മലേഷ്യ : ലോക മുസ്ലിം പണ്ഡിതർക്കുള്ള പരമോന്നത മലേഷ്യൻ ബഹുമതിയായ ഹിജ്റ പുരസ്കാരം ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്ലിയാർക്ക് സമ്മാനിച്ചു.ലോകസമാധാനത്തിനും സൗഹാർദ്ദത്തിനുമായി പ്രവർത്തിക്കുന്ന ആഗോള പ്രശസ്തരായ മുസ്ലിം പണ്ഡിതർക്കാണ് 2008 മുതൽ എല്ലാ ഹിജ്റ വർഷാരംഭത്തിലും മലേഷ്യൻ സർക്കാർ സമ്മാനിക്കുന്ന അവാർഡാണിത്.
ക്വാലാലംപൂർ വേൾഡ് ട്രേഡ് സെന്ററിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മലേഷ്യൻ രാജാവ് അൽ-സുൽത്താൻ അബ്ദുല്ല സുൽത്താൻ അഹമ്മദ് ഷായാണ് അവാർഡ് സമ്മാനിച്ചത്.
പ്രധാനമന്ത്രി അൻവർ ഇബ്രാഹീം, മതകാര്യ വകുപ്പ് മന്ത്രി ഡോ. മുഹമ്മദ് നാഹിം ബിൻ മുക്താർ, രാജകുടുംബാംഗങ്ങൾ, പൗരപ്രമുഖർ തുടങ്ങിയവരുടെ സാന്നിധ്യത്തിലായിരുന്നു പുരസ്കാര ദാനം.
സ്വദേശത്തും വിദേശത്തും ഇസ്ലാമിന്റെ സ്നേഹസന്ദേശം പ്രചരിപ്പിക്കുന്നതിലും വിവിധ മതസ്ഥർക്കിടയിൽ സൗഹാർദ്ദം ഊട്ടിയുറപ്പിക്കുന്നതിലും അർപ്പിച്ച അമൂല്യമായ സംഭാവനകൾ പരിഗണിച്ചാണ് കാന്തപുരത്തെ അവാർഡിന് തിരഞ്ഞെടുത്തതെന്ന് മലേഷ്യൻ ഇസ്ലാമിക വികസന മന്ത്രാലയം അറിയിച്ചു.
![]()
