റിയാദ് : പ്രവാസികളെ ചതിയിൽ കുരുക്കുന്ന ഒട്ടനവധി സൈബർ തട്ടിപ്പുകൾ വ്യാപകമായി നടന്നു കൊണ്ടിരിക്കുന്ന വിവരം പൊതുസമൂഹത്തെ തന്റെ സ്വന്തം അനുഭവത്തിലൂടെ അറിയിച്ചു റിയാദിലെ സാമൂഹിക പ്രവർത്തകനായ സുധിർ കുമ്മിൾ.സാമൂഹിക മാധ്യമങ്ങളിലൂടെയാണ് തനിക്കുണ്ടായ അനുഭവം പങ്കു വെച്ചത്.
സുധിർ കുമ്മിൾ സാമൂഹിക മാധ്യമങ്ങളിൽ പങ്ക് വെച്ച അനുഭവകുറിപ്പിന്റെ പൂർണ്ണ രൂപം
ഇന്ന് രാവിലെ (24/11/2025) എനിക്കൊരു ഗൂഗിൾ മീറ്റ് വീഡിയോ കാൾ വന്നു. ഒമാൻ പോലീസിന്റെ പേരിലുള്ള ഒരു ഇമെയിൽ ഐഡിയിൽ നിന്നാണ് കാൾ എത്തിയത്. കാൾ കണക്ട് ആയതോടെ പോലീസ് യൂണിഫോം വേഷധാരിയായ ഒരാൾ താൻ ജിദ്ദ പോലീസ് ആണെന്നും താങ്കളുടെ പേരിൽ ഒരു ആമസോൺ ഷിപ്മെന്റ് വന്നിട്ടുണ്ടെന്നും അതിനെ കുറിച്ച സംസാരിക്കാനാണെന്നും പറഞ്ഞാണ് തുടങ്ങിയത്. ആദ്യം അറബിയിൽ സംസാരിച്ചു തുടങ്ങിയ വ്യക്തി ഞാൻ ആവശ്യപ്പെട്ടതിനെ തുടർന്ന് ഇംഗ്ലീഷിൽ സംസാരിക്കുകയായിരുന്നു. ഞാൻ എന്റെ വീഡിയോ ഓഫ് ചെയ്തു. തുടർന്നയാൾ ഞാൻ ജിദ്ദ പോലീസ് ആണെന്ന് പറഞ്ഞു എന്റെ വീഡിയോ ഓൺ ചെയ്യാൻ ആവർത്തിച്ചാവശ്യപ്പെട്ടു. മറുപടിയായി തമാശ രൂപേനെ ഞാൻ റിയാദ് പോലീസ് ആണെന്ന് പറഞ്ഞതോടെ, കുറച്ചുനേരം മിണ്ടാതിരുന്ന ആൾ ഫോൺ കട്ട് ചെയ്ത് പോകുകയായിരുന്നു. ഞാൻ അവരെ വിശ്വസിക്കുന്നില്ല എന്ന് തോന്നിയതുകൊണ്ട് മാത്രമാണ് അവർ പെട്ടെന്ന് കട്ട് ചെയ്തത്.
ഇന്ത്യയിൽ ഇത്തരം തട്ടിപ്പ് വ്യാപകമാണ്. ഗൾഫ് രാജ്യങ്ങളിലും ഇതുപോലുള്ള തട്ടിപ് തുടങ്ങിയിട്ടുണ്ട്. അവർ ആവശ്യപ്പെടുന്നത് ബാങ്ക് കാർഡ് വിവരങ്ങളോ, അല്ലെങ്കിൽ നമ്മുടെ മൊബൈലിലേക്ക് വരുന്ന ഓ ടി പിയോ അതുമല്ലെങ്കിൽ നമ്മുടെ മൊബൈലിലേക്ക് / കമ്പ്യൂട്ടറിലേക്ക് പ്രവേശിക്കാനുള്ള അനുമതിയോ ആണ്. നമ്മുടെ പണം തട്ടുക മാത്രമാണ് ലക്ഷ്യം. ഒരിക്കലും സൗദി പോലീസ് ഫോൺ വിളിച്ചോ വീഡിയോ കാൾ ചെയ്തോ നിങ്ങളുടെ ബാങ്കിങ് വിവരങ്ങൾ ആവശ്യപ്പെടില്ല. ആരാണെന്ന് പറഞ്ഞാലും ഒരിക്കലും മൊബൈലിലേക്ക് വരുന്ന OTP മറ്റൊരാൾക്ക് കൈമാറരുത്.
പ്രവാസികൾ വഞ്ചിതരാകരുത്, എല്ലാവരിലും ഈ വിവരമെത്തിക്കുക.
സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട..
കുമ്മിൾ സുധീർ
24/11/2025 , റിയാദ്
![]()
