തിരുവനന്തപുരം : കെ പി സി സി സംഘടിപ്പിച്ച മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ അനുസ്മരണ യോഗത്തിൽ ഒന്നിച്ച് രാഷ്ട്രീയ സാമൂഹിക സാംസ്കാരിക കേരളം. അയ്യൻകാളി ഹാളിൽ സംഘടിപ്പിച്ച പരിപാടിയിൽ മുഖ്യമന്ത്രി അടക്കം വിവിധ രാഷ്ട്രീയ നേതാക്കളും സംഘടനാ നേതാക്കളും പങ്കെടുത്തു.
ഉമ്മൻ ചാണ്ടിയുടെ വിയോഗം കോൺഗ്രസ്സിന് കനത്ത നഷ്ടമാണെന്നും ശോഭിക്കുന്ന ഭരണാധികാരിയാണ് താനെന്ന് കേരളത്തിന് മുന്നിൽ തെളിയിച്ചെന്നും മുഖ്യമന്ത്രി പിണറായി വിജയൻ അഭിപ്രായപ്പെട്ടു. രണ്ടുതവണ മുഖ്യമന്ത്രിയായ ഘട്ടത്തിലും അദ്ദേഹത്തിന്റെ വിപുലമായ പരിജ്ഞാനം വലിയ തോതിൽ ശക്തി പകർന്നു. കോൺഗ്രസിനെ ശക്തിപ്പെടുത്താൻ അദ്ദേഹം പ്രാധാന്യം നൽകി.യു.ഡി.എഫിൽ ചോദ്യം ചെയ്യപ്പെടാത്ത നേതാവായിരുന്നു.കോൺഗ്രസിൽ അദ്ദേഹത്തിനുണ്ടായിരുന്ന സ്വീകാര്യത നേതൃശേഷിയുടെ പ്രത്യേകതയാണ്.

വിശ്രമം അദ്ദേഹത്തിന്റെ കൂടപ്പിറപ്പല്ല. രോഗം ബാധിച്ചപ്പോഴും പാർട്ടിയെ ശക്തിപ്പെടുത്താനാണ് ശ്രമിച്ചത്. നിയമസഭാ പ്രവർത്തനം ഒന്നിച്ചാണ് തുടങ്ങിയതെങ്കിലും തന്റെ രാഷ്ട്രീയ പ്രവർത്തനത്തിനിടയിൽ ഇടവേളകളുണ്ടായിരുന്നുവെന്നും എന്നാൽ ഉമ്മൻ ചാണ്ടി തുടർച്ചയായി ആ പ്രവർത്തനം ഭംഗിയായി നിറവേറ്റി’- മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു.
കെ പി സി സി പ്രസിഡന്റ് കെ സുധാകരൻ അധ്യക്ഷത വഹിച്ചു.
എതിരാളികൾ ഇത്രയധികം വേട്ടയാടപ്പെട്ട ഒരു നേതാവ് ഉണ്ടായിട്ടില്ലന്ന് സുധാകരൻ പറഞ്ഞു. പകരം വെക്കാനില്ലാത്ത നേതാവായിരുന്നു ഉമ്മൻ ചാണ്ടിയെന്നു പ്രതിപക്ഷ നേതാവ് വി ഡി സതീശൻ അഭിപ്രായപ്പെട്ടു. എം എം ഹസ്സൻ കെ പി സി സി യുടെ അനുശോചന പ്രമേയം അവതരിപ്പിച്ചു
![]()
