ദോഹ :എയർഇന്ത്യ എക്സ്പ്രസ് കേരളത്തിൽ നിന്നുള്ള പല സർവിസുകളും നിർത്തലാക്കുന്ന സാഹചര്യത്തിൽ കണ്ണൂർ യാത്രക്കാർ മറ്റു വിമാനത്താവളങ്ങളെ ആശ്രയിക്കേണ്ട സ്ഥിതി വരികയാണ്. കണ്ണൂർ വിമാനത്താവളത്തിന് പോയന്റ് ഓഫ് കാൾ പദവി ഇല്ലാത്തതിനാൽ വിദേശവിമാനങ്ങൾക്ക് ഇവിടേക്ക് സർവിസ് നടത്താനാകുന്നുമില്ല അതിനാൽ ഇന്ത്യൻ വിമാന കമ്പനികളെ മാത്രമേ കണ്ണൂർ യാത്രക്കാർക്ക് ആശ്രയിക്കാനാകൂ എന്നതും ദുഖകരമാണ്.
കുവൈത്തിൽനിന്ന് കണ്ണൂരിലേക്ക് നേരിട്ട് എയർഇന്ത്യ എക്സ്പ്രസും കണക്ഷൻ സർവിസായി ഇൻഡിഗോ എയർലൈൻസുമാണുള്ളത്. എയർഇന്ത്യ എക്സ്പ്രസ് നിലക്കുന്നതോടെ കണ്ണൂർ യാത്രക്കാർ ഇൻഡിഗോ എയർലൈൻസിനെ മാത്രം ആശ്രയിക്കേണ്ടിവരും. എന്നാൽ ഈ സർവിസ് നെടുമ്പാശ്ശേരിയിൽ നിന്നും മംഗലാപുരം വിമാനത്താവളങ്ങൾ വഴിയാണ് എന്നതിനാൽ മണിക്കൂറുകൾ അവിടെ കാത്തിരുന്നു വേണം നാട്ടിലെത്താൻ. അടുത്തുള്ള കോഴിക്കോട് വിമാനത്താവളത്തിലേക്ക് കുവൈത്തിൽനിന്ന് നേരിട്ട് മറ്റു സർവിസുകൾ ഇല്ല. ഇതോടെ കൊച്ചി, മംഗളൂരു, ബംഗളൂരു വിമാനത്താവളങ്ങളെ കണ്ണൂർ, കാസർകോട്, വയനാട് യാത്രക്കാർ ആശ്രയിക്കേണ്ടിവരും ഇത് പ്രവാസി യാത്രക്കാരെ വല്ലാതെ ബുദ്ധിമുട്ടിൽ ആക്കുന്നതാണ്.
നേരത്തേ എയർഇന്ത്യ എക്സ്പ്രസിനൊപ്പം കണ്ണൂരിലേക്ക് കുറഞ്ഞ നിരക്കിൽ ഗോ ഫസ്റ്റ് എയർലൈൻസ് സർവീസ് നടത്തിയിരുന്നു. 2023 മേയിൽ ഗോ ഫസ്റ്റ് സർവിസ് അവസാനിപ്പിച്ചു ഇതോടെ കണ്ണൂർ യാതക്കാരുടെ യാത്രാപ്രശ്നങ്ങളും ഇരട്ടിയായി. ‘ഗോ ഫസ്റ്റ്’ വിമാനം നിർത്തലാക്കിയിട്ട് രണ്ടു വർഷം പിന്നിട്ടിട്ടും വിമാനയാത്രക്ക് മുൻകൂട്ടി ടിക്കറ്റ് എടുത്ത നിരവധി പേർക്ക് ഇനിയും തുക തിരികെ ലഭിച്ചിട്ടുമില്ല ഇപ്പോൾ എയർ ഇന്ത്യ എക്സ്പ്രസും പരോക്ഷമായി അതെ പാത പിന്തുടരുകയാണ്.
കേന്ദ്ര കേരള സർക്കാരുകൾ ഇടപെട്ടു കൊണ്ട് കണ്ണൂർ വിമാനത്താവളത്തിന് അടിയന്തിരമായി
പോയിന്റ് ഓഫ് കാൾ പദവി
നൽകണമെന്ന് കണ്ണൂർ ഇന്റർനാഷണൽ എയർപോർട്ട് ഗ്ലോബൽ പാസ്സഞ്ചേഴ്സ് അസോസിയേഷൻ ചെയർമാൻ എം പീ സലീം ആവശ്യപ്പെട്ടു, ബന്ധപ്പെട്ട കേന്ദ്ര കേരള മന്ത്രാലയങ്ങൾക്കും തുടർ നിവേദനം സമർപ്പിക്കുകയും ചെയ്തുവെന്നും പത്രക്കുറിപ്പിൽ പറഞ്ഞു.
![]()
