തൃശൂര്‍: തൃശൂരിൽ ഇന്ന് പുലികളുടെ പെരുങ്കളിയാട്ടം. ഓണാഘോഷത്തിന് സമാപനം കുറിച്ചുള്ള പുലിക്കളി ഇന്ന് വൈകീട്ട് അരങ്ങേറും. ഇത്തവണ അഞ്ച് സംഘങ്ങളാണ് പുലികളെ ഇറക്കുന്നത്. സ്വരാജ് റൗണ്ടിൽ പുലിയാരവം മുഴങ്ങാൻ ഇനി മണിക്കൂറുകൾ മാത്രം. നഗരത്തെ വിറപ്പിക്കാൻ മടകളിൽ പുലികൾ തയ്യാറെടുക്കുകയാണ്. പുലി വീരന്മാർ, പെൺപുലികൾ, കരിമ്പുലികൾ, കുട്ടിപ്പുലികൾ എല്ലാവരും കടുംനിറങ്ങളിൽ നീരാടി നിരനിരയായി വരുമ്പോൾ തൃശൂരിനിത് മറ്റൊരു പൂരം.
അഞ്ച് സംഘങ്ങളാണ് പുലികളുമായി നഗരത്തിൽ ഇറങ്ങുക. സീതാറാം മിൽ ലെയിൻ, ശക്തൻ, അയ്യന്തോൾ, കാനാട്ടുകര, വിയ്യൂർ എന്നിവയാണ് ടീമുകൾ. ഒരു സംഘത്തിൽ കുറഞ്ഞത് 35 പുലികൾ വേണമെന്നാണ് മാനദണ്ഡം. പരമാവധി 51. അഞ്ച് സംഘങ്ങളിലും 51 വീതം പുലികളുണ്ട്. സീതാറാം, കാനാട്ടുകര, അയ്യന്തോൾ സംഘങ്ങൾ എംജി റോഡ് വഴി സ്വരാജ് റൗണ്ടിൽ പ്രവേശിക്കും.
ശക്തൻ ടീം എംഒ റോഡ് വഴിയും വിയ്യൂർ ദേശം വടക്കേ സ്റ്റാൻഡ് ഭാഗത്തുനിന്നുമാണ് റൗണ്ടിൽ കയറുക. സമകാലിക സാമൂഹ്യ യാഥാർഥ്യങ്ങളും
പുരാണ കഥാ സന്ദർഭങ്ങളുമൊക്കെ വിഷയമാകുന്ന നിശ്ചല ദൃശ്യങ്ങളും കാണികളെ വിസ്മയിപ്പിക്കാനെത്തും. വന്യ താളത്തിൽ ചിലമ്പണിഞ്ഞ് പുലികൾ നഗര വീഥികളിൽ നൃത്തം വെയ്ക്കുന്നതോടെ ജനക്കൂട്ടവും പുലിയാരവങ്ങളിൽ മുങ്ങി നിവരും.
![]()
