റിയാദ്: കഴിഞ്ഞ ദിവസം നാട്ടിൽ നിര്യാതനായ മുൻ തനിമ റിയാദ് പ്രസിഡന്റ് സലാഹുദ്ദീൻ കടന്നമണ്ണയുടെ അനുസ്മരണ സമ്മേളനവും പ്രാർത്ഥനയും നടത്തി. ബത്ഹ അപ്പോളോ ഡിമോറോ ഹോട്ടലിൽ തനിമ സെൻട്രൽ പ്രൊവിൻസ് പ്രസിഡന്റ് താജുദ്ദീൻ ഓമശ്ശേരി പ്രാർത്ഥനക്കും അനുസ്മരണ പരിപാടിക്കും നേതൃത്വം നൽകി. സൗമ്യതയുടെയും ലാളിത്യത്തിന്റെയും പര്യായമായ സലാഹുദ്ദീൻ ആസൂത്രണ മികവും നേതൃപാടവവും ഒത്തിണങ്ങിയ നേതാവായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു. ഇസ്ലാമിക വിജ്ഞാനീയങ്ങളിൽ ആഗാധമായ അറിവുള്ള പണ്ഡിതനെയാണ് നമുക്ക് നഷ്ടപ്പെട്ടതെന്ന് തനിമ നോർത്ത് സോണൽ പ്രസിഡന്റ് സിദ്ദിഖ് ബിൻ ജമാൽ പറഞ്ഞു. മികച്ചൊരു അധ്യാപകനും നേതാവുമായിരുന്നു അദ്ദേഹമെന്ന് സൗത്ത് സോണൽ പ്രസിഡന്റ് തൗഫീഖുറഹ്മാൻ അനുസ്മരിച്ചു. സങ്കീർണമായ വിഷയങ്ങൾ നിർധാരണം ചെയ്യുന്നതിന് കഴിവുള്ള വ്യക്തിയായിരുന്നു പരേതനെന്ന് റഹ്മത്ത് തിരുത്തിയാട് പറഞ്ഞു. സമർപ്പണവും സാധാരണ ജനങ്ങളുമായി അടുത്ത ബന്ധമുള്ള വ്യക്തിത്വമായിരുന്നുവെന്ന് സലീം മാഹി ഓർമിച്ചു. ഉണ്ണീൻ കുട്ടി,മുജീബുറഹ്-മാൻ കക്കോടി, അഷ്റഫ് കൊടിഞ്ഞി, അബ്ദുറഹ്മാൻ ഒലയാൻ, നാസിറുദ്ദീൻ, ഹുസൈൻ എടപ്പാൾ, ജമീൽ മുസ്തഫ, അഷ്റഫ് പൂളമണ്ണ എന്നിവർ സംസാരിച്ചു. നാട്ടുകാരും സഹപ്രവർത്തകരും വിദ്യാർഥികളും തനിമ പ്രവർത്തകരുമടക്കം നിരവധി പേർ അനുസ്മരണ ചടങ്ങിൽ പങ്കെടുത്തു. തൗഫീഖുറഹ്മാൻ ഖിറാഅത്തും അബ്ദുല്ലത്തീഫ് ഓമശ്ശേരി സമാപന പ്രഭാഷണവും നടത്തി.
![]()
