തിരുവനന്തപുരം:സംസ്ഥാനത്ത് തീപാറും പോരാട്ടത്തിന് കളമൊരുങ്ങി. നാമനിര്‍ദേശ പത്രികയുടെ സൂക്ഷ്മ പരിശോധനയും പത്രിക പിന്‍വലിക്കാനുള്ള സമയ പരിധിയും ഇന്ന് അവസാനിച്ചതോടെ പോരാട്ടചിത്രം തെളിഞ്ഞു. ആകെ 890 സ്ഥാനാര്‍ത്ഥികളാണ് സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്റെ മത്സര രംഗത്ത് അന്തിമമായുള്ളത്.
കൊടുവള്ളി മണ്ഡലത്തിലാണ് ഏറ്റവും കൂടുതൽ സ്ഥാനാര്‍ത്ഥികള്‍ മത്സര രംഗത്തുള്ളത്. ഇവിടെ 13 പേരാണ് മത്സരിക്കുന്നത്. 2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്താകെ 957 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുണ്ടായിരുന്നത്. മഞ്ചേശ്വരത്ത് 2021ൽ ആറുപേരാണ് മത്സരിച്ചതെങ്കിൽ ഇത്തവണ 11 പേരാണ് മത്സ രംഗത്തുള്ളത്. പേരാവൂര്‍, മഞ്ചേശ്വരം, തിരുവനന്തപുരം മണ്ഡലങ്ങളിൽ 11 സ്ഥാനാര്‍ത്ഥികള്‍ വീതമാണുള്ളത്.

പണക്കൊഴുപ്പിന്റെ തിരഞ്ഞെടുപ്പ് കാലത്ത് വെറും 84 രൂപയുടെ ആസ്തിയുമായി വേറിട്ട പോരാട്ടത്തിന് ഒരുങ്ങുകയാണ് ഏറ്റുമാനൂരിലെ എസ് യു സി ഐ (SUCI) സ്ഥാനാർത്ഥി ആഷ്ന തമ്പി. കേരളത്തിൽ ഇത്തവണ മത്സരിക്കുന്ന സ്ഥാനാർത്ഥികളിൽ ഏറ്റവും കുറഞ്ഞ ആസ്തിയുള്ള വ്യക്തി കൂടിയാണ് 26 വയസ്സുകാരിയായ ആഷ്ന.
സമരമുഖത്തെ യുവപോരാളി നാമനിർദ്ദേശ പത്രിക സമർപ്പിക്കുമ്പോൾ കൈവശം 40 രൂപയും ബാങ്ക് അക്കൗണ്ടിൽ 44 രൂപയുമാണ് ആഷ്ന രേഖപ്പെടുത്തിയത്. സ്വന്തമായി ഭൂമിയോ മറ്റ് തൊഴിലോ ഇവർക്കില്ല. ജേണലിസം പി ജി ഡിപ്ലോമയുള്ള ആഷ്ന നിലവിൽ പാർട്ടിയുടെ മീഡിയ കോഓർഡിനേറ്ററും എഐഡിഎസ്ഒ (AIDSO) സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമാണ്.
![]()
