സിക്കിം: തെക്കൻ സിക്കിമിലെ നാംചി ജില്ലയിലുള്ള സമർഡുങ്ങിൽ നിർമ്മാണത്തിലിരിക്കുന്ന NHPC ടീസ്റ്റ സ്റ്റേജ്-VI ജലവൈദ്യുത പദ്ധതിയുടെ ‘ഹെഡ് റേസ് ടണലിൽ’ (HRT) സംഭവിച്ച വൻ സ്ഫോടനത്തെ തുടർന്ന് രക്ഷാപ്രവർത്തനം ശക്തമായി പുരോഗമിക്കുന്നതായി NHPC അറിയിച്ചു .
2026 ജൂലൈ 20-ന് ഉച്ചയ്ക്ക് 1:04-നാണ് ദുരന്തമുണ്ടായത്. പാറയ്ക്കുള്ളിൽ കുടുങ്ങിക്കിടന്നിരുന്ന മീഥെയ്ൻ വാതകം പെട്ടെന്ന് പുറത്തേക്ക് വന്ന് സ്ഫോടനം സംഭവിക്കുകയായിരുന്നു. ഇതിനെത്തുടർന്ന് തുരങ്കത്തിനുള്ളിൽ കനത്ത പുകയും വിഷവാതകങ്ങളും നിറഞ്ഞു.
അപകടസമയത്ത് 25 പേരാണ് തുരങ്കത്തിനുള്ളിൽ കുടുങ്ങിയത്. ഇതിൽ 12 പേർ മരിച്ചതായി ഔദ്യോഗികമായി സ്ഥിരീകരിച്ചു. കണ്ടെടുത്ത 12 മൃതദേഹങ്ങളിൽ 8 എണ്ണം തിരിച്ചറിഞ്ഞതായി നാംചി ജില്ലാ എഡിഎം (ADM) അറിയിച്ചു. കോട്ടയം ജില്ലയിലെ പാമ്പാടി സ്വദേശിയായ ജിയോളജിസ്റ്റ് അനീഷ് മോഹനെ തുരങ്കത്തിൻ്റെ ഒരു ഭാഗം തകർന്നതിനെ തുടർന്ന് കാണാതായിട്ടുണ്ട്. എന്‍എച്ച്പിസി സീനിയര്‍ മാനേജറാണ് അനീഷ്.
ഇദ്ദേഹത്തിനായുള്ള തിരച്ചിൽ ഊർജ്ജിതമായി നടക്കുന്നു. അനീഷ് മോഹന്റെ കുടുംബത്തെ അപകടം നടന്ന സ്ഥലത്തേക്ക് എത്തിക്കാനുള്ള നടപടികൾ സ്വീകരിച്ചതായി NHPC അധികൃതർ അറിയിച്ചു.
ദേശീയ ദുരന്തനിവാരണ സേന (NDRF), സംസ്ഥാന ദുരന്തനിവാരണ സേന (SDRF), ഡയറക്ടറേറ്റ് ജനറൽ ഓഫ് മൈൻസ് സേഫ്റ്റി (DGMS), പ്രാദേശിക ഭരണകൂടം എന്നിവർ ചേർന്ന് സിക്കിം സർക്കാരിൻ്റെ ഏകോപനത്തിൽ സംയുക്തമായാണ് രക്ഷാപ്രവർത്തനങ്ങൾ നടത്തുന്നത്.
![]()
