റിയാദ് : കഴിഞ്ഞ ദിവസം ആലപ്പുഴ പുന്നപ്രയിൽ വാഹന അപകടത്തിൽ മരിച്ച മുഹമ്മദ് സഹിൽ എന്ന 8 വയസ്സ് കാരന്റെ വേർപാട് പ്രവാസ ലോകത്തെയും കണ്ണീരിലാഴ്ത്തി.സുഹൃത്തുക്കളുടെ നെഞ്ചിലേക്ക് ഹൃദയ വേദനയോടെ മുഖമമർത്തി കരഞ്ഞു കൊണ്ട് മകൻ സഹലിന്റെ കബറിടത്തിലേക്ക് അബ്ദുൽ സലാം റിയാദ് അന്താരാഷ്ട്ര വിമാനത്താവളത്തിൽ നിന്ന് യാത്രയായത് കണ്ടു നിന്നവർക്ക് ദുഃഖം പിടിച്ചു നിർത്താനായില്ല.അപകട വാർത്ത അറിഞ്ഞത് മുതൽ സുഹൃത്തുക്കളും ബന്ധുക്കളും സലാമിന്റെ റൂമിലേക്ക് എത്തികൊണ്ടേയിരുന്നു.
റിയാദിൽ ജോലി ചെയ്യുന്ന ഗായകൻ കൂടിയായ സഹിലിന്റെ പിതാവ് നീർക്കുന്നം സ്വദേശി അബ്ദുൽ സലാമിന്റെ മകനാണ് വാഹനാപകടത്തിൽ മരിച്ചത്.കഴിഞ്ഞ വെള്ളിയാഴ്ച്ച ബന്ധുവുമായി പോകുമ്പോഴാണ് അവർ സഞ്ചരിച്ചിരുന്ന സൈക്കിളിൽ കാർ ഇടിക്കുന്നത്
ഗുരുതരമായി പരിക്കേറ്റ സഹിലിനെ വണ്ടാനം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചെങ്കിലും ഇന്നലെ വെളുപ്പിന് മരണത്തിനു കീഴടങ്ങുകയായിരുന്നു.
പാസ്പോർട്ട് കാലാവധി കഴിഞ്ഞു പുതുക്കാൻ വൈകിയതിനാൽപൊന്നോമനയുടെ ചലനമറ്റ ശരീരം കാണുവാൻ അബ്ദുൽ സലാമിന് കഴിഞ്ഞിരുന്നില്ല.സുഹൃത്തുക്കളുടെയും മറ്റും ഇടപെടലിലൂടെ സാമൂഹ്യ പ്രവർത്തകനായ ശിഹാബ് കൊട്ടുകാടിന്റെ സഹായത്തോടെ ഇന്നലെ അവധി ദിനമായിരുന്നിട്ട് കൂടി ഇന്ത്യൻ എമ്പസിയുമായി ബന്ധപ്പെട്ടു പാസ്പോര്ട്ട് പുതുക്കി ലഭിക്കുകയായിരുന്നു.
ഒമാൻ എയർ ലൈൻസിൽ നാട്ടിലേക്ക് പുറപ്പെട്ട അബ്ദുൽ സലാമിനെ യാത്രയാക്കാൻ ഈസ്റ്റ് വെനീസ് അസോസിയേഷൻ ഭാരവാഹികളായ ആന്റണി വിക്ടർ, സജാദ് സലിം, നിസാർ മുസ്തഫ, രാജേഷ് ഗോപിനാഥൻ, ഹാഷിം ചീയാം വെളി, സുരേഷ് കുമാർ,ആസിഫ് ഇഖ്ബാൽ, റിയാദ് ടാക്കീസ് പ്രതിനിധി ഷൈജു പച്ച എന്നിവർ എത്തിയിരുന്നു
ഈസ്റ്റ് വെനീസ് അസോസിയേഷൻ ട്രഷറർ നിസാർ മുസ്തഫ, ഇവാ അംഗം ഷാജഹാൻ എന്നിവരാണ് ശിഹാബ് കൊട്ടുകാടുമായി ബന്ധപ്പെട്ടു സലാമിന്റെ യാത്രക്കുള്ള ഒരുക്കങ്ങൾ നടത്തിയത്.സലാമിനുള്ള വിമാന ടിക്കറ്റും ഇവാ കൂട്ടായ്മ നൽകി.
ആലപ്പുഴ കൂട്ടായ്മയായ ഈസ്റ്റ് വെനീസ് അസോസിയേഷൻ, സ്മാർട്ട് വേ ഡ്രൈവേഴ്സ് കൂട്ടായ്മ തുടങ്ങിയ സംഘടനകളുമായി ബന്ധപ്പെട്ട് പ്രവർത്തിക്കുന്ന സലാമിന് വലിയ ഒരു സൗഹൃദം തന്നെ റിയാദിലുണ്ട്.സഹിലിന്റെ ജനാസ നമസ്ക്കാരം ഈ സുഹൃത്തുക്കളുടെ നേതൃത്വത്തിൽ ഇന്ന് 05/10/2025 ഞായറാഴ്ച രാത്രി 9 ന് മലസിലെ ചെറീസ് ഓഡിറ്റോറിയത്തിൽ നടക്കും.
![]()
