തിരുവനന്തപുരം : ഐ.എസ്.ആർ.ഒ പരീക്ഷയിലെ കോപ്പിയടിയും ആൾമാറട്ടവും നടത്തിയതിനു പിന്നിൽ റാക്കറ്റ് തന്നെയുണ്ടന്നു പൊലിസ്. പരീക്ഷ റദ്ദാക്കിയിട്ടുണ്ട്. അന്വേഷണം ഹരിയാനയിലേക്ക് വ്യാപിപ്പിക്കും. ആൾമാറാട്ടം നടത്തുന്നതിന് വൻ തുകയും പരീക്ഷയെഴുതി വിമാനത്തിൽ മടങ്ങാനടക്കം സൗകര്യം ഒരുക്കി കൊടുക്കുന്ന സംഘം ആണ് ഇതിനു പിന്നിൽ. കൂടുതൽ തട്ടിപ്പ് നടന്നതായും സംശയിക്കുന്നു.
കേസിൽ മൂന്നു പേരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഹരിയാനയിലെ പരീക്ഷാ നടത്തിപ്പ് കേന്ദ്രങ്ങളും തട്ടിപ്പിൽ പങ്കാളികളായായെന്നാണ് പൊലീസിന് കിട്ടിയിട്ടുള്ള പ്രാഥമിക വിവരം. ഹരിയാനക്കാരായ 469 പേർ പരീക്ഷയിൽ പങ്കെടുത്തു. തട്ടിപ്പിന് പിടിയിലായതും ഹരിയാന സ്വദേശികളാണ്. ഇവരുടെ പിന്നിൽ ഹരിയാനയിലെ കോച്ചിങ് സെന്ററെന്നും നിഗമനം. സുമിത് കുമാർ, സുനില്‍ എന്നീ അപേക്ഷകരുടെ പേരിൽ മറ്റ് രണ്ട് പേരാണ് പരീക്ഷ എഴുതാൻ എത്തിയത്.
ഐ.എസ്.ആർ.ഒയുടെ കീഴിലുള്ള വിക്രം സാരാഭായ് സ്പേസ് സെന്റർ (വി.എസ്.എസ്.സി) രാജ്യവ്യാപകമായി നടത്തിയ പ്ലസ് ടു യോഗ്യതയുള്ള ടെക്നീഷ്യന് പരീക്ഷയിലാണ് ആൾമാറാട്ടവും കോപ്പിയടിയും നടന്നത്.തിരുവനന്തപുരം കോട്ടണ്‍ ഹിൽ സ്കൂളിൽ നടന്ന പരീക്ഷയ്ക്കിടെയാണ് സംഭവം. ഫോൺ ഉപയോഗിച്ചാണ് ഇരുവരും കോപ്പിയടിച്ചതെന്ന് പൊലീസ് പറഞ്ഞു. പരീക്ഷ തട്ടിപ്പിനെ കുറിച്ച് അന്വേഷിക്കാൻ പ്രത്യേക അന്വേഷണ സംഘത്തേയും രൂപീകരിച്ചു. സൈബർ സെൽ ഡിവൈ.എസ്.പി കരുണാകരൻ പ്രത്യേക സംഘത്തലവൻ. മ്യൂസിയം, കന്റോൺമെന്റ്, മെഡിക്കൽ കോളജ്, സൈബർ സെൽ സിഐമാരാണ് പ്രത്യേക അന്വേഷണ സംഘത്തിലുള്ളത്.
![]()
