ഒരു പ്രദേശത്തെ കാരുണ്യ മനസുകൾ കൈകോർത്താൽ സാധിക്കാത്തത് ഒന്നുമില്ലെന്ന് വീണ്ടും വീണ്ടും തെളിയിക്കുകയാണ് ഒരു നാട്. കോട്ടയം ജില്ലയുടെ അതിർത്തിയിൽ രണ്ട് ആറുകളുടെ കുളിര് പറ്റി കിടക്കുകയാണ് ഈരാറ്റുപേട്ട എന്ന കുഞ്ഞു പ്രദേശം. കച്ചവടത്തിനും തടി ബിസിനെസ്റ്റിനും എന്തിനേറെ ദുനിയാവിലെ എല്ലാത്തരം ക്രയവിക്രയങ്ങളുമുള്ള ചെറുപ്പട്ടണം. ഒരു വിളിപ്പുറത്തു കാരുണ്യ കൂട്ടങ്ങൾ അത് നമ്മൾ പ്രളയത്തിലും കോവിഡ് ദുരിതകാലത്തും ഒത്തിരി കൺ നിറയേ കണ്ടതുമാണ്.

ഇപ്പോൾ ആ പ്രദേശം വാർത്തയാകുന്നത് മറ്റൊരു കാരുണ്യ പ്രവർത്തിയിലൂടെയാണ്. ഒരു കൂട്ടം മനുഷ്യസ്നേഹികളുടെ കൈ കോർക്കലിൽ നിർധനരായ പെൺകുട്ടികളുടെ വിവാഹത്തിന് വേണ്ട എല്ലാത്തരം വസ്ത്രങ്ങളും തികച്ചും സൗജന്യമായി നൽകുന്നു, അതും വലതു കൈ കൊണ്ട് കൊടുക്കുന്നത് ഇടതു കൈ അറിയുന്നില്ലായെന്ന ചൊല്ലിന്റെ യഥാർത്ഥ ആവിശ്കാരം. പട്ടണത്തിലെ സ്നേഹ സമ്പന്നർ നൽകുന്ന പുതുവസ്ത്രങ്ങൾ, സാമ്പത്തികം എന്നിവ ഉപയോഗിച്ച് ഒരു വർഷത്തിനുള്ളിൽ ഏകദേശം 75 മണവാട്ടികളെ സന്തോഷത്തോടെ വിവാഹ വേദിയിലേക്ക് തിളങ്ങുന്ന വസ്ത്രങ്ങൾ ധരിപ്പിച്ചു കയറ്റി വിടാൻ ഈക്കൂട്ടർക്ക് കഴിഞ്ഞു എന്നത് ചെറിയ ഒരു കാര്യമല്ല.സഹായം എത്തിക്കുന്നതിനു വരെ വളരെ രഹസ്യ സ്വഭാവമുള്ള നടപടിക്രമങ്ങൾ ആണ് ഇവർക്കുള്ളത്.
ഹക്കിം പുതുപ്പറമ്പിൽ (കോഡിനേറ്റർ )

താമസ സ്ഥലത്തെ ജനപ്രതിനിധിയൊ മഹല്ല്, അമ്പല കമ്മിറ്റി, ഇടവക പ്രതിനിധികളുടെയോ ഒരു സാക്ഷി പത്രം മതി. മണവാട്ടിക്ക് മൈലാഞ്ചിയിൽ തുടങ്ങി വിവാഹ വേദിയിലേക്ക് എത്തുന്ന വരെയുള്ള സഹായം അവർ നൽകുന്നു. ആഡംബര വസ്ത്ര സങ്കൽപ്പങ്ങളുടെ കാലത്ത് ഒരു വിവാഹത്തിന് വസ്ത്രങ്ങൾ വാങ്ങുന്ന ചിലവ് വളരെ കൂടുതൽ ഉള്ള സമയത്താണ് പാവപ്പെട്ടവർക്ക് വിലപിടിപ്പുള്ള വസ്ത്രങ്ങൾ തികച്ചും സൗജന്യമായി നൽകുന്നത് .
വിവാഹം കഴിഞ്ഞാലുടൻ വസ്ത്രങ്ങൾ ഡ്രസ്സ് ബാങ്കിൽ എത്തിക്കുന്നത് ഇപ്പോൾ പേട്ടയിലെ സ്ഥിരം കാഴ്ചയായി മരുന്ന് .പതിനായിരം മുതൽ ലക്ഷം രൂപ വരെ വിലയുള്ള നല്ല വസ്ത്രങ്ങൾ മദീന കൊമ്പ്ലക്സിലെ ഏറ്റവും മുകളിലത്തെ നിലയിലെ ഓഫീസിലെ ഷെല്ഫുകളിൽ ആവശ്യക്കാർക്കായി കാത്തിരിക്കുന്നു. എല്ലാ പ്രായത്തിലുമുള്ളവർക്കുള്ള വസ്ത്രങ്ങൾ, സ്കൂൾ ബാഗുകൾ, കുടകൾ, വീട്ടുപകരണങ്ങൾ എന്തുമായിക്കോട്ടെ വീട്ടിൽ ഉപയോഗിക്കാതെ എന്നാൽ മറ്റുള്ളവർക്ക് ഉപയോഗ യോഗ്യമായതെന്തോ അതെല്ലാം ഈ കൂട്ടായ്മക്ക് എത്തിച്ചാൽ അർഹരായവർക്ക് എത്തിക്കും. കഴിഞ്ഞ പെരുന്നാളിന് തെക്കൻ കേരളത്തിലെ പൊന്നാനി എന്നറിയപ്പെടുന്ന ഇരാറ്റുപേട്ടയിലെ സന്മനസുകൾ ഇവർക്ക് നൽകിയത് 33 പേർക്കുള്ള പെരുന്നാൾ പുടവകളാണ് അത് ധരിച്ചു ഒരുപക്ഷെ കൊടുത്തവനും വാങ്ങിയവനും ഒരെ നിരയിൽ നിന്ന് പെരുന്നാൾ നമസ്കരിച്ചിട്ടുണ്ടാവും, അതല്ലേ പ്രവാചകനും ഇഷ്ടമുള്ളതും.

അനവധി സംഘടനകൾ ഡ്രസ്സ് ബാങ്കിന് പിന്തുണയുമായി രംഗത്ത് വന്നിട്ടുണ്ട്. വ്യാപാരി വ്യവസായി വനിത വിഭാഗം ഡ്രെസ് ബാങ്കിൽ എത്തുന്ന പുതു മണവാട്ടികൾക്ക് സൗജന്യമായി മേക്കപ്പ് ചെയ്തു കൊടുക്കാമെന്നു ഏറ്റിട്ടുണ്ട്. അതുപോലെ സാധരണക്കാർക്ക് ആവശ്യമുള്ള മരുന്നുകൾ ലഭിക്കുന്നത് “തണൽ” വിതരണം ചെയ്തു വരുന്നു. പേട്ടയിലെ മനുഷ്യ സ്നേഹത്തിന്റെ കഥകൾ പറഞ്ഞാലും തീരാത്ത രീതിയിൽ തുടർന്ന് കൊണ്ടിരിക്കുന്നു.
ജീവകാരുണ്യ പ്രവർത്തകൻ ഹക്കിം പുതുപ്പറമ്പിലിന്റെ നേതൃത്വത്തിൽ റഹീസ് പഠിപ്പുരക്കൽ,മുഹമ്മദ് ഇർഫാൻ,മഹ്റൂഫ്,റിതാ ഇർഫാൻ,ഷമി നൗഷാദ്,സുഹാന ജിയാസ്,ഫാത്തിമാ ഷമ്മാസ്,സുനിതാ ഇസ്മായീൽ,നിഷാ ഇസ്മായിൽ,സൗമി ബഷീർ,നബ് ല ,സിയാന എന്നിവരടങ്ങിയ 13 അംഗ നിസ്വാർത്ഥ മനുഷ്യ സ്നേഹികളാണ് കാരുണ്യത്തിന്റെ പുണ്യഭൂമിയിൽ ഡ്രസ്സ് ബാങ്കിന് നേതൃത്വം നൽകുന്നത്.
![]()
