റിയാദ് :യാത്രക്കാർക്ക് കൂടുതൽ ആനുകൂല്യങ്ങളുമായി സൗദിയിൽ പരിഷ്ക്കരിച്ച നിയമം നിലവിൽ വരുന്നു.
വിമാന സര്‍വീസ് ആറു മണിക്കൂറിലേറെ വൈകിയാല്‍ യാത്രക്കാര്‍ക്ക് വിമാന കമ്പനികള്‍ നഷ്ടപരിഹാരം നല്‍കണമെന്ന് അടക്കം പുതിയ നിയമങ്ങളും നിർദ്ദേശങ്ങളുമായി
പരിഷ്കരിച്ച നിയമം കൊണ്ട് വരികയാണ് സൗദി അറേബ്യയുടെ ജനറല്‍ അതോറിറ്റി ഓഫ് സിവില്‍ ഏവിയേഷന്‍. നിരവധി മാറ്റങ്ങളുമായി പരിഷ്കരിച്ച നിയമാവലി പുറത്തിറക്കി.
പുതിയ നിയമങ്ങള്‍ നവംബര്‍ 20 മുതല്‍ പ്രാബല്യത്തില്‍ വരും.
ആറു മണിക്കൂറിലേറെ വിമാനം വൈകിയാല്‍ യാത്രക്കാര്‍ക്ക് 750 റിയാലാണ് നഷ്ടപരിഹാരം നല്‍കേണ്ടത്.
ആറു മണിക്കൂറിലേറെ കാലതാമസം നേരിടുന്ന സര്‍വീസുകളിലെ യാത്രക്കാര്‍ക്ക് ഭക്ഷണ, പാനീയങ്ങളും ഹോട്ടല്‍ താമസവും ഹോട്ടലിലേക്കും തിരിച്ചുമുള്ള യാത്രാ സൗകര്യവും വിമാന കമ്പനികള്‍ നല്‍കണമെന്ന് പഴയ നിയമാവലിയില്‍ ഉറപ്പുവരുത്തിയിരുന്നു. ഇതിന് പുറമെയാണ് പുതിയ നിയമാവലിയില്‍ 750 റിയാല്‍ നഷ്ടപരിഹാരം കൂടി വ്യവസ്ഥ ചെയ്തിരിക്കുന്നത്.
സര്‍വീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുന്‍കൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാര്‍ക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും. പഴയ നിയമാവലിയില്‍ ഇത്തരം സാഹചര്യങ്ങളില്‍ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നല്കാന് വ്യവസ്ഥ ഉണ്ടായിരുന്നത്. ഓവര്‍ബുക്കിങ് ഉള്‍പ്പെടെയുള്ള കാരണങ്ങള്‍ കൊണ്ട് സീറ്റ് നിഷേധിക്കുകയോ സീറ്റ് ക്ലാസ് താഴ്ത്തുകയോ ചെയ്താന്‍ ടിക്കറ്റ് നിരക്കിന് പുറമെ 100 ശതമാനം നഷ്ടപരിഹാരമാണ് പഴയ നിയമാവലിയില്‍ അനുശാസിക്കുന്നത്.
![]()
