കോട്ടയം: വാകത്താനം സ്വദേശിനി ലിസിയാമ്മയ്ക്ക് പുതുജീവൻ നൽകി കാക്കിയുടെ കരസ്പർശം. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട എഴുപതുകാരിക്ക് രക്ഷകനായി മാറിയത് കോട്ടയം ജില്ലയിലെ വാകത്താനം പൊലീസ് സ്റ്റേഷനിലെ പ്രദീപ് കുമാർ സി വി . വാകത്താനം നെടുമറ്റം ഭാഗത്ത് പൊയ്കയിൽ വീട്ടിലെ മുൻ വാർഡ് മെമ്പർ ലിസ്സിയാമ്മ ജോസഫിന്റെ ചെറു മകന്റെ പാസ്പോർട്ട് വെരിഫിക്കേഷനായി എത്തിയതായിരുന്നു പ്രദീപ് കുമാർ.
വീടിന്റെ സിറ്റൗട്ടിൽ ഇരുന്ന ലിസ്സിയാമ്മയോട് സംസാരിക്കുന്നതിനിടയിൽ, അവർക്ക് ശാരീരികാസ്വാസ്ഥ്യം അനുഭവപ്പെടുന്നതായി ഉദ്യോഗസ്ഥന് മനസിലായി. തുടർന്ന് വീട്ടിലുണ്ടായിരുന്ന കാറിൽ ലിസിയാമ്മയെ ചെത്തിപ്പുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു. കൃത്യസമയത്ത് ആശുപത്രിയിൽ എത്തിക്കാൻ കഴിഞ്ഞതിനാൽ ജീവൻ രക്ഷിക്കാൻ സാധിച്ചതായി ഡോക്ടർമാർ പറഞ്ഞു.
ആശുപത്രിയിൽ ഇവർക്ക് കൂട്ടിരുന്ന പ്രദീപ്, രാത്രിയിൽ ബന്ധുക്കൾ എത്തി അവരോട് കാര്യങ്ങൾ വിവരിച്ച ശേഷമാണ് ആശുപത്രിയിൽ നിന്ന് മടങ്ങിയത്. പൊലീസ് സേനാംഗങ്ങളുടെ ഇത്തരം മനുഷ്യത്വപരമായ പ്രവർത്തനങ്ങൾ എന്നും അഭിനന്ദനം അര്‍ഹിക്കുന്നതാണെന്ന് കോട്ടയം ജില്ലാ പൊലീസ് മേധാവി കെ കാർത്തിക് ഐ പി എസ് പറഞ്ഞു.
![]()
