ദോഹ: ഖത്തറില്‍നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് 6 പേർക്ക് ദാരുണന്ത്യം. മൂന്നു സ്ത്രീകളുള്‍പ്പടെ 5 പേർ മലയാളികൾ ആണ് എന്ന് തിരിച്ചറിഞ്ഞു. പാലക്കാട് കോങ്ങാട് മണ്ണൂര്‍ പുത്തന്‍പുര രാധാകൃഷ്ണന്റെ മകള്‍ റിയ ആന്‍ (41), മകള്‍ ടൈറ (എട്ട്), തൃശൂര്‍ സ്വദേശികളായ ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), മകള്‍ റൂഹി മെഹ്റിന് (ഒന്നര മാസം), തിരുവല്ല സ്വദേശിനിയായ ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്. മരണമടഞ്ഞ മറ്റൊരാളെക്കുറിച്ചുള്ള വിവരങ്ങള്‍ ലഭ്യമല്ല.
സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലെ ഗിചാക്കയില്‍ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്കു മറിയുകയായിരുന്നു. 27 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇതില്‍ മൂന്നുപേരുടെ നില ഗുരുതരമായി തുടരുന്നു. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്കു മാറ്റും.
14 മലയാളികളും കര്‍ണാടക, ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ടെന്നാണു വിവരം. മൂന്നു ടൂറിസ്റ്റ് ഗൈഡുകളും ഡ്രൈവറുമടക്കം 32 പേരാണ് വാഹനത്തിലുണ്ടായിരുന്നതെന്നാണ് സൂചന.
ആശുപത്രിയില്‍ പ്രവേശിക്കപ്പെട്ടവര്‍ക്ക് സഹായങ്ങളുമായി കെനിയയിലെ കേരള അസോസിയേഷന് പ്രവര്‍ത്തകര്‍ രംഗത്തുണ്ട്. രാവിലെയോടെ ഖത്തറില്‍ നിന്നും ട്രാവല്‍ ഏജന്‍സി പ്രതിനിധികളും സ്ഥലത്തെത്തിയിട്ടുണ്ട്. നയ്റോബിയില്‍ നിന്നും 200ഓളം കിലോമീറ്റര്‍ ദൂരെയായാണ് അപകടം നടന്നത്.
![]()
