റിയാദ് : രണ്ടാമത് റിയാദ് ഈന്തപ്പഴ സീസൺ സന്ദർശകരുടെ മനം കവരുന്നു. മൂന്നു മാസം നീണ്ടു നിൽക്കുന്ന ഈന്തപ്പഴ മഹോത്സവത്തിന് ഓഗസ്റ് ആദ്യ വാരമാണ് കൊടിയേറിയതു. റിയാദിലെ അതീഖ മാർക്കറ്റ് പരിസരത്താണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വ്യത്യസ്ത ഇനം ഈന്തപഴങ്ങളുടെ പ്രദർശനവും വിപണനവും ആരംഭിച്ചത്. എല്ലാ ദിവസവും വൈകുന്നേരം നാല് മുതൽ രാത്രി 11 വരെയാണ് പ്രവേശനം.

പ്രവേശനം സൗജന്യമായതിനാൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്ന് സ്വദേശികളും വിദേശികളുമാണ് നഗരിയിൽ കഴിഞ്ഞ ദിവസങ്ങളിൽ എത്തിക്കൊണ്ടിരിക്കുന്നത്. ഒഴിവു ദിവസമായ വെള്ളി ശനി ദിവസങ്ങളിൽ സന്ദർശകരുടെ പ്രവാഹമാണ്. പ്രദര്ശനത്തോടനുബന്ധിച്ചു സാംസ്കാരിക തനിമ വിളിച്ചോതുന്ന വ്യത്യസ്തങ്ങളായ വിവിധ കലാപരിപാടികളും നടക്കുന്നുണ്ട്. കുട്ടികളുടെയും മുതിർന്നവരുടെയും സംഗീത നൃത്ത പരിപാടികൾ പ്രദർശനത്തിന് മാറ്റ് കൂട്ടുന്നു.
കൂടാതെ സ്റ്റാളുകളിൽ പിതാക്കൾക്കൊപ്പം സൗദി പൗരാണിക വസ്ത്രമണിഞ്ഞു നിൽക്കുന്ന കുട്ടികൾ കാണികൾക്ക് ഏറെ കൗതുകമാകുകയാണ്. ഖസീം ഈന്തപ്പഴ പ്രദർശനം ഈ മാസം അവസാനിക്കുന്നതോടെ റിയാദ് ഈന്തപ്പഴ നഗരിയിലേക്ക് കൂടുതൽ സന്ദർശകർ എത്തുമെന്ന് സംഘാടകർ പറഞ്ഞു.
![]()
