തിരുവനന്തപുരം :മാനസിക നില തെറ്റിയ അന്യസംസ്ഥാന യുവതിക്ക് കേരളാപോലീസ് തുണയായി.ശകുന്തള നാഗേഷ് എന്ന യുവതിക്കാണ്
മാനസികാരോഗ്യം നഷ്ടമായതിനെത്തുടർന്ന് ഉറ്റവരിൽ നിന്ന് വേർപെട്ട് അലഞ്ഞ നാളുകൾക്കു അവസാനമാക്കാൻ പോലിസ് തുണയായത്. ജന്മനാടായ ഉത്തരകന്നഡയിലെ നീണ്ട നാളത്തെ അന്വേഷണത്തിനൊടുവിൽ ബന്ധുക്കളെ കണ്ടെത്തി തിരിച്ചേൽപ്പിച്ച പരിയാരം പൊലീസ് സ്റ്റേഷനിലെ ജനമൈത്രി പോലീസിനും സംതൃപ്തി.
കഴിഞ്ഞ ജനുവരി 16 നാണ് ദേശീയപാതയിൽ ബക്കളത്ത് വച്ച് പിങ്ക് പൊലീസ് ശകുന്തളയെ അവശനിലയിൽ കണ്ടെത്തിയത്. സംസാരിക്കാത്ത നിലയിലായിരുന്ന ഇവരെ പോലീസ് ഉദ്യോഗസ്ഥർ നടപടിക്രമങ്ങൾക്ക് ശേഷം പരിയാരം മേരിഭവനിൽ എത്തിച്ചു. കഴിഞ്ഞ ആറുമാസമായി ശകുന്തള മേരിഭവനിൽ അന്തേവാസിയായി കഴിഞ്ഞുവരികയായിരുന്നു. കടുത്ത മാനസിക അസ്വാസ്ഥ്യത്താൽ ഓർമ നഷ്ടപ്പെട്ട ഇവരുടെ ബന്ധുക്കളെ കണ്ടെത്താനായി പരിയാരം പൊലീസ് സ്റ്റേഷനിലെ പോലീസ് ഉദ്യോഗസഥരുടെ അന്വേഷണം ആഴ്ച്ചകൾ നീണ്ടു.
അന്വേഷണത്തിനൊടുവിൽ ഉത്തരകന്നഡ ജില്ലയിലെ അംഗോള പൊലീസ് പരിധിയിലുള്ള ബെലംബാർ പ്രദേശത്താണ് ശകുന്തളയുടെ വീടെന്ന് മനസിലാക്കാൻ കഴിഞ്ഞു. തുടർന്ന് അംഗോള പോലീസ് സ്റ്റേഷനുമായി ബന്ധപ്പെട്ടപ്പോൾ ക്രൈംനമ്പർ 60/23 ആയി രജിസ്റ്റർ ചെയ്ത കേസിൽ അംഗോള പോലീസും ശകുന്തളയ്ക്കായുള്ള അന്വേഷണത്തിലാണെന്ന് വ്യക്തമായി.
തുടർന്ന് അംഗോള സ്റ്റേഷനിലെ കോൺസ്റ്റബിൾ റയീസ് ഭഗവാൻ, ശകുന്തളയുടെ മകൻ ഗൗരീഷ്, സഹോദരി സുമിത്ര എന്നിവർ മേരിഭവനിലെത്തി. ബന്ധുക്കളെ കണ്ടതോടെ സന്തോഷവതിയായ ശകുന്തള നടപടിക്രമങ്ങൾക്ക് ശേഷം ബെലംബാറിലെ ജന്മഗ്രാമമായ മഞ്ജുഗുണിയയിലേയ്ക്ക് യാത്ര തിരിച്ചു.
പരിയാരം എസ്.ഐ പി.സി.സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ ജനമൈത്രി ബീറ്റ് ഓഫീസറായ അസി.സബ്ബ് ഇൻസ്പെക്ടർ പി.വി.രാജേഷ്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ എം.മധു, വി.വി.ബിജു, സ്റ്റേഷൻ പി.ആർ .ഒ കെ.എ.പി.പ്രകാശൻ എന്നിവരായിരുന്നു അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നത്.
![]()
