കോട്ടയം : “അമ്മ വീട്ടിൽനിന്ന് ഇറക്കിവിട്ടു, പെരുവഴിയിൽ നിൽക്കുകയാണ്” എന്ന് പറഞ്ഞു ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിലേക്ക് പതിനാറുകാരിയായ വിദ്യാർത്ഥിനിയുടെ ഫോൺ വിളി എത്തിയപ്പോൾ ഒരു പക്ഷെ നിയമപാലകർ പോലും ഒരു നിമിഷം ആലോചിച്ചു കാണില്ല ഇതൊരു ജീവൻ രക്ഷിക്കാനായുള്ള ദൗത്യത്തിലേക്കുള്ള പാച്ചിലായിരിക്കുമെന്നു. മകളുടെ പരാതി അന്വേഷിക്കാൻ ചെന്നവർ രക്ഷിച്ചത് അമ്മയുടെ ജീവനും.പൊലീസിന് തോന്നിയ സംശയമാണ് അമിതമായി ഉറക്ക ഗുളിക കഴിച്ച വീട്ടമ്മയെ മരണത്തിനു വിട്ടുകൊടുക്കാതെ ജീവിതത്തിലേക്ക് തിരിച്ചു കൊണ്ടു വരാൻ സാധിച്ചത്. രാത്രി മണിക്കൂറോളം നീണ്ടുനിന്ന രക്ഷാ ദൗത്യം പുലർച്ചെ അവസാനിച്ചപ്പോൾ വീട്ടമ്മ അപകട നില തരണം ചെയ്തെന്ന വാർത്ത കേട്ട ആശ്വാസത്തിൽ കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ പോലീസ് മെഡിക്കൽ കോളേജ് ആശുപത്രി പരിസരത്തു നിന്ന് മടങ്ങി.

വെള്ളിയാഴ്ച രാത്രി പത്തു മണി കഴിഞ്ഞാണ് ഏറ്റുമാനൂർ പോലീസ് സ്റ്റേഷനിലേക്ക് പതിനാറുകാരിയായ വിദ്യാർത്ഥിനിയുടെ സഹായം അഭ്യർത്ഥിച്ചുകൊണ്ടുള്ള വിളി വരുന്നത്. അമ്മ വീട്ടിൽ നിന്നിറക്കി വിട്ടിരിക്കുകയാണെന്നും പെരുവഴിയിൽ രാത്രി ഒറ്റക്ക് നിക്കുവാണെന്നും പറഞ്ഞു.ഉടൻ തന്നെ സബ് ഇൻസ്പെക്ടർ എച്ച് ഷാജഹാന്റെ നേതൃത്വത്തിൽ പോലീസ് പെൺകുട്ടി പറഞ്ഞ സ്ഥലത്തേക്ക് കുതിക്കുകയായിരുന്നു. മിനിട്ടുകൾക്കകം സംഭവ സ്ഥലത്തെത്തിയപ്പോൾ കാണുന്നത് റോഡിൽ നിക്കുന്ന പെൺകുട്ടിയെയാണ്. അമ്മ തനിക്ക് സ്വാതന്ത്ര്യം തരുന്നില്ലന്നും ഉപദ്രവിക്കുന്നുവെന്നുമൊക്ക പരാതി പറഞ്ഞു. കുട്ടിയോട് കാര്യങ്ങൾ പറഞ്ഞു അനുനയിപ്പിച്ചു വീട്ടിലേക്ക് കൂട്ടി ചെന്നു. അവിടെ ചെന്നപ്പോൾ കാണുന്നത് വീട്ടുപകരണങ്ങളിൽ ചിലത് തല്ലിപൊട്ടിച്ച നിലയിലാണ്. ഇതിനെ കുറിച്ച് ചോദിച്ചപ്പോൾ രാത്രി സിനിമക്ക് കൊണ്ടുപോകാത്ത ദേഷ്യത്തിൽ താൻ ചെയ്തത് ആണെന്ന് കുട്ടി സമ്മതിച്ചു. യു കെ യിൽ പഠിക്കുന്ന കുട്ടി തിങ്കളാഴ്ച കുടുംബസമേതം തിരികെ പോകാനിരിക്കുമ്പോൾ ആണ് ഈ സംഭവങ്ങളൊക്ക ഉണ്ടാവുന്നത്.

അമ്മയോട് സംസാരിക്കാൻ ശ്രമിച്ചപ്പോൾ അവർ കരഞ്ഞു തളർന്നു കിടക്കുന്നത് കണ്ടത്.മകളുടെ പിടിവാശി കാരണം ഒരു സമാധാനവുമില്ലന്നു അമ്മ പോലീസിനോട് പറഞ്ഞു. സംസാരത്തിനിടയിലെ നാവു കുഴച്ചിലും കൺപോളകൾ അടയുന്നതൊക്കെ കണ്ടപ്പോൾ എസ് ഐ ക്ക് സംശയം തോന്നുകയും ഉടൻ മകളെയും അമ്മയെയും കൊണ്ട് ആശുപത്രിയിലേക്ക് പോലീസ് ജീപ്പ് പാഞ്ഞു. താൻ അമിതമായി ഉറക്ക ഗുളിക കഴിച്ചിട്ടുണ്ടന്നു യാത്രക്കിടയിൽ അവർ പറയുകയും ചെയ്തു. ആദ്യം സ്വകാര്യ ആശുപത്രിയിലും അവിടെ നിന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും എത്തിക്കുകയായിരുന്നു. തക്ക സമയത്ത് എത്തിച്ചതിനാൽ ജീവൻ രക്ഷിക്കാനായെന്നു ആശുപത്രി അധികൃതർ പറഞ്ഞു.
ഏറ്റുമാനൂർ എസ് ഐ എച്ച് ഷാജഹാൻ, വനിതാ സിവിൽ പോലീസ് ഓഫീസർ ലേഖ, ഡ്രൈവർ നിതിൻ ശ്രീനിവാസൻ, ഹോം ഗാർഡ് ടോമി പി എം എന്നിവരാണ് പോലീസ് സംഘത്തിലുണ്ടായിരുന്നവർ.
![]()
