ഓണാനിലാവ് പരന്നൊഴുകി…മനം
ഓണസ്മൃതികളിൽ പൂത്തുലഞ്ഞു.
ഓണക്കളത്തിൽ നിരക്കുന്ന പൂക്കളേ
ഓടിവന്നെന്നങ്കണം അലങ്കരിക്കൂ
കൺചിമ്മി വന്നെന്റെ തുമ്പപ്പൂ സുന്ദരി
കണ്ണിനു കണിയായി മുക്കുറ്റിപെൺകൊടി
കണ്ണാടിക്കവിളിലെ ലജ്ജമറച്ചെന്റെ
കനകാംബര മണി ചാരെയെത്തി
അലസമനോജ്ഞയായ് അവളുമെത്തി
അടിയന്റെ പൂക്കളരാജ്ഞി ചെന്താമര
അരിമുല്ല ചിരിതൂകി അരികിലെത്തി
അരളിയും അവളുടെ കൂടെയെത്തി
മഞ്ഞമന്ദാരങ്ങൾ പരിഭവം പറഞ്ഞെത്തി
മഞ്ഞുപൊഴിയും അധരമോടെ
മാനത്തു ചന്ദ്രിക ചിരിതൂകി നിൽക്കുന്നു
മാവേലി മന്നനെ എതിരേറ്റിടാൻ.
പഞ്ചമി ചന്ദ്രിക വാനിലുദിച്ചു മെല്ലെ
പരിഭവമിഴികളിൽ ലജ്ജയുതിർന്നു
പാരിജാതതണലിലിരുന്നവൾ
പരിണയ കഥകൾ പങ്കുവച്ചു.
മഞ്ഞക്കസവണി പൂഞ്ചേല ചുറ്റി
മഞ്ഞിൻ തൊടുകുറി നെറ്റിയിൽ ചാർത്തി
മധുമാസമണിയുന്ന മാലേയഗന്ധം
മേനിയിലാകെ അണിഞ്ഞുവെന്നോ.
![]()
