തിരുവനന്തപുരം:സംസ്ഥാനത്തിന്റെ ഔദ്യോഗിക നാമം ‘കേരള’ എന്നത് മാറ്റി ‘കേരളം’ എന്ന് ഔദ്യോഗികമായി പുനർനാമകരണം ചെയ്ത് 2026 ആഗസ്റ്റ് 25-ന് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയതിന്റെ അടിസഥാനത്തിൽ ‘കേരളം’ എന്ന് പേര് മാറ്റുന്നതിന് പണം അനാവശ്യമായി ചെലവഴിക്കേണ്ടെന്ന് സർക്കാർ.
ഓഫീസ് നെയിം ബോർഡുകളും ഫലകങ്ങളും മാറ്റി സ്ഥാപിക്കേണ്ടതില്ല. നിലവിലുള്ള പേപ്പറോ ഫയലോ വെറുതെ കളയരുതെന്ന് ചീഫ് സെക്രട്ടറി ബിശ്വനാഥ് സിൻഹ സർക്കുലർ ഇറക്കി.
കേരള എന്ന് രേഖപ്പെടുത്തിയ നിലവിലുള്ള ലെറ്റർഹെഡുകൾ, കവറുകൾ, ഫോമുകൾ, രജിസ്റ്ററുകൾ, ഫയലുകൾ, പ്രസിദ്ധീകരണങ്ങൾ, മറ്റ് അച്ചടിച്ച സ്റ്റേഷനറി സാമഗ്രികൾ എന്നിവയുടെ നിലവിലുള്ള സ്റ്റോക്ക് പൂർണ്ണമായും തീരുന്നതുവരെ മഷി ഉപയോഗിച്ച് തിരുത്തൽ വരുത്തി ഉപയോഗിക്കേണ്ടതാണ്. സംസ്ഥാനത്തിൻ്റെ പേര് മാറ്റിയതിന്റെ പേരിൽ 2000 നിലവിലുള്ള സ്റ്റോക്ക് ഉപേക്ഷിക്കുകയോ പുതുതായി അച്ചടിക്കുകയോ ചെയ്യേണ്ടതില്ല.
സാങ്കേതികമായി സാധ്യമായിടത്ത് ഇംഗ്ലീഷിൽ “Kerala” എന്ന് രേഖപ്പെടുത്തിയിട്ടുള്ളത്, അധികമായി “m” എന്ന അക്ഷരം ചേർത്ത് “Keralam” എന്നാക്കി മാറ്റാവുന്നതും അതുപോലെ, മലയാളത്തിൽ “കേരള” എന്നത് “0” അടയാളം ചേർത്ത് “കേരളം” എന്നാക്കി മാറ്റാവുന്നതുമാണ്. ഇത്തരം മാറ്റങ്ങൾ സൈൻബോർഡുകൾക്ക് പതിവ് പെയിന്റിംഗ്, അറ്റകുറ്റപ്പണി അല്ലെങ്കിൽ മാറ്റിസ്ഥാപിക്കൽ ആവശ്യമായി വരുന്ന അവസരത്തിൽ, ക്രമാനുസൃതമായി നടത്താവുന്നതാണെന്ന് ചീഫ് സെക്രട്ടറി ഇറക്കിയ സർക്കുലറിൽ പറയുന്നു.
![]()
