അത്യാസന്ന നിലയിലായ രോഗിയുമായി മെഡിക്കൽ കോളേജിലേക്ക് പോകുന്ന ആംബുലൻസ്, തൃശൂർ അശ്വിനി ജംഗ്ഷനിലെ ഗതാഗതക്കുരുക്കിൽ പെട്ടത് കണ്ട് റോഡിലൂടെ ഓടി ആംബുലൻസിന് വഴിയൊരുക്കിയ തൃശൂർ സിറ്റി വനിത പോലീസ് സ്റ്റേഷനിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ അപർണ്ണ ലവകുമാറിനെ, ഇൻകാസ് ദുബൈ തൃശൂർ ജില്ലാ കമ്മിറ്റി ആദരിച്ചു. കിലോമീറ്ററുകളോളം നീണ്ട ഗതാഗതക്കുരുക്കിനിടയിലൂടെ ആംബുലൻസിന് വഴിയൊരുക്കാൻ ഓടി പരിശ്രമിക്കുന്ന അപർണ്ണയുടെ വീഡിയോ ആംബുലൻസ് ജീവനക്കാരൻ പകർത്തി സോഷ്യൽ മീഡിയയിലൂടെ പങ്കു വെച്ചിരുന്നു.
ഇൻകാസ് ദുബൈ തൃശൂർ ജില്ലാ പ്രസിഡന്റ് ഫിറോസ് മുഹമ്മദാലി ആദരവ് കൈമാറി. അത്യാസന്ന നിലയിലായിരുന്ന ഒരു രോഗിയുടെ ജീവൻ ഓടി രക്ഷിച്ച അപർണ്ണ, മനുഷ്യത്വത്തിന്റെ മഹനീയ മാതൃക കൂടിയാണെന്ന് അദ്ദേഹം പറഞ്ഞു. ചികിത്സക്കിടെ മരിച്ച സ്ത്രീയുടെ മൃതദേഹം വിട്ടുകിട്ടാൻ വിഷമിച്ച വീട്ടുകാർക്ക് സ്വന്തം വള ഊരി നൽകിയും, ക്യാൻസർ രോഗികൾക്കായി മുടി മുറിച്ച് നൽകിയും സഹജീവി സ്നേഹത്തിന്റെ ഉദാത്ത മാതൃക കാണിച്ചു തന്ന അപർണ്ണയുടെ പ്രവർത്തനങ്ങൾ അഭിനന്ദനാർഹമാണെന്നും അദ്ദേഹം പറഞ്ഞു.
തൃശൂർ ഡി സി സി ജനറൽ സെക്രട്ടറി രവി ജോസ് താണിക്കൽ പൊന്നാട അണിയിച്ചു. ഇൻകാസ് ദുബൈ തൃശൂർ ജില്ലാ വർക്കിംഗ് പ്രസിഡന്റ് ആന്റോ അബ്രഹാം, ഒല്ലൂർ മണ്ഡലം പ്രസിഡണ്ട് റനീഷ് തോമസ്, ജീവകാരുണ്യ പ്രവർത്തകരായ അബ്ദുൽ ജബ്ബാർ, റഫീക്ക് മജീദ്, നൗഷാദ് കുട്ടമുഖം, അനിത് വാലത്ത് തുടങ്ങിയവർ സംബന്ധിച്ചു.
![]()
