്ര ദൈർഖ്യമാണ് തീരുമാനിച്ചിട്ടുള്ളത്.
ദൗത്യത്തിനു മുന്നോടിയായി ഇസ്രൊ ചെയർമാൻ എസ്. സോമനാഥിന്റെ നേതൃത്വത്തിൽ ശാസ്ത്രജ്ഞർ തിരുപ്പതി വെങ്കടേശ്വര ക്ഷേത്രത്തിൽ ദർശനം നടത്തി ആദിത്യ എൽ1ന്റെ മിനിയേച്ചർ സമർപ്പിച്ചു.
സൂര്യനു ചുറ്റുമുള്ള ഫോട്ടൊസ്ഫിയർ, ക്രോമോസ്ഫിയർ, പുറംപാളികൾ എന്നിവയും സൗരവാതങ്ങളുണ്ടാക്കുന്ന ആഘാതങ്ങളും കമ്ടെത്തുകയാണു ദൗത്യത്തിന്റെ പ്രധാന ലക്ഷ്യം. കാന്തികക്ഷേത്രം, പ്ലാസ്മാ പ്രവാഹം, കൊറോണല്‍ മാസ് ഇജക്ഷന് തുടങ്ങിയവയടക്കം പരിശോധിക്കാൻ ഏഴ് ഉപകരണങ്ങളാണ് പേടകത്തിലുള്ളത്. നാലെണ്ണം സൂര്യപ്രകാശത്തെ നിരീക്ഷിക്കുമ്പോൾ മൂന്നെണ്ണം സൂര്യന്റെ പ്ലാസ്മയെയും കാന്തികമണ്ഡലത്തെയും നിരീക്ഷിക്കും. പൂർണമായും ഇന്ത്യൻ നിർമിതമാണു പേടകവും ഉപകരണങ്ങളും.
പിഎസ്എൽവി സി 57 ഭൂമിയുടെ 800 കിലോമീറ്റർ അകലെയുള്ള ഭ്രമണപഥത്തിലാണു പേടകത്തെ സ്ഥാപിക്കുന്നത്. ചന്ദ്രയാൻ ദൗത്യത്തിലേതുപോലെ ഇവിടെ നിന്നു ഭ്രമണപഥം ഘട്ടംഘട്ടമായി പ്രൊപ്പൽഷൻ എൻജിൻ ജ്വലിപ്പിച്ച് ഉയർത്തും.ലോ എനർജി പ്രൊപ്പൽഷൻ ട്രാൻസ്ഫർ വഴിയാണു ലഗ്രാഞ്ച് പോയിന്റിലെ ഹാലോ ഭ്രമണപഥത്തിൽ ഉറപ്പിക്കുന്നത്. ഇതാണു ദൗത്യത്തിലെ ഏറ്റവും സങ്കീർണഘട്ടം.
![]()
