തിരുവനന്തപുരം: യുക്രൈനിലെ ഒഡേസ (Odesa) തുറമുഖത്തിനു സമീപം ‘എംവി ഗോൾഡൻ ലിയോ’ ചരക്കുകപ്പലിനു നേരെയുണ്ടായ മിസൈൽ ആക്രമണത്തിൽ കൊല്ലപ്പെട്ട കാസർഗോഡ് വെള്ളരിക്കുണ്ട് എ.കെ.ജി നഗർ സ്വദേശി അഖിൽ ജോയലിന്റെ (26) ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ എംബസി ഊർജിതമാക്കി.
മൃതദേഹം തിരിച്ചറിയുന്നതിനായി ഡിഎൻഎ (DNA) പരിശോധന നടത്താൻ എംബസി കുടുംബത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. പരിശോധനാ നടപടികൾ പൂർത്തിയാകുന്നതോടെ രണ്ടാഴ്ചയ്ക്കുള്ളിൽ മൃതദേഹം നാട്ടിലെത്തിക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ആഫ്രിക്കൻ രാജ്യമായ ഗിനി ബിസാവുവിന്റെ പതാക വഹിച്ചിരുന്ന ‘എംവി ഗോൾഡൻ ലിയോ’ എന്ന കപ്പലിനു നേരെ ഒഡേസ തുറമുഖത്തിന് സമീപത്തുവച്ചാണ് മിസൈൽ ആക്രമണമുണ്ടായത്.

ആക്രമണത്തിൽ കൊല്ലപ്പെട്ട 10 പേരിൽ നാലുപേർ ഇന്ത്യക്കാരാണ്. കൊല്ലപ്പെട്ട അഖിൽ ജോയൽ ഈ കപ്പലിലെ ചീഫ് ഓഫീസറായി സേവനമനുഷ്ഠിച്ചു വരികയായിരുന്നു.
ഭൗതികശരീരം നാട്ടിലെത്തിക്കുന്നതിനുള്ള നടപടിക്രമങ്ങൾ വേഗത്തിലാക്കാൻ നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ആസിഫ് കെ. യൂസഫ് കേന്ദ്ര വിദേശകാര്യ മന്ത്രാലയവുമായും യുക്രൈനിലെ ഇന്ത്യൻ മിഷനുമായും നിരന്തരം ബന്ധപ്പെട്ടുവരുന്നു.
![]()
