ആലപ്പുഴ :കായംകുളം ടൗണിൽ മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ട് കൊണ്ട് എ എം ആരിഫ് എം പി കേന്ദ്ര റോഡ് ഗതാഗത, ഹൈവേ മന്ത്രാലയ വകുപ്പ് മന്ത്രി നിതിൻ ഗഡ്കരിക്ക് നിവേദനം നൽകി.
വല്ലയിൽ ജംഗ്ഷൻ, പുതിയകാവ് ജംഗ്ഷൻ,പൊന്നംവേലി പാലത്തിനടി വശം, കൊല്ലം ജില്ലയിലെ വവ്വാക്കാവ് ജംഗ്ഷൻ എന്നിവടങ്ങളിൽ അടിപ്പാത നിർമ്മിക്കണമെന്നും കേന്ദ്രമന്ത്രിക്ക് നൽകി നിവേദനത്തിൽ ആവശ്യപ്പെട്ടു. ഇതേ ആവശ്യം ഉന്നയിച്ചുകൊണ്ട് ദേശീയപാത ഉദ്യോഗസ്ഥരെ നേരിൽ കണ്ടപ്പോൾ ദേശീയപാതയുടെ രൂപരേഖയുടെ അന്തിമ അനുമതിയാകുന്ന സമയത്ത് പ്രധാനപ്പെട്ട സ്ഥലങ്ങളിൽ ആവശ്യത്തിന് മേൽപ്പാലവും അടിപ്പാതയും നൽകാമെന്ന് ഉറപ്പ് നൽകിയിരുന്നതാണ്, എന്നാൽ ഇപ്പോൾ അറിയാൻ കഴിഞ്ഞത് നിർദ്ദേശിച്ച സ്ഥലങ്ങളിൽ പലതും പരിഗണിച്ചപ്പോൾ ഈ സ്ഥലങ്ങളെ പരിഗണിക്കാതെ പോയിരിക്കുകയാണെന്നും അതുകൊണ്ട് മന്ത്രി ഇടപെട്ട് മേൽപ്പാലങ്ങളും അടിപ്പാതകളും ഈ സ്ഥലങ്ങളിൽ നൽകാൻ ദേശീയപാത അതോറിറ്റിക്ക് നിർദ്ദേശം നൽകണമെന്ന് മന്ത്രിക്കു നൽകിയ കത്തിൽ എംപി ആവശ്യപ്പെട്ടു.
മേൽപ്പാലം നിർമ്മിക്കണമെന്നാവശ്യപ്പെട്ടു പ്രക്ഷോഭത്തിലുള്ള സമരസമിതി എം പി യുമായി ഈ വിഷയത്തിൽ ചർച്ച നടത്തുകയും കോളേജ് ജങ്ഷനിലെ നിർദിഷ്ഠ അടിപ്പാത കൊണ്ട് വലിയ ബുദ്ധിമുട്ടുകളുണ്ടാവുമെന്നും ബോധിപ്പിച്ചിരുന്നു . സത്യഗ്രഹ സമരവും മനുഷ്യ ചങ്ങല അടക്കമുള്ള സമര പരിപാടികൾ ഇതിനകം നടത്തിയിരുന്നു.കായകുളം എം എൽ എ അഡ്വ യു പ്രതിഭയും ദേശീയ പാത അധികൃതർക്കും പൊതുമരാമത്ത് വകുപ്പ് മന്ത്രിയടക്കമുള്ളവർക്ക് കത്ത് നൽകി സമരസമിതിക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചിരുന്നു.
![]()
