ഇക്കഴിഞ്ഞ പാർലമെന്റ് തെരെഞ്ഞെടുപ്പിലും നിയമസഭ തെരഞ്ഞെടുപ്പിലും കായംകുളം മണ്ഡലത്തിലെ വോട്ടിനെ സ്വാധീനിച്ച നിർണ്ണായക ഘടകമാണ് ഉയരപ്പാത.
ഒരുപക്ഷേ കായംകുളത്തിന്റെ “ഹോർമൂസ് ‘ എന്ന് വിശേഷിപ്പിക്കാവുന്ന തരത്തിൽ ഇത് നിർണ്ണായകമായതായിരുന്നു. കായംകുളം പട്ടണത്തിലേക്ക് കടക്കുന്നതിനും പുറത്തേക്ക് ഇറങ്ങുന്നതിനും ഉയരപ്പാത കൂടിയേ തീരു എന്ന അവസ്ഥയാണ്.

പട്ടണത്തിന്റെ വികസനത്തിനും പുരോഗതിക്കും അനിവാര്യമായ ഈ ഉയരപ്പാത വിഷയത്തെ രാഷ്ട്രീയപാർട്ടികൾ കൈകാര്യം ചെയ്തത് വളരെ ലാഘവത്തോടെയാണ്. ഹോർമോസ് വിഷയത്തിൽ ട്രമ്പിന്റെ നിലപാട് പോലെ. എൽ.ഡി.എഫോ, യു ഡി.എഫോ യാതൊരുതരത്തിലുള്ള ഹോംവർക്ക് ചെയ്യാതെയും വ്യക്തമായ വിവേചനബുദ്ധിയോടെ യാതൊരുപഠനവും നടത്താതെ സമയം കളയുകയായിരുന്നു ഈ നാട്ടിലെ രാഷ്ട്രീയപ്പാർട്ടികൾ. ഇവർ (കായംകുളത്തെ എല്ലാ രാഷ്ട്രീയ പാർട്ടികളും) ഈ വിഷയം പഠിച്ചിരുന്നുവെങ്കിൽ അവർ സമരമുഖത്ത് എത്തുകയും സമരം തങ്ങളുടെ താക്കി വോട്ടുബാങ്ക് കവർന്നെനെടുത്തേനേ. എന്നാൽ ബുദ്ധിയോ പക്വതയോ രാഷ്ട്രീയ ബാലപാപാഠമോ ഇല്ലാത്ത നേതാക്കൾ അണിനിരന്നിരിക്കുന്ന പാർട്ടികൾ യഥാർത്ഥത്തിൽ കായംകുളത്തിന് ശാപമാണ്.യാതൊരു നിലപാടും രാഷ്ട്രീയ പാർട്ടികൾ ഈ വിഷയത്തിൽ ഉണ്ടായില്ല എന്നത് എത്ര ഖേദപൂർവ്വം പറയേണ്ടി വന്നു.

കായംകുളത്തെ രാഷ്ട്രീയ പ്രസ്ഥാനങ്ങൾ ഈനാട്ടിലെ ജനങ്ങൾക്ക് വേണ്ടി നില ക്കൊണ്ടിരുന്നുവെങ്കിൽ കായംകുളത്ത് ഉയരപ്പാത സ്ഥാപിക്കുന്നതിന് വേണ്ടി ഇവർ വേഷം കെട്ടുമായിരുന്നു. എന്നാൽ സി പി എം ലെയും കോൺഗ്രസ്സ്ലെയും നേതൃത്വനിരയിൽ യാതൊരു പഠനമോ വ്യക്തമായ നിലപാടോ ഉള്ള നേതാക്കളുടെ അഭാവമാണ് ഈ വിഷയത്തിൽ രാഷ്ട്രീയ പാർട്ടികൾ ഇടപെടാതെ മൗനം ദീക്ഷിച്ചത്. ആർക്കോ വേണ്ടി തിളക്കുന്ന സാമ്പാർ കഷ്ണം പോലെയാണ് നേതാക്കന്മാരുടെ നിലപാട്.
നിർണ്ണായക ഘട്ടത്തിൽ കായംകുളം നഗരസഭ ഭരിച്ചിരുന്നവരുടെ അഴകൊഴുമ്പൻ സമീപനവും നിലപാടില്ലായ്മയും നാടിന് എന്തു വില കൊടുക്കേണ്ടി വന്നു എന്ന് ചിന്തിക്കുക. ചക്കിക്കൊത്തൊരു ചങ്കരനെ പോലെ ഉദ്യോഗസ്ഥനും അതിന് പറ്റിയ ഒരു ഭരണാധികാരിയുമായിരുന്നു അന്നത്തെ നഗര ഭരണത്തിലുണ്ടായിരുന്നത്. നമ്മുടെനാടിന്റെ
പൊതുവായ ആവശ്യത്തിന് വേണ്ടി നിലകൊള്ളാത്ത രാഷ്ട്രീയനേതൃത്വം അഴിച്ചു പണിഞ്ഞേ തീരു. ഇനിയും പരിഹരിക്കാവുന്ന ഒരു വിഷയത്തിൽ ഈ ഘട്ടത്തിൽ പോലും “കമാ ‘ എന്ന് പോലും പറയാത്ത ഇവർ അധികാരസ്ഥാനത്തിരിക്കാൻ അർഹരാണോ എന്ന് ആത്മവിമർശം നടത്തുക.
കായംകുളത്ത് അനിവാര്യമായിരുന്ന ഉയരപ്പാത ലഭിക്കാതെ വന്നതിന് ഉത്തരവാദിയായവർക്ക് തിരിച്ചടി നൽകുവാൻ കാലം കാത്തിരിക്കുകയാണ്. പകരം ചോദിക്കാതെ ഒരു കാലവും കടന്നുപോയിട്ടില്ല.

അഡ്വ. ഒ. ഹാരിസ്,
കായംകുളം.
9447905874
![]()
