റിയാദ് : ആഘോഷമൊഴുവാക്കി ജീവകാരുണ്യത്തിന് മുൻഗണന നൽകി ശിഫ മലയാളി സമാജം പ്രവർത്തകർ മാതൃകയായി
റിയാദ് :ആഘോഷമൊഴുവാക്കി ജീവകാരുണ്യത്തിന് മുൻഗണന നൽകി ഒരു പറ്റം സാമൂഹിക പ്രവർത്തകർ റിയാദിൽ വേറിട്ട മാതൃകയായി. ശിഫ മലയാളി സമാജം പ്രവർത്തകരാണ് കഴിഞ്ഞ പതിനാറു വർഷമായി മുടങ്ങാതെ നടത്തി വന്നിരുന്ന സംഘടന വാർഷിക പരിപാടിയായ കേരളോത്സവം ഒഴിവാക്കി ആ തുക ജീവകാരുണ്ണ്യത്തിനായി ഉപയോഗിക്കാൻ മുന്നോട്ട് വന്നു വേറിട്ട മാതൃകയായത്.
കഴിഞ്ഞ മാസം തന്നെ ഈ കാരുണ്യ കൂട്ടം അവരുടെ തുച്ഛമായ വേതനത്തിന്റെ ഒരു ഭാഗം ഒരുമിപ്പിച്ചു തങ്ങളുടെ സഹപ്രവർത്തകർക്ക് നൽകിയത് രണ്ടു ലക്ഷം രൂപയുടെ സഹായമാണ്. 30 വർഷമായി പെയിൻറിംഗ് തൊഴിലാളിയായി ജോലി ചെയ്തുവന്നിരുന്ന മണി ആറ്റിങ്ങലിനു ഒന്നര ലക്ഷം രൂപയുടെ സഹായമാണ് നൽകിയത്.
നട്ടെല്ലിന് ഗുരുതരമായ രോഗം ബാധിച്ചത് മൂലം ജോലിക്ക് പോകാൻ പോലും കഴിയാതെ ബുദ്ധിമുട്ട് അനുഭവിച്ചു വരികയായിരുന്നു ഈ കൂട്ടായ്മയിലെ അംഗം കൂടിയായ മണി.
കഴിഞ്ഞ ആറു വർഷങ്ങളായി പല കാരണങ്ങളാൽ നാട്ടിൽ പോകാൻ കഴിയാതിരുന്ന ഇദ്ദേഹത്തിന്റെ പ്രശ്നങ്ങൾ മനസിലാക്കി എസ് എം എസ് പ്രസിഡന്റ് സാബു പത്തടിയും സഹ ഭാരവാഹികളും കൂടി സ്പോൺസറെ കണ്ടു നാട്ടിലേക്ക് പോകാനുള്ള നിയമ നടപടികൾ പൂർത്തിയാക്കി. കൂടാതെ 57 വയസിനു മുകളിൽ പ്രായമുള്ള പ്രവാസം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന അംഗങ്ങൾക്കുള്ള മാസന്തര പെൻഷൻ 1500 രൂപ കൂടി അനുവദിച്ചാണ് മണിയെ സ്വദേശത്തേക്ക് യാത്രയാക്കിയത്.
അതുപോലെ പ്രമേഹ ചികിത്സക്കായി നാട്ടിലേക്കു പോയ മറ്റൊരു അംഗമായ സജീവന് അമ്പതിനായിരം രൂപ ധന സഹായം നൽകി.മണിക്കും സജീവനുമുള്ള സഹായം യഥാക്രമം ജോ: സെക്രട്ടറി ബിജു മടത്തറയും സന്തോഷ് തിരുവല്ലയും കൈമാറി.ചടങ്ങിൽ പ്രസിഡണ്ട് സാബു പത്തടി,സെക്രട്ടറി പ്രകാശ് ബാബു വടകര,രക്ഷാധികാരികളായ അശോകൻ ചാത്തന്നൂർ,മധു വർക്കല,ഹനീഫ കൂട്ടായി ,സൂരജ്ചാത്തന്നൂർ,ഷജീർ ,ബിനീഷ്,ബിജു സി എസ് ,സന്തോഷ് തിരുവല്ല,സലീഷ് കൊടുങ്ങല്ലൂർ,ദിലീപ് പൊൻകുന്നം എന്നിവർ പങ്കെടുത്തു
![]()
