സൗദി അറേബ്യാ: അറിവ് നേടാൻ ഭൂഖണ്ഡങ്ങളോ പ്രായമോ ഒരു തടസ്സമാകരുതെന്നു വായിച്ചും കേട്ടും പഠിച്ച നമുക്ക് മുന്നിലേക്ക് ഒരാൾ. പ്രായത്തെ വെല്ലുന്ന മനകരുത്തുമായി. പ്രായം തളർത്തിയ നട്ടെല്ലിന്റെ വളവിനെ ഊന്നുവടികൊണ്ട് ഉയർത്തി അവർ നടന്നടുക്കുകയാണ് അതും അക്ഷര ഖനി തേടി പള്ളിക്കൂട മുറ്റത്തേക്ക്. സൗദി വനിത നൗദ അൽ കഹ്താനിയാണ് തൻ്റെ 110 ആം വയസ്സിൽ അക്ഷരം പഠിക്കാനായി സ്കൂളിലേക്ക് വരുന്നത്. നിരക്ഷരത ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടെ സൗദി വിദ്യാഭ്യാസ മന്ത്രാലയം സംഘടിപ്പിച്ച ഒരു പരിപാടിയിലൂടെയാണ് നൗദ എന്ന ഈ മാതാവ് സ്കൂളിൽ എത്തിയത്. രാജ്യത്തിന്റെ തെക്കുപടിഞ്ഞാറൻ ഭാഗത്തുള്ള ഉംവ ഗവർണറേറ്റിലെ അൽ-റഹ്വ എന്ന സ്ഥലത്താണ് ഇവർ ഇപ്പോൾ പഠിക്കുന്നത്. ആഴ്ചകൾക്ക് മുമ്പ് ഈ കേന്ദ്രത്തിലെ നിരക്ഷരതാ നിർമാർജന പരിപാടിയിൽ ചേർന്നതിനുശേഷം ഇവർ മറ്റ് 50 ലധികം പേർക്കൊപ്പം എല്ലാ ദിവസവും സ്കൂളിൽ ഹാജരാകുന്നുണ്ട്. നാല് കുട്ടികളുടെ അമ്മയാണ് ഇവർ. മൂത്ത കുട്ടിക്ക് 80 വയസ്സും ഇളയ കുട്ടിക്ക് 50 വയസ്സുമാണ് പ്രായം. വായിക്കാനും എഴുതാനും പഠിക്കുന്നത് തന്റെ ജീവിതത്തെ മാറ്റിമറിച്ചതായി നൗദ അറബ് ന്യൂസിനോട് പറഞ്ഞു. താൻ പാഠങ്ങൾ ആസ്വദിച്ചുവെന്നും ഓരോ ദിവസത്തെയും ഗൃഹപാഠം പൂർത്തിയാക്കിയെന്നും നൗദ അൽ ഖഹ്താനി പറഞ്ഞു. 100 വയസ്സിനു മുകളിലുള്ള ഒരാൾക്ക് ബുദ്ധിമുട്ടുള്ള കാര്യമായിരുന്നു. ഏറെ വൈകിപ്പോയെന്നും വർഷങ്ങൾക്ക് മുമ്പ് സ്കൂൾ വിദ്യാഭ്യാസം പൂർത്തിയാക്കേണ്ടതാണെന്നും അവർ പറഞ്ഞു. നല്ല കാലം അക്ഷരം പഠിക്കാതെ കടന്നു പോയതിൽ അൽ-ഖഹ്താനി ഖേദം പ്രകടിപ്പിച്ചു. “തീർച്ചയായും അത് എന്റെ ജീവിതത്തിലും മറ്റുള്ളവരുടെ ജീവിതത്തിലും ഒരുപാട് മാറ്റങ്ങൾ വരുത്തുമായിരുന്നു” എന്നും കൂട്ടിച്ചേർത്തു.
അൽ-ഖഹ്താനിയുടെ നാല് മക്കളും ഉമ്മയുടെ പഠനത്തെ പിന്തുണയ്ക്കുകയും അവരുടെ ജീവിതത്തിലെ പുതിയ തീരുമാനത്തെക്കുറിച്ചു ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുകയും ചെയ്യുന്നു. ഇത് വളരെ കാലതാമസമാണെങ്കിലും ദൈവഹിതത്താൽ വൈകിയതായും അവർ വിശ്വസിക്കുന്നു 60 വയസ്സുള്ള മകൻ മുഹമ്മദ് അറബ് ന്യൂസിനോട് പറഞ്ഞു. താൻ എല്ലാ ദിവസവും രാവിലെ ഉമ്മയെ സ്കൂളിലേക്ക് കൊണ്ടുപോകുകയും ക്ലാസുകൾ കഴിയുന്നത് വരെ കാത്തിരിക്കുകയും ചെയ്യുന്നതായി മറ്റൊരു മകൻ പറഞ്ഞു. ഓരോ ദിവസവും പുതിയ എന്തെങ്കിലും ഉമ്മ പഠിക്കുന്നു എന്നതിൽ ഞങ്ങൾ സന്തോഷവും അഭിമാനവും കൊള്ളുന്നതായി ഇളയമകൻ പറഞ്ഞു.110 വയസ്സിനു മുകളിൽ പ്രായമുള്ള ഞങ്ങളുടെ ഉമ്മയ്ക്ക് ഈ കാര്യം എളുപ്പമല്ലെന്ന് ഞങ്ങൾക്കറിയാം. എന്നാലും കുടുംബത്തിലെ എല്ലാ അംഗങ്ങളും അഭിമാനിക്കുന്ന ഒരു നിമിഷമാണിത്. ഈ വിദ്യാഭ്യാസ കുതിപ്പിന് നേതൃത്വം നൽകുന്ന ഭരണാധികാരിക്ക് കുടുംബം നന്ദി പറഞ്ഞു.
![]()
