റിയാദ് : കേളി കലാസാംസ്കാരിക വേദിയുടെ ദേശാഭിമാനി മുഖപ്രസംഗ ഓഡിയോ സംപ്രേഷണം 2500ആം പതിപ്പിലേക്ക് കടക്കുന്നു. തുടർച്ചയായി എട്ട് വർഷവും മൂന്ന് മാസവുമായി തുടരുന്ന ഓഡിയോ സംപ്രേഷണം 2015 മേയ് 26 നാണ് ആരംഭിച്ചത്.
കേളിയുടെ സബ് കമ്മറ്റിയായ കേളി സൈബർവിങ് ആണ് ഇടതടവില്ലാത്ത ഈ പ്രവർത്തനം ഏറ്റെടുത്തിരിക്കുന്നത്. പത്രവായനക്ക് സമയം ലഭിക്കാതെ പുലർച്ചെ മുതൽ തൊഴിലിലേർപ്പെടുന്ന 4500ൽപരം കേളി അംഗങ്ങളായ തൊഴിലാളികൾക്ക് ഓരോ വിഷയത്തിലെയും ഇടതുപക്ഷ നിലപാടുകൾ എത്തിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച മുഖപ്രസംഗ സംപ്രേഷണം അവരിലൂടെ തന്നെ ലോക മലയാളികളിലേക്ക് വ്യാപിപ്പിക്കാൻ കഴിഞ്ഞു എന്നതാണ് കേളിയുടെ നേട്ടം.
കേളി തുടക്കം കുറിച്ചതിനു ശേഷം വിവിധ പ്രവാസി സംഘടനകളും നാട്ടിലെ ഇടതുപക്ഷ സംഘടനകളും അതിലെല്ലാം ഉപരി ‘ദേശാഭിമാനി തന്നെയും’ ഈ ഉദ്യമം ഏറ്റെടുത്തു എന്നതും കേളിയുടെ കിരീടത്തിലെ ഒരു പൊൻ തൂവൽ തന്നെയാണ്. വിവിധ സന്ദർഭങ്ങളിൽ റിയാദ് സന്ദർശിച്ച ദേശാഭിമാനി ചീഫ് എഡിറ്റർമാരായ ഗോവിന്ദൻ മാസ്റ്റർ, പി രാജീവ് എന്നിവരും, മാനേജരായിരുന്ന കെ ജെ തോമസും കേളിയുടെ ഈ ഉദ്യമത്തെ മുക്തകണ്ഠം പ്രശംസിച്ചു. കൂടതെ റിയാദിൽ എത്തിയ സാമൂഹ്യ, സാംസ്കാരിക , രാഷ്ട്രീയ രംഗത്തെ പല പ്രമുഖരും കേളിയുടെ ഈ പ്രവർത്തനത്തെ അഭിനന്ദിക്കുകയുണ്ടായി.
കേളി പ്രവർത്തകരും, കേളി കുടുംബവേദി പ്രവർത്തകരുമാണ് മുഖപ്രസംഗ വായനക്കാർ. കേളിയുടെ നിലവിലെ രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിക്ക് തുടക്കം കുറിച്ച വായന തുടക്കകാലങ്ങളിൽ എഡിറ്റിങ് ഇല്ലാതെ തന്നെ സംപ്രേഷണം ചെയ്യുകയായിരുന്നു പതിവ്. തെറ്റുകളോ ശബ്ദതടസ്സങ്ങളോ കൂടാതെ ഒരു മുഖപ്രസംഗം പൂർത്തിയാക്കാൻ പത്ത് തവണ വരെ ആദ്യ കാലങ്ങളിൽ റെക്കോഡ് ചെയ്യേണ്ടി വന്നിട്ടുണ്ട്. തുടർന്ന് കേളി സൈബർ വിഭാഗത്തിലെ യുവത്വത്തിന്റെ കടന്നു വരവോടെ എഡിറ്റിങ് സംവിധാനം തുടങ്ങുകയും ഇന്ന് കാണുന്ന നിലയിൽ വളരെ കൃത്യതയോടെയുള്ള അവതരണം സാധ്യമാക്കുകയും ചെയ്തു.
മഹേഷ് കോടിയത്ത്, ബിന്ധ്യ മഹേഷ്, സിജിൻ കൂവള്ളൂർ, സജീന വി എസ്, മാജിദ ഷാജഹാൻ , സീന സെബിൻ ,സന്ധ്യ പുഷ്പരാജ് , ശിഹാബുദ്ധീൻ കുഞ്ചീസ്, സുരേഷ് കണ്ണപുരം, ഷാജി റസാക്ക്, ഫസീല നാസർ, ജയൻ അടൂർ, നീന ഷബി തുടങ്ങീ പതിനാല് പേരുടെ ശബ്ദം ഇതിനോടകം ദേശാഭിമാനി മുഖപ്രസംഗത്തിലൂടെ ലോകമലയാളി ശ്രവിച്ചു. ബിജു തായമ്പത്ത്, സീബ കൂവോട്, ശ്രീഷ സുകേഷ്, പ്രിയ വിനോദ്, ഷൈനി അനിൽ, ഷഹീബ വി കെ എന്നിവരാണ് നിലവിൽ മുഖപ്രസംഗത്തിന് ശബ്ദം നൽകുന്നത്.
എഡിറ്റിംഗ് രംഗത്ത് ബിജു തായമ്പത്ത് , സിജിൻ കൂവള്ളുർ, നൗഷാദ് കെ ടി എന്നിവരും പ്രവർത്തിക്കുന്നു. കേളി പ്രവർത്തകർക്ക് സൈബർ ഇടങ്ങളിലൂടെ എങ്ങിനെ രാഷ്ട്രീയ വിദ്യഭ്യാസം നൽകാം എന്ന ചിന്തയിൽ നിന്നും ഉരിത്തിരിഞ്ഞതാണ് ദേശാഭിമാനി മുഖപ്രസംഗ ഓഡിയോ എന്ന ആശയം. ഇടതടവില്ലാതെ ഈ ദൗത്യം പ്രായോഗികമാക്കുക എന്നത് ആദ്യ കാലഘട്ടങ്ങളിൽ കനത്ത വെല്ലുവിളി തന്നെയായിരുന്നു. കേളിയുടെ നിസ്വാർത്ഥ സേവകാരായ പ്രവർത്തകർ ദൗത്യം ഏറ്റെടുത്തു. മുഖപ്രസംഗം കൂടാതെ ദേശാഭിമാനി പത്രം പിഡിഎഫ് ആയും 4500ൽ പരം കേളിപ്രവർത്തകരിലൂടെ സമൂഹത്തിന്റെ കൈകളിൽ എത്തിക്കുന്നുണ്ട്. സിജിൻ കൂവള്ളൂരിന്റെ ആശയത്തിൽ ഉടലെടുത്ത ഈ ഉദ്യമത്തിന് സുനിൽ സുകുമാരൻ, നൗഫൽ പുവ്വകുറിശ്ശി എന്നിവരാണ് തുടക്ക കാലത്തിൽ നേതൃത്വം നൽകിയിരുന്നത്. നിലവിൽ ജവാദ് പരിയാട്ട്, ശ്രീകുമാർ വാസു എന്നിവരും ടെക്നിക്കൽ വിഭാഗത്തിൽ സിജിൻ കൂവള്ളൂർ, നൗഷാദ് കെ ടി എന്നിവരും പ്രവർത്തിക്കുന്നു.
![]()
